കോതമംഗലം: ചാമ്പ്യൻ സ്‌കൂൾ പട്ടത്തിൽ കുറഞ്ഞൊന്നും രാജു പോൾ സാറും ഷിബി ടീച്ചറും പ്രതീക്ഷിക്കുന്നില്ല. നാളെ രാവിലെ പ്രിയ ശിഷ്യഗണങ്ങളുമായി ഇവർ തലസ്ഥാന നഗരിയിലേയ്ക്ക് തിരിക്കും. കളിക്കളത്തിൽ അങ്കം വെട്ടാൻ. കായിക കേരളത്തിന്റെ തിലകക്കുറി അണിയാൻ.

സംസ്ഥാന കായിക മേളയ്ക്കായി കോതമംഗലം മാർ ബേസിൽ ,സെന്റ് ജോർജ്ജ് ഹൈസ്‌കൂളുകളിൽ നിന്നായി 51 കുട്ടികൾ 26 മുതൽ നടക്കുന്ന കായിക മേളയിൽ മാറ്റുരയ്ക്കും കഴിഞ്ഞ തവണ നഷ്ടപ്പെട്ട കീരിടം തിരിച്ചുപിടിക്കാൻ ഉറച്ചാണ് താരങ്ങളുടെയും സ്‌കൂളുകളുടെയും പുറപ്പാട്. മാർബേസിലും, സെന്റ് ജോർജും 25 വീതം കുട്ടികളെയും മാതിരപ്പിള്ളി 17 വിദ്യാർത്ഥികളെയുമാണ് സംസ്ഥാന മേളയിൽ പങ്കെടുപ്പിക്കുന്നത്.

ജില്ല മേളയിൽ മൂന്നാം സ്ഥാനം ലഭിച്ചവർക്ക് ഇത്തവണ അവസരം നിഷേധിച്ചത് കായികതാരങ്ങളുടെ എണ്ണം കുറയ്ക്കുന്നതിനിടയാക്കി.സെന്റ് ജോർജിന്റെ 25 അംഗ ടീമിൽ ഏഴ് പെൺകുട്ടികളും ഉൾപ്പെടുന്നു. എട്ട് മണിപ്പൂർ സ്വദേശികളടങ്ങുന്നതാണ് ടീം. ജില്ല മീറ്റിൽ കാഴ്‌ച്ച വച്ച പ്രകടനം ആവർത്തിക്കാനായാൽ ഇത്തവണ ചാമ്പ്യൻപട്ടം കോതമംഗലത്ത് എത്തിക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് കോച്ച് രാജു പോൾ.

മാർ ബേസിലിൽ നിന്ന് 14 വിദ്യാർത്ഥിനികളും 11 വിദ്യാർത്ഥികളുമാണ് പങ്കെടുക്കുന്നത്. കൂടുതലും പുതുമുഖ താരങ്ങളാണ് ഇത്തവണ മത്സരത്തിനിറങ്ങുന്നതെന്ന് കോച്ച് ഷിബി ടീച്ചർ പറഞ്ഞു. 17 അംഗ ടീമിൽ ഏഴ് വിദ്യാർത്ഥിനികളുമായാണ് മാതിരപ്പിള്ളി തിരുവനന്തപുരത്തേയ്ക്ക് തിരിക്കുന്നത്.

1984- മുതൽ കായികാധ്യാപകനായി സേവന മനുഷ്ഠിച്ചു വരുന്ന രാജു പോൾ അടുത്ത വർഷം ആദ്യം സർവ്വീസ്സിൽ നിന്ന് വിരമിക്കും.പാറത്തോട് സ്‌കൂളിൽ നിന്നുമാണ് രാജു പോൾ കായികാധ്യാപന രംഗത്തേക്ക് ചുവടുവച്ചത്. പഠിച്ച സെന്റ് ജോർജ്ജ് സ്‌കൂളിൽ കായികാധ്യാപകനാവണമെന്ന രാജു പോളിന്റെ സ്വപ്നവും ഇതിനകം സഫലമായി. തുടർച്ചയായി എട്ട് വർഷത്തോളം സംസ്ഥാന കായിക മേളയിൽ ചാമ്പ്യൻ സ്‌കൂൾ പട്ടം സെന്റ് ജോർജ്ജിന് സമ്മാനിച്ച രാജു പോൾ ഇക്കുറിയും ഇതിൽ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല. ഈ വിജയം കൂടി ആഘോഷിച്ചിട്ട് വേണം കളം വിടാൻ. രാജു പോൾ മറുനാടനോട് വ്യക്തമാക്കി.