മെൽബൺ: വിദേശ വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് വാഗ്ദാനവുമായി ഓസ്‌ട്രേലിയൻ, ന്യൂസിലാൻ യൂണിവേഴ്‌സിറ്റികൾ രംഗത്തെത്തി. ഓസ്‌ട്രേലിയയിലെ മൊനാഷ് യൂണിവേഴ്‌സിറ്റി വിദേശ വിദ്യാർത്ഥികൾക്കായി 31 മെരിറ്റ് സ്‌കോളർഷിപ്പുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഫുൾടൈം പോസ്റ്റ് ഗ്രാജ്വേറ്റ് വിദ്യാർത്ഥികൾക്കും അണ്ടർ ഗ്രാജ്വേറ്റ് ഡിഗ്രി വിദ്യാർത്ഥികൾക്കും ഉള്ളതാണ് സ്‌കോളർഷിപ്പ്. അപേക്ഷകർ തങ്ങളെക്കുറിച്ച് 500 വാക്കിൽ കവിയാതെ അപേക്ഷ തയാറാക്കി നൽകണം. മൊനാഷ് യൂണിവേഴ്‌സിറ്റി അംബാസിഡർക്കാണ് അപേക്ഷ നൽകേണ്ടത്. തുടക്കക്കാർക്കാണ് ഇതിൽ മുൻഗണന നൽകുക.

50000 ഡോളറിന്റെ സ്‌കോളർഷിപ്പാണ് നൽകുന്നത്. ഏകദേശം 33.6ലക്ഷം രൂപ വരുമിത്. അഞ്ച് വർഷത്തേക്കാണ് നൽകുക. 48 ക്രെഡിറ്റ് പോയിന്റുകളുള്ള ഫുൾടൈം സ്റ്റഡി പ്രോഗ്രാമിന് പതിനായിരം ഡോളർ അതായത് 6.7ലക്ഷം രൂപയുടെ സ്‌കോളർഷിപ്പും ഓരോ വർഷവും നൽകും. ബിരുദം പൂർത്തിയാക്കുന്നതുവരെയാകും ഇത് ലഭിക്കുക.

വെല്ലിങ്ടണിലെ വിക്ടോറിയ യൂണിവേഴ്‌സിറ്റി വിദേശ വിദ്യാർത്ഥികൾക്കായി 35 ഡോക്ടറൽ സ്‌കോളർഷിപ്പാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. പിഎച്ച്ഡി, ഡോക്ടറൽ കോഴ്‌സുകളിലുള്ളവർക്ക് ഇതിന് അർഹത നേടാം. പ്രതിവർഷം 23,500 ഡോളർ ആണ് സ്‌കോളർഷിപ്പ് തുക. അതായത് 15.8 ലക്ഷം രൂപ. മൂന്നു വർഷത്തേക്കാണ് സ്‌കോളർഷിപ്പ് അനുവദിക്കുക. സ്‌കോളർഷിപ്പിന് അപേക്ഷിക്കാനുള്ള അവസാന തിയതി ജൂലൈ ഒന്നാണ്.
അക്കാഡമിക് മെരിറ്റിന്റെ അടിസ്ഥാനത്തിലാണ് സ്‌കോളർഷിപ്പ് അനുവദിക്കുക. ഏതു വിഷയത്തിൽ ഗവേഷണം നടത്തുന്നിനും സ്‌കോളർഷിപ്പ് നൽകും. വിക്ടോറിയയിൽ പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾ  അപേക്ഷയോടൊപ്പം മറ്റു ഇൻസ്റ്റിറ്റിയൂഷനുകളിൽ പഠിച്ചിട്ടുണ്ടെങ്കിൽ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫൈ ചെയ്ത കോപ്പികൾ നൽകിയിരിക്കണം. ന്യൂസിലാൻഡിനു പുറത്ത് യൂണിവേഴ്‌സിറ്റി ഡിഗ്രി പൂർത്തിയാക്കിയിട്ടുള്ളവരെ രണ്ടു കാറ്റഗറികളാണ് പരിഗണിക്കുക.

കാറ്റഗറി ഒന്ന്: യുഎസ്, യുകെ, കാനഡ, ഓസ്‌ട്രേലിയ, ജർമനി, അയർലണ്ട് എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ യൂണിവേഴ്‌സിറ്റി ബിരുദത്തിന്റെ സർട്ടിഫൈഡ് കോപ്പിയോ ഒറിജനൽ കോപ്പിയോ സമർപ്പിച്ചിരിക്കണം.

കാറ്റഗറി രണ്ട്: മറ്റു രാജ്യങ്ങളിൽ നിന്നുള്ളവർ തങ്ങളുടെ ഓരോ കോഴ്‌സുകളുടേയും പ്രത്യേകം പ്രത്യേകം സർട്ടിഫിക്കറ്റുകൾ എഡ്യൂക്കേഷൻ ഇവാലുവേറ്റേഴ്‌സിനെ കൊണ്ട് പരിശോധിപ്പിച്ചിരിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതിക്കു ശേഷം ആറു മാസം പൂർത്തിയായലുടൻ തന്നെ സ്‌കോളർഷിപ്പുകൾ ലഭിച്ചു തുടങ്ങും.