അബുദാബി; കഴിഞ്ഞ ദിവസം സ്‌കൂൾ ബസിൽ അകപ്പെട്ട പെൺകുട്ടി മരിച്ചതിനെത്തുടർന്ന് സ്‌കൂൾ ബസുകളിൽ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ  ആധുനിക സംവിധാനം ഏർപ്പെടുത്താൻ അബുദാബി എഡ്യൂക്കേഷൻ കൗൺസിൽ, ഡിപ്പാർട്ട്‌മെന്റ് ഓഫ് ട്രാൻസ്‌പോർട്ട് എന്നിവ സംയുകതമായി തീരുമാനിച്ചു.

സെക്യൂരിറ്റി ക്യാമറകൾ, ജിപിസ് ട്രാക്കിങ് സംവിധാനം, സ്പീഡ് മോണിട്ടറുകൾ എന്നിവ അടങ്ങുന്നതാണ് ആധുനിക സംവിധാനങ്ങൾ. സുരക്ഷാ സംവിധാനങ്ങൾ നടപ്പാക്കുന്നതിനൊപ്പം തന്നെ ബസുകളിൽ സ്ഥാപിക്കുന്ന സീറ്റുകളുടെ എണ്ണത്തിലും ശാരീരിക അവശത അനുഭവിക്കുന്നവർക്കുള്ള സീറ്റുകളുടെ എണ്ണത്തിലും നിർദേശങ്ങൾ പാലിക്കേണ്ടതുണ്ട്. നിലവിൽ എമിറേറ്റ്‌സ് ട്രാൻസ്‌പോർട്ടുമായി സഹകരിച്ച് 100 ബസുകളിലായിരിക്കും ഇത്തരം സംവിധാനങ്ങൾ ഏർപ്പെടുത്തുക. അടുത്ത ഘട്ടത്തിൽ അബുദാബിയിലെ എല്ലാ സ്‌കൂൾ ബസുകളിലും ഇവ പ്രാബല്യത്തിലാക്കണമെന്ന് ഡയറക്ടർ ഓഫ് ട്രാഫിക് ആൻഡ് പട്രോൾസ് ഡയറക്ടറേറ്റ് ബ്രിഗേഡിയർ ഹുസൈൻ അഹമ്മദ് അൽ ഹാരിദി അറിയിച്ചു.

ബസിൽ യാത്ര ചെയ്യുന്ന ഓരോ കുട്ടിയുടെയും സുരക്ഷ ഉറപ്പാക്കുന്ന രീതിയിലാണ് സംവിധാനം രൂപകൽപന ചെയ്തിരിക്കുന്നത്. സ്‌കൂൾ ബസുകൾ കടന്നുപോകുന്ന വഴിയും നിർത്തുന്ന സ്ഥലങ്ങളും ജി.പി.എസ് സംവിധാനത്തിന്റെ സഹായത്തോടെ പൊലീസ് ഓപറേഷൻസ് റൂമിലത്തെും. ബസിനകത്തെ ദൃശ്യങ്ങളും ശബ്ദവും ഓഡിയോ, വീഡിയോ റെക്കോഡിങ് ഉപകരണങ്ങൾ വഴി പകർത്തി തത്സമയം പൊലീസിന് ലഭ്യമാക്കും. കുട്ടികൾ ബസിനകത്ത് കയറുന്നതും ഇറങ്ങുന്നതും നിരീക്ഷിക്കാൻ ഇതുവഴി സാധിക്കും. കയറിയ കുട്ടികൾ മുഴുവൻ ഇറങ്ങിയില്‌ളെങ്കിൽ വിവരം അറിയിക്കാനും അപകടങ്ങൾ ഒഴിവാക്കാനും കഴിയും.