- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ദുരാചാരവും കൊണ്ടു വന്നാൽ പിള്ളേര് പറപ്പിക്കും'! അടുത്ത അധ്യയന വർഷം മുതൽ ഒരേ വിദ്യാലയത്തിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രവേശനം അനുവദിക്കണമെന്ന ബാലാവകാശ കമ്മിഷന്റെ ഉത്തരവ് കാലം മാറുന്നതറിയാത്തവർക്കായുള്ള താക്കീത്; ശിവൻകുട്ടിക്കും വോട്ട് ബാങ്ക് ഭയമോ? സ്കൂളുകളിൽ ഒന്നിച്ചിരുന്നുള്ള പഠിത്തം അട്ടിമറിക്കപ്പെടുമോ?
കൊച്ചി: നവോത്ഥാനത്തിന്റെ വിളഭൂമിയായി, രാജ്യത്തിന് മാതൃകയായ പല നിയമങ്ങളും പദ്ധതികളും മാനുഷിക ഉന്നമനം ലക്ഷ്യമാക്കി നടപ്പാക്കിയ കേരളത്തിൽ എന്തുകൊണ്ടു ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒന്നിച്ചിരുന്നു പഠിക്കാനുള്ള സൗകര്യം ഉണ്ടാവുന്നില്ലെന്ന പൊതുസമൂഹത്തിന്റെ നന്മ ആഗ്രഹിക്കുന്നവരുടെ കാലങ്ങളായുള്ള ചോദ്യത്തിന് ഇതാ ഉത്തരമായിരിക്കുന്നു. സംസ്ഥാന ബാലാവകാശ കമ്മിഷനാണ് ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരേ വിദ്യാലയത്തിൽ ഒരേ ക്ലാസിലിരുത്തി പഠിപ്പിക്കണമെന്ന ഉത്തവുമായി രംഗത്ത് എത്തിയിരിക്കുന്നത്.
എന്നാൽ ഒരു ദിവസം കൊണ്ട് മുഴുവൻ സ്‌കൂളും മിക്‌സഡാക്കാനാകില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രതികരിച്ചു. 18 സ്‌കൂളുകൾ മിക്‌സഡ് സ്‌കൂൾ ആക്കി. അടുത്ത അധ്യയന വർഷം മിക്‌സഡ് ആക്കുക അപ്രായോഗികമാണ് എന്നും മന്ത്രി അഭിപ്രായപ്പെട്ടു. സാഹചര്യങ്ങൾ പരിശോധിച്ച ശേഷമേ നടപടി എടുക്കാനാകൂ. സ്‌കൂളുകൾ മിക്‌സഡ് സംവിധാനത്തിലേക്ക് മാറ്റാൻ തദ്ദേശ സ്ഥാപനങ്ങളുടേയും പിടിഎയുടേയും അനുമതി വേണം. ബാലാവകാശ കമ്മീഷൻ ഉത്തരവ് ഹൈക്കോടതി ഉത്തരവൊന്നും അല്ലല്ലോ എന്നും ശിവൻകുട്ടി പ്രതികരിച്ചു കഴിഞ്ഞു. ഇതോടെ സർക്കാരിന് ഈ വിഷയത്തിൽ ആത്മാർത്ഥ കുറവുണ്ടോ എന്ന സംശയം ഉയരുന്നു. തിരുവനന്തപുരം എഞ്ചിനിയറിങ് കോളേജിൽ ബസ് സ്‌റ്റോപ്പിലെ ബഞ്ച് വിവാദത്തിൽ ശിവൻകുട്ടി പുരോഗമനപരമായി പ്രതികരിച്ചിരുന്നു. എന്നാൽ ബാലവകാശ കമ്മീഷനെ പരിഹസിക്കുകയും ചെയ്യുന്നുവെന്നതാണ് വസ്തുത.
യൂറോപ്പിലെയും അമേരിക്കയിലെയുമെല്ലാം വിദ്യാലയങ്ങളിൽ ആണെന്നോ, പെണ്ണെന്നോ, ട്രാൻസ്ജെന്റെറെന്നോ വേർതിരിവില്ലാതെ ഒരേ ബെഞ്ചിലിരുന്ന് കുട്ടികൾ പഠിച്ചു വളരുമ്പോൾ കനത്ത മതിൽക്കെട്ടിനകത്തുള്ള ക്രിസ്ത്യൻ മാനേജുമെന്റിന് കീഴിലെ വിദ്യാലയങ്ങളും പെണ്ണെല്ലാത്ത ഒന്നിനെയും അകത്തേക്കു കയറ്റിവിടാത്ത മുസ് ലിം മാനേജ്മെന്റിന് കീഴിലുള്ള വിദ്യാലയങ്ങളുമെല്ലാം അവയുടെ കവാടങ്ങൾ ആൺകുട്ടികൾക്കായി തുറക്കേണ്ടി വരുമെന്നത് ചെറിയ വിപ്ലവത്തിനല്ല കേരളത്തിൽ സാക്ഷിയാവുക. പക്ഷേ ഇക്കാര്യത്തിൽ സിപിഎമ്മിനും എൽ.ഡി.എഫിനും സമാന നിലപാടാണെങ്കിലും വഖഫ് നിയമം പി.എസ്.സിക്കു വിടുകയെന്ന മുസ് ലിം സമുദായ നന്മ ലാക്കാക്കിയുള്ള തീരുമാനത്തിൽനിന്നു സമസ്ത ഉൾപ്പെടെയുള്ളവയുടെ സമ്മർദ്ദത്തിന് വിധേയമായി പിൻവാങ്ങിയ പിണറായി സർക്കാർ ഇക്കാര്യത്തിൽ എന്തു തീരുമാനമാണ് കൈക്കൊള്ളുകയെന്നു കാത്തിരുന്നു കാണേണ്ടതുണ്ട്. ഇതിനിടെയാണ് ശിവൻകുട്ടിയുടെ വാക്കുകൾ എത്തുന്നത്.
സിഇടി കോളേജിന് സമീപമുള്ള ബസ് സ്റ്റോപ്പിലെ ഇരിപ്പിടങ്ങൾ പൊളിച്ച സംഭവത്തിൽ വിദ്യാർത്ഥികളെ പിന്തുണച്ച് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി രംഗത്ത് എത്തിയിരുന്നു. 'ദുരാചാരവും കൊണ്ടു വന്നാൽ പിള്ളേര് പറപ്പിക്കും.' തിരുവനന്തപുരം സിഇടി വിദ്യാർത്ഥികൾക്ക് അഭിവാദ്യങ്ങൾ എന്നാണ് അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചത്. ഈ പുരോഗമനപരമായ പോസ്റ്റിന് പിന്നാലെയാണ് മന്ത്രി സ്‌കൂൾ വിഷയത്തിൽ കരുതലോടെ പ്രതികരിക്കുന്നത്. വോട്ട് ബാങ്ക് രാഷ്ട്രീയത്തെ ഭയന്നാണ് ഇതെന്ന നിഗമനം ശക്തമാണ്.
ഭൂപരിഷ്‌ക്കരണ നിയമംപോലെയും സമാനമായ നവോത്ഥാന നീക്കങ്ങൾപോലെയും സുപ്രധാനമായ ബാലാവകാശ കമ്മിഷൻ ഉത്തരവ് നടപ്പാക്കുന്ന സാഹചര്യമുണ്ടായാൽ പണ്ട് ശരീഅത്ത് പറഞ്ഞ് തെരുവിലിറങ്ങിയവരും അവരെ പിന്തുണക്കുന്നവരും തങ്ങളുടെ പെൺമക്കളെ ആണിന്റെ ചൂരില്ലാത്ത വിദ്യാലയങ്ങൾ തേടി കേരളത്തിന്റെ പുറത്തേക്കു കൊണ്ടുപോകുമോയെന്നാണ് ഇനി അറിയേണ്ടത്. പ്രായപൂർത്തിയാവും മുൻപേ പെണ്ണിനെ കെട്ടിച്ചുവിടണമെന്ന കാര്യത്തിൽ അത് പതിനാലോ, പതിനഞ്ചൊ ആയാലും കുഴപ്പമില്ലെന്നു ധിരിച്ചിരിക്കുന്നവർക്ക് പകൽവെട്ടത്തിൽ പത്തും അൻപതും വിദ്യാർത്ഥികൾ പഠിക്കുന്ന ക്ലാസ് മുറികളിൽ ആണും പെണ്ണും ഒന്നിച്ചിരുന്നു പഠിച്ചാൽ ആകാശമിടിഞ്ഞു വീഴുമെന്ന ചിന്തയാണ്.
തങ്ങളുടെ മക്കളിലേക്കു സ്വന്തം മതശാസനകളല്ലാത്ത പൊതുവായുള്ള അറിവിന്റെ യാതൊരു കാറ്റും വെളിച്ചവും ഒരിക്കലും കടന്നുവരരുതെന്നു ശാഠിക്കുന്ന ഒരു വിഭാഗമാണ് ഇതിന് പിന്നിലെന്നു പറയേണ്ടി വരും. മതമില്ലാത്ത ജീവനെന്ന ഒരു പാഠഭാഗം രാഷ്ട്രീയ പാർട്ടികളുടെ നേതാക്കന്മാരെ മുട്ടിടുപ്പിച്ച് നിർത്തി നീക്കംചെയ്ത അവസ്ഥ ഈ അവസരത്തിൽ മറന്നുകൂടാ. മിക്സഡ് സ്‌കൂൾ എന്ന ഒരിക്കലും ഇത്തരക്കാർക്ക് അംഗീകരിക്കാൻ സാധിക്കാത്ത ആശയത്തെ ഈ വിഭാഗങ്ങൾ എങ്ങനെയാവും പ്രതിരോധിക്കാൻ ശ്രമിക്കുകയെന്നതും കാത്തിരുന്നു കാണേണ്ടതുതന്നെയാണ്.
കേരളത്തിലെ മുസ്ലിം സമൂഹത്തിൽ ഭൂരിഭാഗത്തിന്റെയും അട്ടിപ്പേറവകാശം തങ്ങൾക്കാണെന്നു അവകാശപ്പെടുന്ന സമസ്തയുടെ അധ്യക്ഷൻ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ സമ്മാനം വാങ്ങാനായി സ്റ്റേജിലെത്തിയ പെൺകുട്ടിയെ ഇറക്കിവിടാൻ ആവശ്യപ്പെട്ടതിന്റെ ഞെട്ടൽ മാറുന്നതിന് മുൻപാണ് ഇത്തരത്തിൽ ഒരു വാർത്ത നമുക്കിടയിലേക്കു എത്തിയിരിക്കുന്നത്. സമസ്തയായാലും പുരോഗമനം പറയുന്ന ഇതര മുസ് ലിം സംഘടനകളായാലും പള്ളിയും പട്ടാക്കാരുമായാലുമെല്ലാം സ്ത്രീയുടെ ഉന്നമനത്തിന് ഉതകുന്ന പല പദ്ധതികൾക്കും പാരവെച്ചിട്ടുണ്ടെന്നതാണ് കേരളത്തിന്റെ സാംസ്‌കാരിക ചരിത്രം പരിശോധിച്ചാൽ ബോധ്യപ്പെടുക.
സ്ത്രീയെന്നത് വീടിന്റെ അകത്തളങ്ങളിൽ ഒതുങ്ങേണ്ടവളാണ്. ഒറ്റക്ക് പുറത്തിറങ്ങുന്ന സ്ത്രീയെ പ്രലോഭിപ്പിക്കാൻ ചെകുത്താൻ ഒപ്പകൂടുമെന്നെല്ലാം പഠിപ്പിക്കുകയും വിശ്വസിപ്പിക്കുകയും ചെയ്യുന്ന മതപാഠശാലകളും പ്രഭാഷണത്തിലൂടെ പ്രഭുദ്ധരാക്കുകയും ചെയ്യുന്ന സമൂഹത്തിൽ ആകാശം ഇടിഞ്ഞുവീഴൽ തന്നെയാവും അടുത്ത വർഷം ആൺകുട്ടികളും പെൺകുട്ടികളും ഒരേ ക്ലാസിൽ ഇരുന്നു പഠിക്കുന്ന സഹവിദ്യാഭ്യാസം നടപ്പായാൽ സംഭവിക്കുക.
പെൺകുട്ടിക്ക് ഉസ്താദുമാരുള്ള സദസ്സിലേക്കു വരാൻ ലജ്ജകൊണ്ട് ബുദ്ധിമുട്ടുണ്ടാവുമെന്നു കരുതി ആ കുട്ടിക്കുണ്ടാവുന്ന പ്രയാസം ദൂരീകരിക്കാനാണ് വേദിയിലേക്കു വരേണ്ടെന്നു സമസ്ത അധ്യക്ഷൻ പറയാൻ കാരണമെന്ന വിചിത്രമായ ന്യായമായിരുന്നു സമസ്ത നേതാക്കൾ പശു ചത്ത് മോരിന്റെ പുളിയും പോയശേഷം നടത്തിയ പ്രതികരണത്തിൽ സ്വീകരിച്ചത്.
സംഭവം കേരളത്തിൽ അങ്ങോളമിങ്ങോളം ചർച്ചയായപ്പോൾ പല മുഖ്യധാരാ പാർട്ടി നേതൃത്വവും കരുതലോടുകൂടിയ മൗനംപാലിച്ചതും നാം കണ്ടതാണ്. വലിയ വിവാദമായപ്പോൾ ആ ദിനങ്ങളിൽ പ്രതികരിക്കാൻപോലും ഒരൊറ്റ സമസ്ത നേതാവിനെും ഒരിടത്തും കാണാത്ത സ്ഥിതിയായിരുന്നു. സ്ത്രീ വിഷയത്തിൽ എന്നും പിന്തിരിപ്പൻ നിലപാട് സ്വീകരിക്കുന്ന സമസ്ത നേതൃത്വത്തിൽനിന്നുണ്ടായ പെൺകുട്ടി വേദിയിൽ കേറിയതിനോടുള്ള സമീപനത്തിൽ ഇത്തരം സംഘടനകളുടെ തനിനിറം അറിയുന്നവർക്ക് യാതൊരു അത്ഭുതവും ഉണ്ടായില്ലെന്നതും ശ്രദ്ധേയം. ദിവസങ്ങൾ കഴിഞ്ഞാണ് സംസ്ഥാന അധ്യക്ഷൻ പ്രതികരിച്ചത്. സ്ത്രീ വിദ്യാഭ്യാസത്തിനായി ഏറെ കാര്യങ്ങൾ ചെയ്യുന്ന സംഘടനയാണ് തങ്ങളുടേതെന്നു പറയാനും സമസ്ത നേതാക്കൾ നേരം കണ്ടെത്തിയിരുന്നു. എന്നാൽ ഇവരുടെ കീഴിൽ പ്രവർത്തിക്കുന്ന പെൺകുട്ടികൾക്കായുള്ള വിദ്യാഭ്യാസ സ്ഥാപങ്ങൾ ഏതു രീതിയിലാണ് കാലത്തിന്റെ മുന്നേറ്റത്തിന് എതിരേ പ്രതികരിക്കുന്നതെന്നും നാം നോക്കേണ്ടതുണ്ട്.
എന്തു പ്രതികരിക്കുമെന്ന് വ്യക്തതയില്ലാത്തതിനാലും കാലം മാറുന്ന കാറ്റിന് എതിർനിൽക്കാനാവില്ലെന്നു തിരിച്ചറിഞ്ഞുമായിരുന്നു ഈ നീക്കം. സമസ്തയെ തല്ലാൻ ഒരു വടികിട്ടിയെന്നു കരുതി അടിച്ചുകൊണ്ടേയിരിക്കരുതെന്ന പ്രതികരണവുമായി വികാരാധീനനായി മുസ് ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി രംഗത്തെത്തിയതും നാം കണ്ടതാണ്.
സാമൂഹിക ഇടപെടലിന്റെ ബാലപാഠങ്ങൾ ആർജിക്കുന്നതിന് വേറിട്ട ആൺ, പെൺ വിദ്യാലയങ്ങൾ മിക്‌സഡ് സ്‌കൂളുകളായി മാറേണ്ടത് അനിവാര്യമാണെന്നു 2009 ലെ സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ സംസ്ഥാനതല നിർവഹണ ഉദ്യോഗസ്ഥരുടെ കൂടിയാലോചനാ യോഗത്തിൽ ആമുഖ പ്രഭാഷണം നടത്തവേ കഴിഞ്ഞ മേയിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർപേഴ്‌സൺ കെ.വി മനോജ് കുമാർ പറഞ്ഞിരുന്നു. ഇന്നലെയാണ് ഈ വിഷയത്തിൽ പരിഗണിച്ച പൊതുതാൽപര്യ ഹർജിയിൽ മിക്സഡ് സ്‌കൂൾ അടുത്ത വർഷം ആരംഭിക്കണമെന്നു കമ്മിഷൻ സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ വിഷയത്തിൽ സമുദായ നേതാക്കളെ കാണുമ്പോൾ മുട്ടുവിറക്കുന്ന നമ്മുടെ സർക്കാർ എന്തു തീരുമാനിക്കുമെന്നു കാത്തിരുന്നു കാണാം.
മറുനാടന് മലയാളി ബ്യൂറോ