സ്‌കൂൾ - കോളേജ് കലോത്സവങ്ങളിലെ നൃത്ത ഇനങ്ങളിൽ പങ്കെടുക്കാൻ, ഒരു വിദ്യാർത്ഥിക്കുവേണ്ടി വരുന്ന ചെലവ് അരലക്ഷം രൂപയാണെന്ന് പത്രങ്ങളിൽ വായിച്ചു. ഇതിന്റെ പത്തിലൊന്ന് അതായത് അയ്യായിരം രൂപ പോലും ചെലവാക്കാതെ നടത്താവുന്ന കാര്യമാണത്. ചെലവ് ചുരുക്കാൻ മാത്രമല്ല, മത്സരിക്കുന്ന കുട്ടിയുടെ യഥാർത്ഥ നിലവാരം കണ്ടെത്താനും പുതിയ രീതി സഹായിക്കും. ഇപ്പോഴാകട്ടെ പക്കമേളക്കാരും മേക്കപ്പുകാരുടെയും കഴിവിനാണ് പ്രാധാന്യം കിട്ടുന്നത്.

കഥകളിയാശാന്മാർ പോലും ചെയ്തുവരുന്ന കാര്യമാണ് ഇവിടെ പറയാൻ പോകുന്നത്. നൃത്ത ഇനങ്ങളിൽ, പ്രത്യേക വേഷവും ചമയങ്ങളുമില്ലാതെ വേണം മത്സരാർത്ഥികൾ പങ്കെടുക്കാൻ. മുഖത്തെഴുത്തും ആഹാര്യവും (വസ്ത്രം) ഒഴിവാക്കണം. കണ്ണെഴുതിയാൽ മാത്രം മതി. കാലിൽ ചിലങ്കയും; വെളുത്ത പൈജാമയും കുർത്തയും. ഇത്രയുമേ യഥാർത്ഥത്തിൽ ആവശ്യമുള്ളു. കഥകളി, ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, ഓട്ടന്തുള്ളൽ, കൂടിയാട്ടം ഇത്യാദികളിലെല്ലാം മുഖാഭിനയം - ഭാവങ്ങൾ - വളരെ പ്രധാനമാണ്. അതുകഴിഞ്ഞാൽ ചുവടും മുദ്രയും. ഇവയുടെ പ്രകാശനത്തിന് മുഖത്തെഴുത്തും ചമയങ്ങളും അനിവാര്യമല്ല.

ഇനി, അവതരിപ്പിക്കുന്ന കൃതിയുടെ കാര്യം. എല്ലാകുട്ടികളും ഒരേകൃതി അവതരിപ്പിച്ചാലല്ലേ അവരുടെ കഴിവുകൾ താരതമ്യം ചെയ്യാനൊക്കു. കലോത്സവങ്ങളിൽ ഓരോ വർഷവും ഓരോ ഇനത്തിനും അവതരിപ്പിക്കേണ്ട കൃതി ഗവൺമെന്റ് തന്നെ തീരുമാനിക്കുകയും വിദഗ്ധരായ പാട്ടുകാരെയും മേളക്കാരെയും ഉപയോഗിച്ച് റിക്കാർഡ് ചെയ്ത് സിഡി ഇറക്കുകയും വേണം. റവന്യു ജില്ലാ തലം മുതൽ ഇങ്ങനെയാക്കണം. താരതമ്യേന ഏറ്റവും കുറ്റമറ്റ, നീതിപൂർവ്വമായ, ശാസ്ത്രീയമായ, അനാവശ്യച്ചെലവുകളില്ലാത്ത, വിധികർത്താക്കൾക്ക് ചിന്താക്കുഴപ്പമില്ലാതെ മാർക്കിടാൻ കഴിയുന്ന രീതി ഇതായിരിക്കും.