തിരുവനന്തപുരം: സംസ്ഥാന ബജറ്റുകളിൽ സാഹിത്യമയം കലരുന്നത് ഇതാദ്യമല്ല. പല ധനമന്ത്രിമാരും പുട്ടിന് പീരയെന്ന പോലെ കവിതാശകലങ്ങൾ തിരുകുന്നതിൽ വിരുതരുമായിരുന്നു. എന്നാൽ തോമസ് ഐസക് ധനമന്ത്രിയായിരിക്കെ എംടി, തകഴി തുടങ്ങിയ പ്രമുഖരുടെ കൃതികളിൽ നിന്നുള്ള പ്രസക്തഭാഗങ്ങളെ കേരളത്തിലെ സാമൂഹിക യാഥാർഥ്യങ്ങളുമായി കോർത്തിണക്കി അവതരിപ്പിക്കുന്ന ഒരു രീതിയാണ് തുടർന്നുവരുന്നത്.

ഇത്തവണ സ്ത്രീസൗഹൃദബജറ്റെന്ന നിലയിൽ എഴുത്തുകാരികളുടെ കൃതികളിലെ ശകലങ്ങളാണ് ബജറ്റിൽ ഇടം പിടിച്ചത്. അക്കൂട്ടത്തിൽ സാവിത്രി ജീവൻ, കെ.ആർ.മീര, ബിലു.സി.നാരായണൻ,ബി.എം.സുഹ്‌റ, കെ.എ.ബീന,എന്നിങ്ങനെ നിരവധി സ്ത്രീ എഴുത്തുകാരുടെ കൃതികളിൽ നിന്നുള്ള വരികൾ ബജറ്റിലുണ്ട്. ബാലാമണിയമ്മയുടെ വരികളോടെയാണ് ഐസക്് ബജറ്റ് അവസാനിപ്പിക്കുന്നത്.

പ്രശസ്ത എഴുത്തുകാരോടൊപ്പം ഇത്തവണ എൻ.പി സ്‌നേഹ എന്ന കൊച്ചുമിടുക്കിയുടെ കവിതയും ബജറ്റിൽ ഇടം നേടി. പുലാപ്പറ്റ എം.എൻകെഎം ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയായ സ്‌നേഹയുടെ അടുക്കള എന്ന കവിതയാണ് തോമസ് ഐസക്ക് ഉൾപ്പെടുത്തിയത്.

ഇതേക്കുറിച്ച് ധനമന്ത്രി പിന്നീട് ഫേസ്‌ബുക്കിൽ കുറിപ്പെഴുതുകയും ചെയ്തു. വിവിധ വിഷയങ്ങൾക്ക് ചേരുന്ന വരികൾ തിരഞ്ഞു ചെന്നപ്പോൾ എൻ.പി സ്‌നേഹ എന്ന കൊച്ചുമിടുക്കിയുടെ ഒരു കവിത ശ്രദ്ധയിൽപ്പെട്ടു. അടുക്കള എന്ന വിഷയത്തെക്കുറിച്ചെഴുതിയ ശക്തമായ പന്ത്രണ്ടു വരികൾ. അടുക്കളയിൽ സ്ത്രീയെടുക്കുന്ന കാണാപ്പണിയെ കൃത്യമായി കുറിച്ചിടാൻ സ്‌നേഹയ്ക്കു കഴിഞ്ഞുവെന്ന് ധനമന്ത്രി തന്നെ സ്വന്തം ഫേസ്‌ബുക്ക് പേജിൽ കുറിച്ചു.

 'ഇത്തവണ എഴുത്തുകാരികളുടെ വരികളാണ് ബജറ്റിൽ ചേർക്കാൻ തീരുമാനിച്ചത്. വിവിധ വിഷയങ്ങൾക്ക് ചേരുന്ന വരികൾ തിരഞ്ഞു ചെന്നപ്പോൾ എൻ പി സ്‌നേഹ എന്ന കൊച്ചുമിടുക്കിയുടെ ഒരു കവിത ശ്രദ്ധയിൽപ്പെട്ടു. അടുക്കള എന്ന വിഷയത്തെക്കുറിച്ചെഴുതിയ ശക്തമായ പന്ത്രണ്ടു വരികൾ. അടുക്കളയിൽ സ്ത്രീയെടുക്കുന്ന കാണാപ്പണിയെ കൃത്യമായി കുറിച്ചിടാൻ സ്‌നേഹയ്ക്കു കഴിഞ്ഞു.

ഹൈസ്‌ക്കൂൾ ക്ലാസിൽ പഠിക്കുമ്പോഴാണ് സ്‌നേഹ ഈ വരികളെഴുതിയത്. പുലാപ്പറ്റ എംഎൻകെഎം ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയാണ് ഇപ്പോൾ സ്‌നേഹ. പുലാപ്പറ്റ സ്വദേശികളായ പ്രദീപിന്റെയും ഷീബയുടെയും മകളാണ് സ്‌നേഹ. പ്രദീപ് കോ??ൺട്രാക്ടറും ഷീബ അദ്ധ്യാപികയുമാണ്. മലയാളത്തിലെ കരുത്തുറ്റ എഴുത്തുകാരികളിലൊരാളായി സ്‌നേഹ വളരട്ടെ എന്ന് ആശംസിക്കുന്നു.'