അബുദാബി: സുരക്ഷാക്രമീകരണങ്ങൾ ഒരുക്കുന്നതിൽ വൻ വീഴ്ച വരുത്തിയ സ്‌കൂൾ അടച്ചുപൂട്ടാൻ അബുദാബി എഡ്യൂക്കേഷൻ കൗൺസിൽ (ADEC) ഉത്തരവായി. ഖയാതി വെസ്റ്റേൺ റീജിയനിലുള്ള വെസ്റ്റേൺ മോഡൽ പ്രൈവറ്റ് സ്‌കൂളിനാണ് സുരക്ഷാ നിലവാരമില്ലാത്തതിനാൽ താഴുവീണത്. ഇവിടുത്തെ കുട്ടികൾക്ക് തുടർ പഠനത്തിന് അഡെക്ക് സൗകര്യമൊരുക്കിയിട്ടുണ്ട്.

സ്‌കൂളിന് എല്ലാ വർഷവും നടത്തിവരേണ്ട അറ്റകുറ്റപ്പണികൾ നടത്തണമെന്ന് നിർദേശിച്ചിരുന്നും സ്‌കൂൾ അധികൃതർ ഇക്കാര്യത്തിൽ അലംഭാവം കാണിക്കുകയായിരുന്നു. മാത്രമല്ല, സ്‌കൂളിന്റെ മൊത്തത്തിലുള്ള പ്രകടനം മെച്ചപ്പെടുത്താനും സ്‌കൂൾ അധികൃതർ ഉത്സാഹം കാണിച്ചിരുന്നില്ല എന്ന് അഡെക്ക് റിപ്പോർട്ടിൽ വെളിപ്പെടുത്തുന്നു. സ്‌കൂൾ അടച്ചുപൂട്ടണമെന്ന് കഴിഞ്ഞ ജൂലൈയിൽ ഉത്തരവ് പുറപ്പെടുവിച്ചിരുന്നതാണ്. 2016-17 അക്കാദമിക് വർഷം സ്‌കൂൾ പ്രവർത്തിക്കില്ലെന്ന് മാതാപിതാക്കൾക്ക് അറിയിപ്പ് നൽകണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

മൊത്തം 502 കുട്ടികളാണ് ഇവിടെ പഠിച്ചുവന്നിരുന്നത്. ഇതിൽ 216 എമിറേറ്റി കുട്ടികളേയും അറബ് വിദ്യാർത്ഥികളേയും അടുത്തുള്ള ആറ് സർക്കാർ സ്‌കൂളുകളിൽ പ്രവേശിപ്പിക്കും. ബാക്കിയുള്ള 282 ഏഷ്യൻ വിദ്യാർത്ഥികൾക്ക് മറ്റ് രണ്ട് സ്വകാര്യ സ്‌കൂളുകളിൽ പ്രവേശനം നൽകുമെന്നും അറിയിച്ചിട്ടുണ്ട്.

എല്ലാ സ്വകാര്യസ്‌കൂളുകളും സുരക്ഷാ നിർദേശങ്ങൾ പാലിച്ചുവേണം പ്രവർത്തിക്കേണ്ടതെന്നും ഇത് പിന്തുടരാത്ത സ്‌കൂളുകൾക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും അഡെക്ക് അറിയിച്ചിട്ടുണ്ട്.