- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുതിയ അധ്യയന വർഷം ജൂൺ ഒന്നിന് തന്നെ ആരംഭിക്കും; ക്ലാസുകൾ തുടങ്ങുക ഓൺലൈനായി; കൈറ്റ് വിക്ടേഴ്സ് ചാനലിലും ഓൺലൈനിലും ക്ലാസുകൾ; സിബിഎസ്ഇ പരീക്ഷാ സമയം ചുരുക്കി നടത്തുന്നതിനോട് യോജിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിലേയും കോളേജുകളിലേയും അധ്യായനവർഷം ജൂൺ ഒന്നിന് തന്നെ ആരംഭിക്കും. കോവിഡ് പശ്ചാത്തലത്തിൽ ഇത്തവണയും ഓൺലൈനിലൂടെ തന്നെയാകും ക്ലാസുകൾ. കൈറ്റ് വിക്ടേഴ്സ് ചാനലിലും ഓൺലൈനിലും കുട്ടികൾക്ക് ക്ലാസുകൾ ഉണ്ടാകും. ഒന്നു മുതൽ പത്ത് വരെയുള്ള ക്ലാസുകളാണ് നിലവിൽ ജൂൺ ഒന്നിന് തുറക്കുക.
പ്ലസ് വൺ ക്ലാസുകളും പരീക്ഷകളും പൂർത്തിയാകാത്തതിനാൽ പ്ലസ്ടു ക്ലാസുകൾ തുറക്കുന്നത് പിന്നീട് അറിയിക്കും. ഒന്നാം ക്ലാസിൽ ഓൺലൈനായി പ്രവേശനോത്സവം നടത്തും. ജൂൺ ഒന്നിന് തന്നെ കോളേജുകളിലും അധ്യയനം ആരംഭിക്കും. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു സർവകലാശാല വൈസ് ചാൻസലർമാരുടെ യോഗം ചേർന്നു. ജൂൺ 15 മുതൽ അവസാനവർഷ ബിരുദ ബിരുദാനന്തര പരീക്ഷകൾ ഷെഡ്യൂൾ ചെയ്യും. ജൂലായ് 31-നകം ഫലം പ്രസിദ്ധീകരിക്കാനും മന്ത്രി നിർദേശിച്ചു.
അതേസമയം സിബിഎസ്ഇ പരീക്ഷ സമയം ചുരുക്കി നടത്തുന്നതിനോട് യോജിച്ച് വിദ്യാഭ്യാസ മന്ത്രാലയം. ചില പരീക്ഷകൾ മാത്രം സമയം ചുരുക്കി നടത്തണമെന്നാണ് നിലപാട്. പ്രധാനമന്ത്രിയുടെ ഓഫീസിന് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഈ വിഷയത്തിൽ നടന്ന യോഗത്തിൽ ഭൂരിഭാഗം സംസ്ഥാനങ്ങളും പരീക്ഷ ഉപേക്ഷിക്കേണ്ടതില്ലെന്ന നിലപാടാണ് കൈക്കൊണ്ടത്. സെപ്റ്റംബറിലോ അതിന് ശേഷമോ പരീക്ഷ നടത്തുന്ന കാര്യം ആലോചിക്കണമെന്നാണ് സംസ്ഥാനങ്ങളുടെ നിലപാട്.
പരീക്ഷ നടത്തേണ്ടെന്നും ഉപേക്ഷിക്കണമെന്നും ഡൽഹിയും മഹാരാഷ്ട്രയും ആവശ്യപ്പെട്ടിരുന്നു. ചില പരീക്ഷകൾ മാത്രം നടത്താമെന്ന് കേന്ദ്രം നിർദ്ദേശിച്ചു. പരീക്ഷ ഒന്നര മണിക്കൂറാക്കാം എന്ന നിർദ്ദേശവും ചർച്ചയായി. വിദ്യാർത്ഥികൾക്ക് വാക്സീൻ എത്രയും വേഗം നൽകണമെന്ന് സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടു. ഒടുവിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം പ്രധാനമന്ത്രിക്ക് വിടുകയാണ്.
സിബിഎസ്ഇ പന്ത്രണ്ടാം ക്ളാസ് പരീക്ഷ മാറ്റിവയ്ക്കാനാണ് നേരത്തെ കേന്ദ്രസർക്കാർ തീരുമാനിച്ചത്. ജൂൺ ഒന്നിന് കോവിഡ് സ്ഥിതി വിലയിരുത്തി തീരുമാനം എടുക്കാനും ധാരണയിലെത്തിയിരുന്നു. പരീക്ഷയുമായി മുന്നോട്ടു പോകണം എന്ന പൊതു വികാരമാണ് സംസ്ഥാനങ്ങൾക്ക്. എന്നാൽ ജൂലൈക്ക് മുമ്പ് പരീക്ഷ നടത്താനുള്ള സാഹചര്യമില്ല. വിദ്യാർത്ഥികൾക്ക് ഒന്നിലധികം അവസരം നൽകുകയെന്ന നിർദ്ദേശവുമുണ്ട്.
മറുനാടന് മലയാളി ബ്യൂറോ