മനാമ : ക്യാപിറ്റൽ ഗവർണറ്റിലെ പഴക്കം ചെന്ന സ്‌കൂൾ എലിശല്യത്തെ തുടർന്ന് അടച്ചു പൂട്ടാൻ വിദ്യാഭ്യാസവകുപ്പ് അധികൃതർ തീരുമാനിച്ചു. വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും സുരക്ഷാ മുൻനിർത്തിയാണ് നടപടി.

സനാബിസ് പ്രൈമറി ഗേൾസ് സ്‌കൂൾ കെട്ടിടമാണ് വിദ്യാഭ്യാസ സ്ഥാപനം പ്രവർത്തിക്കാൻ യോഗ്യതയില്ലെന്ന് കണ്ട് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പ്രത്യേക സമിതി അടച്ചു പൂട്ടുന്നത്.

1968ൽ സ്ഥാപിതമായ സ്‌കൂൾ ബഹ്റിനിലെ പഴക്കമുള്ള സ്‌കൂളുകളിൽ ഒന്നാണ്. സ്‌കൂളിനെ കുറിച്ച് വിദ്യാർത്ഥികളിൽ നിന്നും, രക്ഷിതാക്കളിൽ നിന്നും നിരന്തരമായി പരാതികൾ ഉയർന്നിരുന്നു. സ്‌കൂളിൽ എലിയുടെയും മറ്റു പ്രാണികളുടെയും ശല്യമുണ്ടെന്ന് കാണിച്ച് രണ്ടു വർഷം മുൻപ് സ്‌കൂളിന് മുൻപിൽ പ്രതിഷേധ പ്രകടനവും നടത്തിയിരുന്നു.

പ്രദേശത്തെ 11,000 കുടുംബങ്ങളിലെ കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. ഇത്രയും കുട്ടികളെ ഉൾക്കൊള്ളാനുള്ള സൗകര്യങ്ങൾ സ്‌കൂളിനില്ല.

പുതിയ സ്‌കൂൾ കെട്ടിടം പണിയും വരെ ഇപ്പോഴുള്ള വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും മറ്റൊരു കെട്ടിടത്തിലേയ്ക്ക് മാറ്റാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് സ്ഥലം എംപി. ആദിൽ ഹമീദ് അറിയിച്ചു. താത്കാലിക പരിഹാരം എന്ന നിലയിൽ സനാബിസ് ബോയ്സ് സ്‌കൂളിലേയ്ക്കായിരിക്കും ഇവരെ മാറ്റുക. പല പ്രശ്‌നങ്ങളും സ്‌കൂളിൽ ഉണ്ടായിട്ടുണ്ടെങ്കിലും ആർക്കും ഇതുവരെ അപകടമൊന്നും ഉണ്ടായിട്ടില്ല.

പുതിയ കെട്ടിടത്തിനായി ഭൂമി ഏറ്റെടുക്കൽ ഉടൻ ആരംഭിക്കും. ഇത് ഈ വർഷത്തെ (2017-2018) ബജറ്റിൽ ഉൾപ്പെടുത്തുമെന്നും എംപി. പറഞ്ഞു.

ഉടൻ പ്രശ്നപരിഹാരത്തിന് വേണ്ട നടപടി കൈക്കൊള്ളണമെന്ന് ഉത്തരവിട്ട പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയ്ക്കും, ഇതിനു മുൻകൈയെടുത്ത വിദ്യാഭ്യാസ വകുപ്പിനും എംപി. നന്ദി അറിയിച്ചു.