അബുദാബി: സ്‌കൂൾ ബസുകളിൽ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നൂറുകണക്കിന്  സേഫ്റ്റി സ്‌കൂൾ സിസ്റ്റം ലോഞ്ച് ചെയ്തു. പുതുതായി 1300 പബ്ലിക് സ്‌കൂൾ ബസുകളിലാണ് പുതിയ സംവിധാനം ഏർപ്പെടുത്തിയിട്ടുള്ളതെന്ന് അബുദാബി എഡ്യൂക്കേഷൻ കൗൺസിൽ പ്രഖ്യാപിക്കുകയും ചെയ്തു. പുതിയ അധ്യയന വർഷം തുടക്കത്തിൽ തന്നെ പുതിയ സേഫ്റ്റി സ്‌കൂൾ സംവിധാനം പ്രവർത്തനം ആരംഭിക്കും.

മൂന്ന് ഇലക്ട്രോണിക് സംവിധാനങ്ങളാണ് ഈ സംവിധാനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇ-കൗണ്ടിങ് ആണ് ആദ്യ സംവിധാനം. ഇതിലൂടെ എത്ര കുട്ടികൾ ബസിനുള്ളിൽ കയറിയെന്ന് ഉറപ്പിക്കാം. അടുത്തത് ഇ- ഇൻസ്‌പെക്ഷനാണ്. ബസിനുള്ളിലൂടെ നടക്കുന്ന ഡ്രൈവർ ഒരു ബട്ടൻ അമർത്തുന്നു. അതുവഴി ഓരോ കുട്ടിക്കും സീറ്റ് ബൽറ്റ് ഉറപ്പിക്കുകയാണ് ചെയ്യുന്നത്. ഒരു കുട്ടിയും സീറ്റ് ബൽറ്റില്ലാതെ യാത്ര ചെയ്യുന്നില്ല എന്ന് ഉറപ്പുവരുത്തുകയാണ് ഇ-ഇൻസ്‌പെക്ഷനിലൂടെ ചെയ്യുന്നത്. മൂന്നാമത്തേത്  മോഷൻ ഡിറ്റക്ടിങ് സംവിധാനമാണ്. യാത്രാവസാനം ബസ് ഓഫ് ചെയ്തു കഴിഞ്ഞാൽ ബസിനുള്ളിൽ ഏതെങ്കിലും തരത്തിലുള്ള ചലനങ്ങൾ പിടിച്ചെടുക്കുന്നതാണിത്. ഏതെങ്കിലും കാരണവശാൽ കുട്ടികൾ ബസിനുള്ളിൽ അകപ്പെട്ടിട്ടുണ്ടെങ്കിൽ ഇതുവഴി ഡ്രൈവർക്ക് തിരിച്ചറിയാൻ സാധിക്കും.

കിന്റർഗാർട്ടൻ, സൈക്കിൾ വൺ വിദ്യാർത്ഥികൾക്കുള്ള 1300 ബസുകളിലാണ് നിലവിൽ സേഫ്റ്റി സ്‌കൂൾ സിസ്റ്റം ഘടിപ്പിച്ചിരിക്കുന്നത്. ബസിൽ കുട്ടികൾ ഉറങ്ങിപ്പോകുകയും അതറിയാതെ ഡ്രൈവർ ബസ് പൂട്ടിപ്പോകുകയും ചെയ്യുന്ന സംഭവം ധാരാളം റിപ്പോർട്ട് ചെയ്യപ്പെടുന്നതിന്റെ പശ്ചാത്തലത്തിലാണ് പുതിയ സംവിധാനം ഏർപ്പെടുത്താൻ അധികൃതർ തീരുമാനിച്ചത്. അതുകൊണ്ടു തന്നെ ഇനി മാതാപിതാക്കൾക്ക് കുട്ടികളെ ധൈര്യത്തോടെ സ്‌കൂളിൽ അയയ്ക്കാം.



തിരുവോണം പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ (28-08-15) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല- എഡിറ്റർ