കോതമംഗലം: 'ഈ പിള്ളേരെന്നാ പന്നിക്കുഞ്ഞുങ്ങളാണോ. കുടിക്കാൻ വെള്ളമെങ്കിലും സമയത്തുകൊടുക്കേണ്ടെ, മഴ വന്നാൽ നയാതെ നിൽക്കാൻ ഒരിടം വേണ്ടെ. ഒന്ന് മൂത്രമൊഴിക്കാൻ ഇതുങ്ങളെവിടയാ പോവേണ്ടത്. ഒന്നിനും ഒരു നിശ്ചയവുമില്ല , ഉത്തരവാദിത്വവുമില്ല.'- അന്തർദേശീയ കായികതാരം മേഴ്‌സികുട്ടന്റെതാണ് വാക്കുകൾ. കോതമംഗലം ഇവിടെ മാർ അത്തനേഷ്യസ് കോളേജ് സ്റ്റേഡിയത്തിൽ അരംഭിച്ച റവന്യു ജില്ലാ സ്‌കൂൾ കായിക മേളയിൽ ശിഷ്യഗണങ്ങളുമായി എത്തിയതായിരുന്നു അവർ. 2500 ഓളം കുരുന്ന് കായികതാരങ്ങൾ മാറ്റുരയ്ക്കുന്ന കായിക മാമാങ്കത്തിന്റെ സംഘാടനത്തിലെ പിഴവിനെ തിരെയായിരുന്നു മേഴ്‌സിക്കുട്ടൻ പ്രതികരിച്ചത്.

കുടിവെള്ളം ലഭിക്കുന്നത് നാമമാത്രമാണ്. ഓടിത്തളർന്നെത്തിയ താരങ്ങൾക്ക് പലപ്പോഴും വെള്ളം കിട്ടിയില്ല. പ്രാഥമീക ആവശ്യങ്ങൾ നിർവ്വഹിക്കാനും മഴവന്നാൽ താരങ്ങൾക്കും ഒഫീഷ്യലുകൾക്കും നനയാതെ നിൽക്കാനും ഇവിടെ ആവശ്യമായ സൗകര്യങ്ങളില്ല. ഇത്രയും പൈസ മുടക്കി മേള നടത്തുമ്പോൾ നേരാംവണ്ണം ഒരു ടെന്റെങ്കിലും ഇവിടെ വേണ്ടതല്ലെയെന്നാണ് മേഴ്‌സിക്കുട്ടന്റെ ചോദ്യം. മത്സരത്തിൽ പങ്കെടുക്കുവാനായി ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ നിന്നായി 2500 ഓളം കായികതാരങ്ങളും ഇവരുടെ കായിക അദ്ധ്യാപകരും എത്തിയിട്ടുണ്ട്. ഇതിന് പുറമേ സംഘാടകർ കൂടി സ്ഥലത്തുണ്ട്. ഇവർക്കെല്ലാം പ്രാഥമീകാവശ്യങ്ങൾ നിർവ്വഹിക്കുന്നതിന് പരിമിതമായ സൗകര്യങ്ങളെ ഇവിടെ ലഭ്യമാവുന്നുള്ളുവെന്നും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്ന കാര്യത്തിൽ സംഘാടകരുടെ ഭാഗത്തുനിന്നും കാര്യമായ പിഴവുണ്ടെന്നും മേഴ്‌സി കുട്ടൻ ആരോപിച്ചു.

മത്സരവേദികൾ നിർണ്ണയിച്ചതിലും പാളിച്ചകളുണ്ടെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്.അത് ലറ്റിക് മത്സരങ്ങൾ നടക്കുന്ന മെയിൽ സ്റ്റേഡിയത്തിൽ നിന്നും അഞ്ഞൂറ് മീറ്ററോളം അകലെയുള്ള മറ്റൊരു സ്റ്റേഡിയത്തിലാണ് ജംബ് ഐറ്റങ്ങൾ നടക്കുന്നത്. മത്സരാർത്ഥിയുടെ പാളിച്ചകളും പോരായ്മകളും പറഞ്ഞ് മനസ്സിലാക്കണമെങ്കിലും അടുത്ത മത്സരത്തിൽ സ്വീകരിക്കേണ്ട രീതി വ്യക്തമാക്കുന്നതിനുംപരിശീലകർ മത്സരം നേരിൽ കാണേണ്ടത് അനിവാര്യമാണ്. ഇവിടെ ഇത് അസാദ്ധ്യമാണ്.പരിശീലകർക്ക് ഈ മീറ്റ് ഉണ്ടാക്കുന്നത് വലിയ നഷ്ടമാണ്. മേഴ്‌സിക്കുട്ടൻ വ്യക്തമാക്കി. പെരുമാനൂൻ സെന്റ് തോമസ് സ്‌കൂളിന്റെ പരിശീലകയായിട്ടാണ് മേഴ്‌സിക്കുട്ടൻ മീറ്റിനെത്തിയത്. ഇവിടുത്തെ കായികതാരങ്ങളെല്ലാം പരിശീലനം നേടുന്നത് മേഴ്ിക്കുട്ടൻ അക്കാദമിയിൽ നിന്നാണ്.

ദേശീയ - സംസ്ഥാന തലങ്ങളിൽ പലവട്ടം ചാമ്പ്യൻ സ്‌കൂൾ പട്ടം കരസ്ഥമാക്കിയ കോതമംഗലം സെന്റ് ജോർജ്ജ് സ്‌കൂളിലെ കായിക അദ്ധ്യാപകൻ രാജു പോളും മേഴ്‌സിക്കുട്ടന്റെ അഭിപ്രായത്തോട് സമരസപ്പെട്ടാണ് മറുനാടനോട് പ്രതികരിച്ചത്. ദേശീയ-സംസ്ഥാന തലങ്ങളിൽ പലവട്ടം ചാമ്പ്യൻ സ്‌കൂൾപട്ടം കരസ്ഥമാക്കിയ കോതമംഗലം മാർബേസിൽ ,സെന്റ് ജോർജ്ജ് സ്‌കൂളുകൾ മ്ത്സര രംഗത്തുള്ളതിനാൽ ഈ മീറ്റ് ഏറെ പ്രാധാന്യത്തോടെയാണ് കായിക പ്രേമികൾ വീക്ഷിക്കുന്നത്. മത്സരത്തിനിടെ ട്രാക്കിൽ തളർന്നുവീണ താരത്തിന് നേരിടേണ്ടി വന്ന ദുരനുഭവം മേഴ്‌സിക്കുട്ടന്റെ ആരോപണങ്ങൾ ശരിയാണെന്നതിന് നേർസാക്ഷ്യവുമായി.

പിറവം മണീട് ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂളിലെ പ്ലസ്സ് വൺ വിദ്യാർത്ഥിനിയാണ് സോഫീയയാണ് പേശിവലിവ് മൂലം ഫിനീഷിങ് പോയിന്റ് സമീപം നിലവിളിയോടെ തളർന്ന് വീണത്. സീനിയർ ഗേൾസ് വിഭാഗത്തിൽ 100 മീറ്റർ ഓട്ടത്തിൽ പങ്കെടുക്കവേയാണ് താരത്തിന് 'ദുരന്തം'നേരിട്ടത്. നിലത്തു വീണ സോഫീയ ഉച്ചത്തിൽ നിലവിളിച്ചതോടെയാണ് പരിക്ക് സാരമുള്ളതാണെന്ന് സമീപത്ത് നിന്നിരുന്ന ഒഫീഷ്യലുകൾക്കും സഹതാരങ്ങൾക്കും ബോദ്ധ്യമായത്. ഏതാനും മിനിട്ടുകൾ സഹതാരങ്ങളും കായിക അദ്ധ്യപകൻ ചാൾസ് ഇടപ്പാട്ടും പ്രഥമ ശ്രുഷ നൽകിയിട്ടും സോഫീയക്ക് എഴുനേൽക്കാനായില്ല.

വേദന കൊണ്ട് നിർത്താതെ നിലവിളച്ച താരത്തെ ഓടിക്കൂടിയവർ എടുത്ത് മൈതാനത്തിന്റെ മറ്റൊരു ഭാഗത്തേക്ക് മാറ്റിക്കിടത്തി. ഇതിന് ശേഷവും വേദന കുറയാത്തതിനാൽ സോഫിയ നിലവിളി തുടർന്നു.ഇത് കണ്ട് സമീപത്തു നിന്നിരുന്ന സ്‌കൂളിലെ മറ്റ് താരങ്ങളിൽ ചിലരുടെ മിഴികളും ഈറനണിഞ്ഞു. ഈ സമയമത്രയും വൈദ്യസഹായത്തിനായി ആരോഗ്യ വകുപ്പ് ജീവനക്കാർ എത്തുമെന്ന പ്രതീക്ഷയിൽ ഗുരുവും ശിഷ്യഗണങ്ങളും കാത്തിരുന്നെങ്കിലും വെറുതേയായി. പിന്നീട് സഹ താരം എത്തി വിവരമറിയിച്ചപ്പോഴാണ് ആരോഗ്യ വകുപ്പ് ജീവനക്കാർ കർമ്മ നിരതരായി രംഗത്തെത്തിയത്. പരിചരിക്കാനെത്തിയപ്പോഴാവട്ടെ ആവശ്യമായ മരുന്നുകകളും ഇവരുടെ പക്കലുണ്ടായിരുന്നില്ല.

ഫലത്തിൽ ഇക്കൂട്ടർ എത്തിയതും എത്താതിരുന്നതും ഒരു പോലെയായായി എന്ന് സാരം. പിന്നെയും ഏറെ നേരം കഴിഞ്ഞാണ് സഹതാരങ്ങളുടെ ചുമലിൽത്തൂങ്ങി സോഫിയ പതിയെ എഴുന്നേറ്റത്. ഒരു കാലിൽ ഏന്തിയും വലിഞ്ഞും മൊക്കെയാണ് സോഫീയ മൈതാനം വിട്ടത്.