വിദ്യാലയത്തിന്റെ മുഴുവൻ വിവരങ്ങളും ലഭ്യമാവുന്ന ഓൺലൈൻ സംവിധാനം വികസിപ്പിച്ചു. വിദ്യാലയവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഇനി വെബ്ബ്‌സൈറ്റിലൂടെ രക്ഷിതാക്കൾക്ക് അറിയാൻ സാധിക്കും. സീറ്റ് ലഭ്യത, ഫീസ് നിരക്ക്, വൗച്ചർ പദ്ധതിക്ക് അർഹമാണോ അല്ലയോ എന്നതും കൂടാതെ സ്‌കൂളിലെ വിദ്യാർത്ഥികളുടെ എണ്ണം, കലണ്ടർ, സമയം, വാർഷിക റിപ്പോർട്ട് തുടങ്ങിയവയും വെബ്ബ്‌സൈറ്റിൽ ലഭ്യമാണ്.

വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം വികസിപ്പിച്ച ഈ ഓൺലൈൻ സംവിധാനത്തിലൂടെ സ്വകാര്യ സ്‌കൂളുകളിലെ സീറ്റുകളെ കുറിച്ച് അന്വേഷിക്കാനും സൗകര്യമുണ്ടാകും. ഇതിലൂടെ മികച്ച സ്‌കൂളുകളിലെ സീറ്റുകൾ തന്നെ കുട്ടികൾക്ക് ഏർപ്പെടുത്താൻ സാധിക്കും. അറബി, ഇംഗ്ലീഷ് ഭാഷകളിലായി ലഭ്യമാക്കുന്ന ഓൺലൈൻ സേവനം സ്വകാര്യ സ്‌കൂളുകളുടെ ഡാറ്റാബേസുമായി ബന്ധപ്പെടുത്തിയാണ് പ്രവർത്തിക്കുന്നത്.

ഭൂരിഭാഗം രക്ഷിതാക്കളും അവരുടെ വീടിന് അടുത്തുള്ള വിദ്യാലയങ്ങളാണ് അഡ്‌മിഷനായി തെരഞ്ഞെടുക്കുന്നത്. എങ്കിലും സ്‌കൂളുകളുടെ പാഠ്യപദ്ധതി, വിദ്യാഭ്യാസ നിലവാരം, ഫീസ് നിരക്ക്, സ്‌കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലം എന്നിവയെല്ലാം http://www.edu.gov.qa/En/ServicesCenter/PSO/Pages/default.aspx ഈ ലിങ്കിലാണ് ലഭ്യമാവുക.

രാജ്യങ്ങളുടെ പേരും ദേശീയപതാകയും പാഠ്യപദ്ധതിയുമെല്ലാം ഉൾപ്പെടുത്തി 26 ഐക്കണുകളാണ് വെബ്ബ്‌സൈറ്റിൽ നൽകിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ബുദ്ധിമുട്ടുകളില്ലാതെ വിവരങ്ങൾ സ്വയം പരിശോധിച്ച് അറിയാൻ സാധിക്കും. ആവശ്യമുള്ള രാജ്യത്തിന്റെ ഐക്കണിൽ ക്ലിക്ക് ചെയ്യുമ്പോൾ അറിയേണ്ടുന്ന സ്‌കൂളുകൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ ഭൂപടം വ്യക്തമാകും. സ്‌കൂളുകളുടെ ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കും.

ഇതിന്റെ താഴെയായി ആ സ്ഥലത്തെ മുഴുവൻ സ്‌കൂളുകളുടേയും പട്ടികയും കാണാം. ഉദാഹരണമായി ഇന്ത്യൻ ദേശീയ പതാകയിൽ ക്ലിക്ക് ചെയ്യുമ്പോൾ ഭൂപടത്തിൽ ഇന്ത്യൻ സ്വകാര്യ സ്‌കൂളുകളുടെ പട്ടിക മുഴുവനും കാണാം.