കാറ്റി (ടെക്‌സസ്): നാഷണൽ സ്‌കൂൾ ബസ് സേഫ്റ്റി ആഘോഷത്തിന്റെ ഭാഗമായി ബസിൽ തിങ്ങി നിറഞ്ഞു നിൽക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ ചിത്രം ഫേസ്‌ബുക്കിലിട്ട കാറ്റി ഇൻഡിപെന്റണ്ട് സ്‌കൂൾ ഡിസ്ട്രിക്ട് പൊലീസ് ഡിപ്പാർട്ട്‌മെന്റ് ഒടുവിൽ നടപടിയിൽ പരസ്യമായി മാപ്പപേക്ഷിച്ചു.

ലോക്കൽ പൊലീസ് ഡിപ്പാർട്ട്‌മെന്റിന്റെ പരസ്യം വിദ്യാർത്ഥികളെ ആക്ഷേപിക്കുന്നതിന് തുല്യമാണെന്ന് കുട്ടികളുടെ മാതാപിതാക്കൾ പരാതിപ്പെട്ടതിനെ തുടർന്നാണ് സ്‌കൂൾ ഡിസ്ട്രിക്ട് അധികൃതർ മാപ്പപേക്ഷയുമായി രംഗത്തിറങ്ങിയത്.

ചിത്രം പ്രസിദ്ധീകരിച്ചതിനു താഴെ ഓർക്കുക ഇതാണ് നാഷണൽ സ്‌കൂൾ സേഫ്റ്റി വീക്ക് എന്ന അടിക്കുറിപ്പാണ് മാതാപിതാക്കളെ കൂടുതൽ പ്രകോപിപ്പിച്ചത്.തിങ്ങിനിറഞ്ഞ ബസ്സിൽ യാത്ര ചെയ്താൽ ഉണ്ടാകുന്ന അപകടങ്ങളെക്കുറിച്ചു അവബോധം വളർത്തുന്നതിനാണ് ഈ ചിത്രം പ്രസിദ്ധീകരിച്ചതെന്ന് ലോക്കൽ പൊലീസിന്റെ ന്യായീകരണം അംഗീകരിക്കാനാവാത്തതാണെന്നും ഇവർ അഭിപ്രായപ്പെട്ടു.

വിദേശ വിദ്യാർത്ഥികളെ തരം താഴ്ന്ന നിലയിൽ പ്രദർശിപ്പിക്കുന്നത്. ഇവിടെയുള്ള വിദ്യാർത്ഥികളുടെ മനസിക നിലയെ കാര്യമായി ബാധിക്കാൻ സാധ്യതയുണ്ടെന്ന് ഐഎസ്സി വിദ്യാർത്ഥിയുടെ മാതാവ് അഭിപ്രായപ്പെട്ടു. പ്രതിഷേധം ശക്തമായതോടെ ഫേസ്‌ബുക്കിൽ നിന്നും ഈ പടം പിൻവലിച്ചു മാപ്പപേക്ഷ നടത്തുകയായിരുന്നു.