ഫ്‌ളോറിഡ: ലോകത്തിന്റെ പലഭാഗത്ത് നിന്നും കുട്ടികൾക്കിടയിലെ ക്രൂരകൃത്യങ്ങൾ വർധിച്ചു വരുന്നതിനിടെയാണ് വിചിത്രമായ വാർത്ത അമേരിക്കയിലെ ഫ്‌ളോറിഡയിലെ സ്‌കൂളിൽ നിന്നും പുറത്ത് വരുന്നത്. മൂർച്ഛയേറിയ കത്തികളുമായി സ്‌കൂളിലെത്തിയ വിദ്യാർത്ഥിനികളെ പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന മൊഴി ലഭിച്ചത്. സഹപാഠകളെ കഴുത്തറത്തുകൊന്ന ശേഷം അവരുടെ രക്തവും മാംസവും ഭക്ഷിച്ച് ആത്മഹത്യ ചെയ്യാനായിരുന്നു തങ്ങളുടെ ശ്രമമെന്നാണ് വിദ്യാർത്ഥിനികൾ വെളിപ്പെടുത്തിയത്. വിദ്യാർത്ഥിനികൾക്ക് 11ഉം 12ഉം വയസ് മാത്രമായിരുന്നു പ്രായം.

ഫ്‌ളോറിഡയിലെ ബാർട്ടോ മിഡിൽ സ്‌കൂളിലാണ് നടുക്കുന്ന സംഭവങ്ങൾ അരങ്ങേറിയത്. ആയുധം കൈവശം വയ്ക്കൽ, കൊലപാതക ശ്രമം, ഗൂഢാലോചന, തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്ക് നേരെ ചുമത്തിയിരിക്കുന്നത്. ജുവനൈൽ ഹോമിലാണ് ഇവരെ ഇപ്പോൾ താമസിപ്പിച്ചിരിക്കുന്നത്. സ്‌കൂളിലെ ശുചിമുറിയിൽ ഒളിച്ചിരുന്ന് വിദ്യാർത്ഥികൾ വരുമ്പോൾ അവരെ കഴുത്തറുത്തുകൊല്ലാനായിരുന്നു പദ്ധതി ഇട്ടിരുന്നതെന്ന് പൊലീസ് പറഞ്ഞു. പിന്നാലെ ഇവരുടെ രക്തവും മാംസവും ഭക്ഷിക്കാനായിരുന്നു ശ്രമം. ശേഷം സ്വയം കത്തി കുത്തിയിറക്കി ആത്മഹത്യ ചെയ്യാനും.

മുൻകൂട്ടി തീരുമാനിച്ച പ്രകാരം 25 വിദ്യാർത്ഥികളെ കൊല്ലാനായിരുന്നു പദ്ധതി. പേടിപ്പെടുത്തുന്ന സിനിമകൾ കണ്ടാണ് ഇവർ കുട്ടികളെ കൊലപ്പെടുത്താൻ തയ്യാറെടുത്തതെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകം നടത്തി ആത്മഹത്യ ചെയ്ത് നരകത്തിൽ പോയി സാത്താനോടൊപ്പം ജീവിക്കാനായിരുന്നു ശ്രമമെന്നാണ് പെൺകുട്ടികൾ പൊലീസിനോട് പറഞ്ഞത്. ക്ലാസിൽ ഹാജരാവാത്തതിനെ തുടർന്നുണ്ടായ സംശയത്തിൽ സ്‌കൂൾ അധികൃതർ നടത്തിയ തിരച്ചിലിലാണ് പെൺകുട്ടികളിൽ നിന്നും കത്തികൾ പിടിച്ചെടുത്തത്. ഇവർ ശുചിമുറിയിൽ നാല് കത്തികളും പിസ കട്ടറുമായി ഒളിച്ചിരിക്കുകയായിരുന്നു.