ചെന്നൈ: തമിഴ്‌നാട്ടിൽ കോവിഡ് ലോക്ഡൗണിനെ തുടർന്ന് അടച്ച സ്‌കൂളുകൾ നവംബർ 16-ന് തുറക്കാനുള്ള തീരുമാനം സംസ്ഥാന സർക്കാർ പിൻവലിച്ചു. 9-12 ക്ലാസുകളും കോളജ്, ഗവേഷണ കേന്ദ്രങ്ങൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആദ്യഘട്ടത്തിൽ തുറക്കുമെന്നാണു മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി അറിയിച്ചിരുന്നത്.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഡിസംബറിനു ശേഷം തുറന്നാൽ മതിയെന്നതു പരിഗണിക്കണമെന്ന് സർക്കാരിനോടു മദ്രാസ് ഹൈക്കോടതി ആവശ്യപ്പെട്ടുകയായിരുന്നു. ചീഫ് ജസ്റ്റിസ് അടക്കമുള്ളവർക്കു രോഗം ബാധിച്ചിരിക്കുകയാണെന്നും സ്‌കൂൾ തുറക്കുന്നതു നീട്ടുകയാണ് ഉചിതമെന്നും കോടതി നിരീക്ഷിച്ചിരുന്നു.

കോവിഡ് നിയന്ത്രണത്തിലാകാതെ സ്‌കൂൾ തുറന്നാൽ രണ്ടാം വ്യാപനത്തിന് ഇടയാക്കുമെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതര സംസ്ഥാന വിദ്യാർത്ഥികളും, വിവിധ ജില്ലകളിൽ നിന്നുള്ളവരും തമിഴ്‌നാട്ടിലെ കോളജുകളിൽ പഠിക്കുന്നുണ്ട്. രോഗം പടർന്നാൽ സംസ്ഥാനത്തും ഇതര സംസ്ഥാനങ്ങളിലേക്കും രോഗം വ്യാപിക്കുമെന്നായിരുന്നു ആശങ്ക.