ലണ്ടൻ: ഈസ്റ്റ് ലണ്ടനിലെ ന്യൂ ഹാമിലുള്ള സെന്റ് സ്റ്റീഫൻസ് പ്രൈമറി സ്‌കൂളിൽ എട്ട് വയസിന് താഴെയുള്ള കുട്ടികൾ ഹിജാബ് ധരിക്കുന്നത് നിരോധിച്ചു. ഇതിന് പുറമെ റമദാൻ കാലത്ത് ഭക്ഷണവും നിർബന്ധമാക്കിയിരിക്കുകയാണ് ഈ സ്‌കൂൾ. ഇക്കാര്യത്തിൽ സർക്കാർ ഉറച്ച നിലപാട് സ്വീകരിക്കുകയാണ് വേണ്ടതെന്നും ഓരോ സ്‌കൂളിനെയും അവരുടേതായ നിയമങ്ങൾ നടപ്പിലാക്കാൻ അനുവദിക്കുകയല്ല വേണ്ടതെന്നും ഈ സ്‌കൂൾ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. രാജ്യത്തെ ഏറ്റവും ഉന്നതമായ പ്രൈമറി സ്‌കൂളുകളിലൊന്നായ സെന്റ് സ്റ്റീഫൻസ് ഈ വിവാദ നീക്കം നടത്തിയതിനെ തുടർന്ന് ഈ നയം രാജ്യവ്യാപകം ആക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രീയ പാർട്ടികളും രംഗത്തെത്തിയിരിക്കുകയാണ്.

ഡിപ്പാർട്ട്‌മെന്റ് ഓഫ് എഡ്യുക്കേഷൻ ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ഉടൻ ത്വരിതപ്പെടുത്തേണ്ടതുണ്ടെന്നാണ് സെന്റ് സ്റ്റീഫൻസ് സ്‌കൂളിലെ ഗവർണർമാരുടെ ചെയർമാനായ അരിഫ് ക്വാവി ഡിപ്പാർട്ട്‌മെന്റ് ഓഫ് എഡ്യുക്കേഷനോട് നിർദ്ദേശിച്ചിരിക്കുന്നത്. പുതിയ നീക്കത്തിന്റെ ഭാഗമായി റമദാൻ കാലത്ത് നിരാഹാര വ്രതമെടുക്കേണ്ടെന്ന് കുട്ടികളോട് നിർദ്ദേശിച്ചിട്ടില്ലെന്നും മറിച്ച് അവധി ദിവസങ്ങളിലും വീക്കെൻഡുകളിലും വ്രതം എടുക്കാനും സ്‌കൂൾ ക്യാമ്പസിൽ വ്രതം ഒഴിവാക്കാനുമാണ് കുട്ടികളെ പ്രേരിപ്പിക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.

സ്‌കൂളിൽ ഉണ്ടാകുന്ന സമയത്ത് കുട്ടികളുടെ ആരോഗ്യം, സുരക്ഷിതത്വം തുടങ്ങിയ കാര്യങ്ങളുടെ ഉത്തരവാദിത്വം തങ്ങൾക്കായതിനാലാണ് ഇത്തരമൊരു നീക്കം നടത്തുന്നതെന്നും ക്വാവി വിശദീകരിക്കുന്നു. ഇക്കാര്യത്തെ കുറിച്ച് താൻ മുസ്ലിം പുരോഹിതന്മാരോട് സംസാരിച്ചിരുന്നുവെന്നും ആൺകുട്ടികൾ പ്രായപൂർത്തിയാകുമ്പോൾ റമദാൻ വ്രതമെടുത്താൽ മതിയെന്ന് അവരിൽ ചിലർ അഭിപ്രായപ്പെട്ടിരുന്നുവെന്നും ക്വാവി എടുത്ത് കാട്ടുന്നു. എന്നാൽ തങ്ങളുടെ സ്‌കൂളിൽ പഠിക്കുന്ന ചില കുട്ടികൾ എട്ട് അല്ലങ്കിൽ ഒമ്പത് വയസാകുമ്പോൾ തന്നെ റമദാൻ വ്രതം എടുക്കുന്നതായി കണ്ട് വരുന്നുണ്ടെന്നും അത് തെറ്റാണെന്നും ക്വാവി ഓർമിപ്പിക്കുന്നു.

കുട്ടികളെ സ്‌കൂളുമായി കൂടുതൽ അടുപ്പിക്കുന്നതിന്റെ ഭാഗമായുള്ള പുതിയ നയത്തെ ഇവിടുത്തെ ഹെഡ്‌മിസ്ട്രസായ നീന ലാലും പിന്തുണയ്ക്കുന്നുണ്ട്. ഹിജാബ് ധരിക്കുന്നതിനെ പറ്റി 800 സ്‌കൂളുകളെ ഉൾപ്പെടുത്തി ഒരു സർവേ നടത്തിയിരുന്നു. ഇതിൽ 20 ശതമാനം സ്‌കൂളുകളും തങ്ങളുടെ യൂണിഫോമിൽ ഇത് ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവിടങ്ങളിൽ നാല് മുതൽ 1 വയസുവരെയുള്ള കുട്ടികൾ ഹിജാബ് ധരിക്കുന്നുമുണ്ട്. പ്രൈമറി സ്‌കൂളുകളിൽ ചെറിയ പെൺകുട്ടികൾ ഹിജാബ് ധരിക്കേണ്ടതില്ലെന്ന് ശക്തമായി ആഹ്വാനം ചെയ്ത് സോഷ്യൽ ആക്ഷൻ ആൻഡ് റിസർച്ച് ഫൗണ്ടേഷനിലെ ആമിന ലോണെ ശക്തമായ കാംപയിൻ നടത്തി വരുന്നുണ്ട്. കുട്ടികളുടെ റമദാൻ വ്രതമെടുക്കൽ, മതപരമായ വസ്ത്രം യൂണിഫോമിൽ ഉൾപ്പെടുത്തൽ തുടങ്ങിയ കാര്യങ്ങളിൽ ഓരോ സ്‌കൂളിനും അവർക്ക് യോജിച്ച നയങ്ങൾ സ്വീകരിക്കാമെന്ന നിലപാടാണ് ഡിപ്പാർട്ട്‌മെന്റ് ഓഫ് എഡ്യുക്കേഷൻ സ്വീകരിച്ച് വരുന്നത്.