- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രാൻസ്ജെൻഡർ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ്; ആറു ലക്ഷം രൂപ അനുവദിച്ചു
തിരുവനന്തപുരം: ട്രാൻസ്ജെൻഡർ വിദ്യാർത്ഥികൾക്ക് നടപ്പു സാമ്പത്തിക വർഷം സ്കോളർഷിപ്പ് നൽകുന്നതിന് 6 ലക്ഷം രൂപ സാമൂഹ്യനീതി വകുപ്പ് അനുവദിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. സമൂഹത്തിലെ പാർശ്വവത്ക്കരിക്കപ്പെട്ടവരും പൊതുവിൽ ഒറ്റപ്പെട്ട് കഴിയുന്നവരുമായ ട്രാൻസ്ജെൻഡർ വിഭാഗത്തെ സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കുന്നതിന്റെ ഭാഗമായാണ് സംസ്ഥാനത്തെ സർക്കാർ, സർക്കാർ എയ്ഡഡ്, സെൽഫ് ഫിനാൻസിങ് വിദ്യാലയങ്ങളിൽ ഏഴാം ക്ലാസ് മുതൽ പഠിക്കുന്ന ട്രാൻസ്ജെൻഡർ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് പദ്ധതി ആവിഷ്ക്കരിച്ചത്. 7 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന ട്രാൻസ്ജെൻഡർ വിദ്യാർത്ഥികൾക്ക് 10 മാസക്കാലത്തേയ്ക്ക് പ്രതിമാസം 1000 രൂപയും പ്ലസ് വൺ മുതൽ പ്ലസ് ടു വരെ ക്ലാസുകളിൽ പഠിക്കുന്ന ട്രാൻസ്ജെൻഡർ വിദ്യാർത്ഥികൾക്ക് 10 മാസക്കാലത്തേയ്ക്ക് പ്രതിമാസം 1500 രൂപയും ഡിപ്ലോമ, ഡിഗ്രി, പ്രൊഫഷണൽ കോഴ്സ്, പിജി ക്ലാസുകളിൽ പഠിക്കുന്ന ട്രാൻസ്ജെൻഡർ വിദ്യാർത്ഥികൾക്ക് 10 മാസക്കാലത്തേയ്ക്ക് പ്രതിമാസം 2000 രൂപയുമാണ് സ്കോളർഷിപ്പ് അനുവദിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കി വരുന്ന വിവിധ ട്രാൻസ്ജെൻഡർ ക്ഷേമ പ്രവർത്തനങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് അവരുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ടു നടപ്പിലാക്കി വരുന്ന സ്കോളർഷിപ്പ് പദ്ധതി. വിദ്യാഭ്യാസപരമായി വളരെയധികം പിന്നാക്കം നിൽകുന്ന വിഭാഗമെന്ന നിലയിൽ ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് ഈ മേഖലയിൽ കൂടുതൽ പരിഗണന നൽകേണ്ടതിന്റെ ആവശ്യകത വിലയിരുത്തിയിരുന്നു. കൂടാതെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും അടിസ്ഥാന വിദ്യാഭ്യാസം പോലും പൂർത്തിയാക്കാൻ സാധിക്കാതെ 58 ശതമാനം ട്രാൻസ്ജെൻഡർ വിദ്യാർത്ഥികൾ കൊഴിഞ്ഞു പോകുന്നുവെന്ന് സർവേയിൽ കണ്ടെത്തിയിരുന്നു. തുടർന്ന് നടപ്പിലാക്കിയ സ്കോളർഷിപ്പ് പദ്ധതി വിജയം കണ്ടതിനെ തുടർന്നാണ് ഈ വർഷവും തുടരാൻ തീരുമാനിച്ചത്.
മറുനാടന് ഡെസ്ക്