കുവൈത്ത് ഇന്ത്യൻ കമ്മ്യൂണിറ്റി സ്‌കൂൾ ഭരണസമിതിയിലെ എല്ലാ അംഗങ്ങൾക്കും സ്‌പോൺസർ വിലക്കേർപ്പെടുത്തി. സ്‌കൂളിന്റെ പ്രവർത്തനത്തെ വിലക്ക് പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്.

സ്‌കൂളിന്റെ നടത്തിപ്പു സംബന്ധിച്ച് ബോർഡ് ഓഫ് ട്രസ്റ്റീസും സ്പോൺസറും തമ്മിലുള്ള ഭിന്നത കോടതിയിലേക്ക് നീങ്ങിയതോടെയാണ് സ്‌കൂളിന്റെ പ്രവർത്തനം അനിശ്ചിതത്വത്തിലായത്. 7,000 ത്തിലേറെ വിദ്യാർത്ഥികൾ പഠിക്കുന്ന സ്‌കൂളാണിത്.

നിലവിലെ ഭരണ സമിതിയെ പിരിച്ചു വിട്ടതായും സ്‌കൂളിന്റെ ഉടമസ്ഥാവകാശം തനിക്കാണെന്നുമുള്ള ഇടക്കാല കോടതി ഉത്തരവ് സ്പോൺസർ സമ്പാദിച്ചതോടെയാണ് ഭരണ സമിതി അംഗങ്ങൾക്ക് സ്‌കൂളിൽ പ്രവേശിക്കാൻ കഴിയാതായത്. ഭരണ സമിതിക്കെതിരെ ബോർഡിലെ ചില അംഗങ്ങളിൽ നിന്നും സമൂഹത്തിൽ നിന്നും പരാതികൾ ഉയർന്നതിനെ തുടർന്നാണ് സ്‌പോൺസർ കോടതിയെ സമീപിച്ചത്.

എന്നാൽ പുതിയ സ്‌കൂൾ കെട്ടിടം നിർമ്മിക്കാൻ കുവൈത്ത് സർക്കാർ മഹ്ബൂലയിൽ അനുവദിച്ച സ്ഥലത്തിന്റെ ഉടമസ്ഥാവകാശത്തെ ചൊല്ലിയുള്ള തർക്കമാണ് സ്പോൺസറുടെ നീക്കങ്ങൾക്കുപിറകിൽ എന്നാണ് ഭരണസമിതി അംഗങ്ങൾ പറയുന്നത്. നിലവിലെ കോടതി ഉത്തരവ് വക്കീൽ നോട്ടീസ് മാത്രമാണെന്നും ഇതിനെതിരെ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ഭരണ സമിതി അംഗങ്ങൾ വ്യക്തമാക്കി.