- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്‌കൂളുകൾ ഉച്ചവരെ മാത്രം മതിയെന്ന് ആദ്യ നിർദ്ദേശം; മൂന്ന് ദിവസം ഒരു വിഭാഗം വിദ്യാർത്ഥികൾക്ക് ക്ലാസ്; ഉച്ചയ്ക്ക് ശേഷം ഓൺലൈൻ ക്ലാസുകൾ തുടരും; മുന്നോട്ട് വയ്ക്കുന്നത് ബയോ ബബിൾ മാത്രക; സമഗ്ര റിപ്പോർട്ട് തയ്യാറാക്കും; സ്‌കൂൾ തുറക്കലിൽ പരമാവധി കരുതൽ
തിരുവനന്തപുരം: നവംബർ ഒന്നിന് തന്നെ സ്‌കൂൾ തുറക്കാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം. എന്നാൽ കുട്ടികളെ നിർബന്ധിച്ച് സ്‌കൂളുകളിൽ എത്തിക്കില്ല. രക്ഷിതാക്കളുടെ അനുമതി ഉള്ളവരെ മാത്രമേ സ്‌കൂളിൽ പ്രവേശിപ്പിക്കാൻ സാധ്യതയുള്ളൂവെന്നാണ് പുറത്തു വരുന്ന വിവരം. ഇന്ന് ആരോഗ്യമന്ത്രി വീണാ ജോർജും വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിയും വിശദ ചർച്ചകൾ നടത്തി. എന്നാൽ അന്തിമ തീരുമാനം ഒന്നും ആയിട്ടില്ല. വിശദമായ റിപ്പോർട്ട് ഇരു വകുപ്പിലേയും ഉദ്യോഗസ്ഥർ ചേർന്ന് തയ്യറാക്കും. അതിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന് റിപ്പോർട്ട് നൽകും. അതിന് ശേഷമേ സ്‌കൂൾ തുറക്കലിൽ വ്യക്തമായ ധാരണയുണ്ടാകൂ.
സ്‌കൂളുകൾ ഉച്ചവരെ മാത്രം മതിയെന്നത് അടക്കമുള്ള നിർദ്ദേശങ്ങൾ പരിഗണനയിലുണ്ട്. ഉച്ചയ്ക്ക് ശേഷം പതിവ് പോലെ ഓൺലൈൻ ക്ലാസും തുടരും. എന്നാൽ ഉച്ചയ്ക്ക് സ്‌കൂൾ വിട്ടാൽ കുട്ടികൾ എങ്ങനെ ഉടൻ ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ വീട്ടിലെത്തുമെന്ന ആശയക്കുഴപ്പവും ഉണ്ട്. മൂന്ന് ദിവസം ഒരു വിഭാഗം വിദ്യാർത്ഥികൾക്ക് ക്ലാസും അടുത്ത ദിവസങ്ങളിൽ മറ്റ് കുട്ടികൾക്ക് എന്നതും ചർച്ചകളിലുണ്ട്. ഇതിനൊപ്പം ഷിഫ്റ്റും പരിഗണിക്കും. എല്ലാ സാധ്യതയും പരിശോധിച്ചാകും സമഗ്ര റിപ്പോർട്ട് തയ്യാറാക്കുക. ബയോ ബബിളിൽ കുട്ടികളെ കൊണ്ടു വരുമെന്നാണ് ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പ്രതികരണം.
സ്‌കൂൾ കുട്ടികളുടെ വീട്ടിലെ എല്ലാവർക്കും അതിവേഗം രണ്ട് ഡോസ് വാക്‌സിനും എടുക്കും. ബയോബബിളിൽ എങ്ങനെയാകും കുട്ടികളെ നിലനിർത്തുകയെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് വിശദീകരിക്കുന്നില്ല. ഐപിഎല്ലിലും മറ്റും ബയോ ബബിൾ ഉണ്ട്. അതായത് ഒരു പരിപാടിക്ക് പങ്കെടുക്കുന്നവരെ മറ്റൊരിടത്തും നിർത്താതെ ദീർഘകാലം സംരക്ഷിക്കുന്നതാണ് ബയോബബിൾ. എന്നാൽ കേരളത്തിലെ സ്‌കൂളുകളിൽ എത്തുന്ന കുട്ടികൾ വീട്ടിൽ പോകും. അതുകൊണ്ട് തന്നെ ക്രിക്കറ്റിലും മറ്റും നടപ്പിലാക്കുന്ന ബയോബബിൾ സ്‌കൂളുകളിൽ നടപ്പില്ലെന്നതാണ് വസ്തുത.
സ്‌കൂൾ തുറക്കുന്നതിനുള്ള മാർഗരേഖയ്ക്കായി സമഗ്രറിപ്പോർട്ട് തയ്യാറാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അറിയിച്ചു. നവംബർ ഒന്നിന് തന്നെ സ്‌കൂളുകൾ തുറക്കാനാണ് തീരുമാനം. വിദ്യാഭ്യാസ വകുപ്പിന് എല്ലാ പിന്തുണയും നൽകുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജും അറിയിച്ചു. സൂക്ഷ്മ തലത്തിലുള്ള വിശദാംശങ്ങൾ അടക്കം പരിശോധിച്ച് ആരോഗ്യവകുപ്പിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും പ്രിൻസിപ്പൽ സെക്രട്ടറിമാർ സമഗ്രമായ മാർഗരേഖ തയ്യാറാക്കും. രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കും ആശങ്കയില്ലാതെ ക്രമീകരണം നടത്തും. 'ബയോബബിൾ' ആശയം അടിസ്ഥാനമാക്കിയാകും മാർഗരേഖയെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. തദ്ദേശസ്ഥാപനങ്ങൾ, രാഷ്ട്രീയ പാർട്ടികൾ, അദ്ധ്യാപക-രക്ഷകർതൃ സമിതികൾ, വിദ്യാർത്ഥി-യുവജന സംഘടനകൾ തുടങ്ങി എല്ലാ വിഭാഗവുമായും ചർച്ച ചെയ്യും.
കുട്ടികൾക്ക് യാതൊരു ബുദ്ധിമുട്ടില്ലാതെ സുരക്ഷ ഒരുക്കുമെന്ന് മന്ത്രിമാർ അറിയിച്ചു. കുട്ടികളുടെ യാത്രാസൗകര്യം, ക്ലാസ് മുറികളിലെ സുരക്ഷ, ഉച്ചഭക്ഷണ വിതരണം, ക്ലാസ് ഷെഡ്യൂൾ, ശുചിമുറികൾ ഉപയോഗിക്കുന്ന രീതി, ഒരേസമയം എത്ര കുട്ടികൾ വരെയാകാം, കുട്ടികളുടെ കുടുംബാംഗങ്ങളുടെയും അദ്ധ്യാപകരുടെയും വാക്സിനേഷൻ തുടങ്ങി വളരെ സൂക്ഷ്മമായ കാര്യങ്ങളടക്കം ഇന്ന് നടന്ന യോഗത്തിൽ ചർച്ച ചെയ്തു. എത്രയും പെട്ടെന്ന് മാർഗനിർദ്ദേശം തയ്യാറാക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളതെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. ഈ മാസം അവസാനത്തോടെ സിറോ പ്രിവിലൻസ് റിപ്പോർട്ട് ലഭ്യമാകും. അത് കൂടി പരിഗണിച്ചാകും മാർഗനിർദ്ദേശം. രക്ഷിതാക്കളെ ബോധവത്കരിക്കുന്നതും കൗൺസിലിങ് നൽകുന്നതടക്കമുള്ള കാര്യങ്ങൾ തീരുമാനിക്കും. സ്‌കൂൾ അടിസ്ഥാനത്തിൽ ആരോഗ്യ സംരക്ഷണ സമിതികൾ രൂപീകരിക്കും. ആശങ്കകൾക്ക് വഴിവെക്കാതെ എല്ലാ സുരക്ഷയും ഒരുക്കാൻ വകുപ്പുകൾ സജ്ജമാണെന്നും മന്ത്രിമാർ വ്യക്തമാക്കി.
സംസ്ഥാനത്തെ സ്‌കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മാർഗരേഖ തയ്യാറാക്കാനാണ് ഇന്ന് ഉന്നതതല യോഗം ചേർന്നത്. ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് മന്ത്രിമാർ ഉൾപ്പെടെ പങ്കെടുക്കുന്ന യോഗത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. എന്നാൽ അന്തിമ തീരുമാനം ഒന്നും ഇന്ന് എടുത്തില്ല. നവംബർ ഒന്നിന് സ്‌കൂളുകൾ തുറക്കുമ്പോൾ ഒരേ സമയം എത്ര കുട്ടികളെ വരെ ക്ലാസ്സുകളിൽ പ്രവേശിപ്പിക്കണം, ഒരു ബെഞ്ചിൽ എത്ര വിദ്യാർത്ഥികൾ ആകാം തുടങ്ങിയ കാര്യങ്ങളാകും ഏറ്റവും വിലയ വെല്ലുവളി.
സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് സ്‌കൂളുകൾക്ക് എല്ലാം ബാധകമാകുന്ന പൊതുമാർഗരേഖ ആയിരിക്കും തയ്യാറാക്കുക. വലിയ ക്ലാസ്സുകളിൽ പ്രവേശിപ്പിക്കുന്ന കുട്ടികളുടെ എണ്ണത്തിലും ചെറിയ ക്ലാസ്സുകളിലെ കുട്ടികളുടെ എണ്ണത്തിലും വ്യത്യാസം കൊണ്ടുവരാനാണ് സാധ്യത. ഒന്ന് മുതൽ അഞ്ച് വരെ ക്ലാസുകളിലെ കുട്ടികളെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു ക്ലാസ്സിൽ ഇരുത്താൻ സാധിക്കുമോയെന്ന സംശയവും ആരോഗ്യ വകുപ്പിന് മുന്നിലുണ്ട്.
അതിനിടെ സ്‌കൂൾ വാഹനത്തിൽ ഒരു സീറ്റിൽ ഒരു വിദ്യാർത്ഥി മാത്രമേ പാടുള്ളൂവെന്ന് മോട്ടോർ വാഹനവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. കോവിഡ് സുരക്ഷാ നിർദ്ദേശങ്ങൾ അടങ്ങിയ മാർഗരേഖ വകുപ്പ് പുറത്തിറക്കി. ഡ്രൈവർമാരടക്കമുള്ള വാഹനത്തിലെ ജീവനക്കാർ രണ്ട് ഡോസ് വാക്സിൻ എടുത്തവരാകണം. ഇവരുടെ താപനില ദിവസവും പരിശോധിക്കണം. ആവശ്യമെങ്കിൽ വിദ്യാർത്ഥികൾക്കായി കെഎസ്ആർടിസി ബോണ്ട് സർവീസ് ആരംഭിക്കും. കൺസഷൻ അടുത്ത ദിവസം തീരുമാനിക്കും. വിദ്യാർത്ഥികളെ എത്തിക്കാനായി മറ്റ് കോൺട്രാക്ട് ക്യാരേജ് വാഹനങ്ങൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ അവയ്ക്കും ഈ നിർദ്ദേശം ബാധകമാണെന്നും മന്ത്രി പറഞ്ഞു.
സ്‌കൂൾ വാഹനങ്ങൾ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ സ്‌കൂളിലെത്തി പരിശോധിക്കും. പരിശോധന വിജയകരമായി പൂർത്തിയാക്കിയ വാഹനങ്ങൾക്ക് സ്റ്റുഡന്റ്സ് ട്രാൻസ്പോർട്ടേഷൻ പ്രോട്ടോകോൾ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകും. സർട്ടിഫിക്കറ്റ് വാഹനത്തിൽ സൂക്ഷിക്കണം. ഒക്ടോബർ 20നകം പരിശോധന പൂർത്തിയാക്കുമെന്ന് മന്ത്രി ആന്റണി രാജു അറിയിച്ചു. പരിശോധന പൂർത്തിയാക്കി പരീക്ഷണ ഓട്ടത്തിനുശേഷമേ വാഹനം ഉപയോഗിക്കാവൂവെന്നും പ്രോട്ടോകോളിൽ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ