തൃശ്ശൂർ : തിരുവാതിര നൃത്തം തുടങ്ങി. അതോടെ നീർമാതള വേദിയിൽ ഉത്സവ ലഹരി. 3.30 തോടെ സംസ്ഥാന സ്‌കൂൾ യുവജനോത്സവത്തിന്റെ പ്രധാന വേദിയായ നീർമാതളത്തിൽ ഹൈസ്‌കൂൾ വിഭാഗം തിരുവാതിര കളി മത്സരം ആരംഭിച്ചപ്പോൾ കാണികൾ തടിച്ചുകൂടി. കൂടെ സിനിമാക്കാരുടെ പ്രതിനിധികളും.

ഗ്ലാമർ ഇനങ്ങളായ ഭരതനാട്യത്തിനും മോഹിനിയാട്ടത്തിനും ലഭിക്കാത്ത സ്വീകരണമാണ് കാണികൾ മലയാളത്തിന്റെ തനത് കലയായ തിരുവാതിരക്ക് കനിഞ്ഞ് നൽകിയത്. കസേരകൾ നിറഞ്ഞതിനേത്തുടർന്ന് വേദിയുടെ ഇരുവശങ്ങളിലും പിന്നിൽ പൊരിവെയിലിൽ നിന്നുമാണ് മത്സരം ആസ്വദിച്ചത്.

ഈ വേദിയിൽ രാവിലെ ആരംഭിച്ച ഹൈസ്‌കൂൾ വിഭാഗം ആൺകുട്ടികളുടെ ഭരതനാട്യ മത്സരം ഉച്ചകഴിഞ്ഞ് 2.30 തോടെയാണ് അവസാനിച്ചത്്. 3 മണിക്ക് തിരുവാതിര മത്സരം ആരംഭിക്കുമെന്നായിരുന്നു പ്രോഗ്രം കമ്മറ്റിയുടെ ചാർട്ടിൽ വ്യക്തമാക്കിയിരുന്നത്. എന്നാൽ പിന്നെയും അരമിക്കൂറോളം വൈകിയാണ് മത്സരങ്ങൾ ആരംഭിച്ചത്.

3 മണിയോടടുത്താണ് വേദിയിലേക്ക് കാണികൾ കട്ടമായി ഒഴുകിയത്. വേദിയിൽ കർമ്മനിരതരായിരുന്ന ജനമൈത്രി പൊലീസും ,നിർഭയ സ്ത്രീ കൂട്ടായ്മയും ,എൻ സീ സീ അംഗങ്ങളും ഏറെ പണിപ്പെട്ടാണ് തിരക്ക് നിയന്ത്രിച്ചത്.കാണികളുടെ പ്രവാഹം വർദ്ധിച്ചതോടെ വ്യാപകമായി പൊടിപടലം ഉയർന്നിരുന്നു.

ഇതേത്തുടർന്നുള്ള അസ്വസ്ത കൾ മൂലം ഹൃദ്രോഗികളും ശ്വാസകോശ രോഗികളും വല്ലാതെ ബുദ്ധിമുട്ടി. ഇക്കുട്ടരിൽ മാസ്‌ക് കൈയിൽ കരുതിയിരുന്നവർക്ക് പിടിച്ചു നിൽക്കാനായെങ്കിലും ഇതില്ലാതെ എത്തിയ രോഗികളിൽ പലരും ഒരു മത്സരം പോലും വീക്ഷിക്കാതെ വിഷമത്തോടെ സ്ഥലം വിടുകയായിരുന്നു.