സമൂഹ മാദ്ധ്യമങ്ങളിലൂടെ പല സിനിമാ താരങ്ങളും രാഷ്ട്രീയ പ്രമുഖരും സെലിബ്രിറ്റീസുമൊക്കെ പ്രതികരിക്കാറുണ്ട്. പലരും തങ്ങൾക്ക് താൽപര്യമുള്ള വിഷയങ്ങളിലാണെന്ന് മാത്രം.

സംഗീതജ്ഞൻ ഗോപീ സുന്ദറും ഇത്തരത്തിൽ സോഷ്യൽ മീഡയിയിൽ സജീവമായി പ്രതികരിക്കാറുള്ള വ്യക്തിയാണ്. കൂടുതലും പൊതുതാൽപര്യങ്ങളാണ് ഗോപീ സുന്ദർ തിരഞ്ഞെടുക്കുന്ന വിഷയം.

ഇക്കുറി ഗോപീ സുന്ദർ തന്റെ ഫേസ്‌ബുക്കിൽ ഷെയർ ചെയ്തിരിക്കുന്നത് ഒരു ചൂരലുകൊണ്ട് മൃഗീയമായി തല്ലുകിട്ടിയ കുട്ടിയുടെ ചിത്രമാണ്. ചോറുകഴിക്കാത്തതിന് കുട്ടിയെ മൃഗീയമായി തല്ലിയതാവട്ടെ സ്‌കൂൾ പ്രിൻസിപ്പലും.

സ്‌കൂൾ പഠനക്കാലത്ത് താനും സമാനമായ അനുഭവങ്ങൾ നേരിട്ടുണ്ടെന്നും ഗോപി സുന്ദർ പറയുന്നു. പ്രശാന്ത് പ്രതാപൻ എന്നയാൾ പോസ്റ്റ് ചെയ്ത ചിത്രമാണ് ഗോപി സുന്ദർ ഷെയർ ചെയ്തത്.

പോസ്റ്റിൽ പറയുന്നത് ഇങ്ങനെ: 'എന്റെ ചേട്ടൻ മകൻ, സ്‌കൂളിൽ ഭക്ഷണം കഴിച്ചില്ലെന്ന് പറഞ്ഞ് പ്രിൻസിപ്പൽ അടിച്ചത്. വിദ്യാധിരാജ പബ്ലിക് സ്‌കൂൾ, വെങ്ങാനൂർ. കേസ് സ്‌കൂൾ അധികൃതർ ഒതുക്കി തീർത്തു. '

പ്രിൻസിപ്പലിന്റെ മൊബൈൽ ഫോൺ നമ്പർ ആർക്കെങ്കിലും അറിയുമോയെന്നും, തനിക്ക് അയാളോട് സംസാരിക്കണമെന്നും ഗോപി സുന്ദർ കമന്റിലൂടെ പറയുന്നു. പ്രിൻസിപ്പലിനെ സ്‌കൂൾ മാനേജ്‌മെന്റ് സസ്‌പെൻഡ് ചെയ്‌തെന്നും ചിലർ പറയുന്നുണ്ട്.