തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂൾ തുറക്കുന്നതിന് മാർഗ്ഗരേഖ പുറത്തിറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിയമസഭയെ അറിയിച്ചു. മാർഗരേഖ മുഖ്യമന്ത്രി ഇന്ന് പുറത്തിറക്കുമെന്നാണ് ശിവൻകുട്ടി അറിയിച്ചത്. സ്‌കൂൾ തുറക്കുന്നത് സംബന്ധിച്ച മാർഗരേഖ മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. കരട് അംഗീകരിച്ചാൽ ഉടൻ ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവിറക്കുമെന്ന് മന്ത്രി പറഞ്ഞു.

സ്‌കൂളുകളിൽ ഉച്ചവരെയാകും ക്ലാസ്, ശനിയാഴ്ച പ്രവൃത്തി ദിവസമാകും, എൽ പി ക്ലാസിൽ ഒരു ബെഞ്ചിൽ രണ്ടു കുട്ടികളെയാകും ഇരുത്തുകയെന്ന് മന്ത്രി പറഞ്ഞു. സ്‌കൂൾ തുറക്കുമ്പോൾ വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണം നൽകണമെന്നതാണ് സർക്കാരിന്റെ നയം. അതിനായി എല്ലാ സ്‌കൂളുകളിലും കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് ഉച്ചഭക്ഷണ വിതരണത്തിനുള്ള സംവിധാനം ഉണ്ടാക്കുമെന്നും വി ശിവൻകുട്ടി നിയമസഭയെ അറിയിച്ചു.

ഓരോ സ്‌കൂളിനും ഒരോ ഡോക്ടർമാരുടെ സേവനം ഉറപ്പാക്കും. സ്‌കൂളുകളിൽ ഹെൽപ്പ് ലൈനും സിക്ക് റൂമും ഉണ്ടാകും. സ്‌കൂളുകൾ തുറക്കാതെ കിടക്കുന്ന സാഹചര്യത്തിൽ സ്‌കൂളുകൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾ നൽകാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്ത സ്‌കൂളുകളിലെ ക്ലാസുകൾ തൊട്ടടുത്തുള്ള മറ്റൊരു സ്‌കൂളിൽ നടത്താനും ആലോചനയുണ്ട്. എല്ലാ വശങ്ങളും പരിശോധിച്ച് മാത്രമായിരിക്കും നടപടികളെന്നും മന്ത്രി പറഞ്ഞു.

സ്‌കൂൾ കെട്ടിടങ്ങളിലെ ആസ്ബറ്റോസ് മാറ്റണമെന്നത് കോടതി ഉത്തരവാണ്. അതിന്റെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശം നൽകിയത്. ഇതിൽ സർക്കാർ കർശന നിലപാട് സ്വീകരിച്ചിട്ടില്ല. നിലവിലെ സാഹചര്യത്തിൽ കോടതി ഉത്തരവ് ചൂണ്ടിക്കാട്ടുകയാണ് ചെയ്തിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.

സ്‌കൂൾ കേന്ദ്രീകരിച്ച് രൂപീകരിക്കുന്ന ജനകീയ സമിതിയുടെ നേതൃത്വത്തിൽ വിദ്യാലയങ്ങൾ ശുചീകരിക്കാനും അണുവിമുക്തമാക്കാനുമുള്ള പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ഇതിന് രാഷ്ട്രീയപാർട്ടികൾ, എംഎൽഎമാർ, തദ്ദേശ സ്ഥാപന പ്രതിനിധികളുമെല്ലാം മികച്ച പിന്തുണ നൽകുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു. സ്‌കൂൾ വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾ പൂർത്തീകരിക്കുന്നതിന് പിടിഎയുടെയും നാട്ടുകാരുടെയും സഹകരണം വേണമെന്നും മന്ത്രി പറഞ്ഞു.