മനാമ: ബഹ്‌റൈൻ ഇന്ത്യൻ സ്‌കൂൾ പുതിയ ഭരണസമിതിയെ തിരഞ്ഞെടുക്കാൻ രണ്ട് ദിവസം ബാക്കി നില്‌ക്കെ കണക്ക് തട്ടിപ്പിന്റെ കഥകളുമായി പിപിഎ രംഗത്ത്. ഇന്ത്യൻ സ്‌കൂളിലെ ജീവനക്കാർക്ക് 2012ൽ 3100 ദിനാറും 2013ൽ 29530 ദിനാറും ഓവർടൈം നൽകിയാതായി സ്‌കൂളിന്റൈ വരവ് ചെലവ് കണക്കിൽ കണ്ടതാണ് പിപിഐ ആരോപണം ഉന്നയിക്കാൻ കാരണം

ഇത്രയും  തുക ആർക്കൊക്കെയാണ് നൽകിയതെന്ന് ഭരണപക്ഷം വ്യക്തമാക്കണമെന്നും പ്രോഗ്രസീവി പേരന്റ്‌സ് പാനൽ പിപിഎ ആവശ്യപ്പെട്ടു. ഇന്ത്യൻ സ്‌കൂളിലെ അദ്ധ്യാപകർ സ്‌കൂൾ ആവശ്യത്തിനായി രാത്രികാലങ്ങളിൽ ജോലി ചെയ്തിട്ടും ഓവർടൈം നൽകുന്നില്ലെന്ന പരാതി നിലനിൽക്കെയാണ് ജീവനക്കാർക്ക് ഓവർടൈം നൽകിയത്. ഇത്തരം കാര്യങ്ങളെ മറച്ചുവെയ്ക്കുന്നതിനാണ് വരവ് ചെലവ് കണക്കുകളെക്കുറിച്ചുള്ള ചോദ്യം ഭരണപക്ഷം ഭയക്കുന്നതെന്ന് പിപിഎ പ്രസ്താവനയിൽ പറഞ്ഞു.

തിരഞ്ഞെടുപ്പ് മര്യാദയുടെ അതിരുകളെല്ലാം ലംഘിച്ച് ഭരണ പക്ഷത്തിന്റെ സ്റ്റാഫ് പ്രതിനിധി ഇലക്ഷന്‌ശേഷം ശമ്പള വർദ്ധനവ് ഉണ്ടാകുമെന്ന് നോട്ടീസ് അയച്ച് രക്ഷിതാക്കളെ സ്വാധീനിക്കുന്നതായും പിപിഎ ആരോപണം ഉന്നയിച്ചിട്ടുണ്ട്.

തിരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്തിറക്കിയ വരവ് ചെലവ്കണക്കുകളെപ്പറ്റിയുള്ള വിശദീകരണവും പരാതികളും ലഭിക്കേണ്ട അവസാന തീയതി നവംബർ 19 ആണെന്ന് അറിയിച്ചുകൊണ്ട് ചെയർമാൻ അയച്ച കത്ത് പോസ്റ്റ് ചെയ്തത് നവംബർ 29നാണെന്ന ആരോപണവും പിപിഎ ഉന്നയിക്കുന്നുണ്ട്.

ഏകദേശം 12000 ത്തോളം കുട്ടികൾ പഠിക്കുന്ന ഇന്ത്യൻ സ്‌കൂളിൽ  പുതിയ ഭരണ സമിതിയിലെക്കുള്ള തിരഞ്ഞെടുപ്പ് അഞ്ചിനാണ്. എണ്ണായിരത്തോളം രക്ഷാകർത്താക്കൾ ഈ തെരഞ്ഞെടുപ്പിൽ സമ്മദിദാനാവകാശം നിർവ്വഹിക്കും. ചെയർമാൻ ഉൾപ്പടെ 7 സ്ഥാനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

ഇപ്പോഴത്തെ ചെയർമാൻ എബ്രാഹം ജോൺ മത്സരരംഗത്ത് ഇല്ലെങ്കിൽ കൂടി അദ്ദേഹം നേതൃത്വം നല്കുന്ന ഭരണസമിതിയുടെ പാനലും, പ്രതിപക്ഷം നേതൃത്വം നല്കുന്ന പിപിഎയും തമ്മിലാണ് മത്സരം. ഭരണ പക്ഷ പാനലിന്റെ ചെയർമാൻ സ്ഥാനാർത്ഥി തോമസ് എബ്രാഹം, പി പി എ യുടെ സ്ഥാനാർത്ഥി പ്രിൻസ് നടരാജനുമാണ്. ഇരുപക്ഷവും സാമൂഹിക ജാതി മത സന്തുലനം നിലനിർത്തിയാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടുള്ളത്.