ഡബ്ലിൻ: കുട്ടികളിലെ പൊണ്ണത്തടിയും അമിത വണ്ണവും കുറയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി സ്‌കൂൾ മേഖലകൾ നോ ഫ്രൈ സോൺ ആക്കാൻ നീക്കം. ഐറീഷ് ഹാർട്ട് ഫൗണ്ടേഷൻ, സോഷ്യൽ ജസ്റ്റീസ് അയർലണ്ട് എന്നിവ സംയുക്തമായാണ് കുട്ടികളിൽ പകർച്ചവ്യാധി പോലെ കണ്ടുവരുന്ന പൊണ്ണത്തടിക്കും അമിത വണ്ണത്തിനുമെതിരേ നടപടികൾ സ്വീകരിക്കുന്നത്.

സ്‌കൂളുകൾക്കു ചുറ്റുമുള്ള ഒരു കിലോമീറ്റർ മേഖലയാണ് നോ ഫ്രൈ നോൺ ആക്കുന്നത്. 75 ശതമാനം ഐറീഷ് സ്‌കൂളുകൾക്കും ഒരു കിലോമീറ്റർ ചുറ്റളവിൽ കുറഞ്ഞത് ഒരു ഫുഡ് ഔട്ട്‌ലെറ്റും 30 ശതമാനം സ്‌കൂളുകൾക്ക് കുറഞ്ഞത് അഞ്ച് ഫുഡ് ഔട്ട്‌ലെറ്റുകളും ഉള്ളതായാണ് കണ്ടെത്തിയിട്ടുള്ളത്. ഫാസ്റ്റ് ഫുഡ് സെന്ററുകളിൽ നിന്നും ലഭിക്കുന്ന ഇത്തരം ഫുഡ്ഡുകൾ കഴിക്കുന്നതിനു പകരം കുട്ടികളെ പഴങ്ങളും പച്ചക്കറികളും കഴിപ്പിക്കാൻ പ്രോത്സാഹിപ്പിക്കുന്ന തരത്തിലാണ് പദ്ധതികൾ നടപ്പാക്കാൻ പോകുന്നത്.

പഴങ്ങൾ, പച്ചക്കറികൾ തുടങ്ങിയവയ്ക്ക് സബ്‌സിഡി അനുവദിക്കാൻ സർക്കാരിനോട് ആവശ്യപ്പെടും. കൂടാതെ മധുരപാനീയങ്ങൾക്ക് ടാക്‌സ് ഏർപ്പെടുത്താനും കലോറിയും കൊഴുപ്പും കൂടുതലുള്ള ആഹാരപദാർഥങ്ങളുടെ പരസ്യം ടിവിയിൽ രാത്രി ഒമ്പതിനു മുമ്പ് പ്രേക്ഷപണം ചെയ്യുന്നത് വിലക്കാനും സർക്കാരിനോട് ശുപാർശ ചെയ്യും.