.കുവൈത്ത്: അധികരിച്ച് വരുന്ന കാൻസർ രോഗത്തെ പ്രതിരോധിക്കുക, സമൂഹത്തെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ നിലാവ് കുവൈത്ത് നടത്തിവരുന്ന പരിപാടിയുടെ ഭാഗമായി കുവൈത്തിലെ വിവിധ സ്‌കൂളുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്തികൾക്കായി ബോധവൽകരണ ക്ലാസും ചോദ്യോത്തര പരിപാടിയും സംഘടിപ്പിച്ചു. ''ദ യംഗ് ടാലന്റ് വളണ്ടിയർസ് ഫോർ കാൻസർ അവയർനസ്' എന്ന തലക്കെട്ടിൽ നടത്തിയ പരിപാടിയിൽ 100ലേറെ കുട്ടികൾ പങ്കെടുത്തു. കുട്ടികളെ കൂടാതെ, വിവിധ സ്‌കൂളിലെ പ്രാധാനാധ്യാപകർ, രക്ഷിതാക്കൾ പരിപാടിയിൽ സംബന്ധിച്ചു.

വിവിധങ്ങളായ കാൻസർ രോഗങ്ങളെ കുറിച്ചും, പ്രതിരോധരീതികളെ കുറിച്ചും പ്രഗൽഭ കാൻസർ സ്‌പെഷലിസ്റ്റ് ഡോ. വി.പി. ഗംഗാധരനും, ഡോ. ചിത്രതാരയും ക്ലാസ്സെടുത്തു. രോഗത്തെ കുറിച്ച് സമൂഹത്തിൽ നിലനിൽക്കുന്ന അബദ്ധധാരണകളെ തിരുത്തുവാനും, കാൻസർ മറ്റെല്ലാം രോഗങ്ങളെയും പോലെ ഒരു രോഗം മാത്രമാണെന്നുമുള്ള അവബോധം സമൂഹത്തിൽ ഉണ്ടാക്കുക എന്നത് അനിവാര്യമാണെന്നും, സമൂഹത്തെ പ്രബുദ്ധരാക്കുവാൻ വിദ്യാർത്ഥികൾ അതിന് മുന്നിട്ടിറങ്ങണമെന്നു ഡോക്ടർ പറഞ്ഞു.

ഇന്ത്യൻ സ്ഥാനപതി ഉദ്ഘാടനം ചെയ്ത പരിപാടിയിൽ പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഡോ. അമീർ അഹമ്മദ് അദ്ധ്യക്ഷം വഹിച്ചു. റഫീഖ് തായത്ത് സംസാരിച്ചു. അബ്ദുൽ ഫത്താഹ് തയ്യിൽ സ്വാഗതവും, നിലാവ് ട്രഷറർ മുജീബുള്ള കെ. വി. നന്ദിയും പറഞ്ഞു. മാസ്റ്റർ മിഷേൽ പരിപാടികൾ ക്രോടീകരിച്ചു.

ക്ലാസിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റുകളും, സ്‌കൂളുകൾക്കുള്ള മെമെന്റോയും ഡോ. ഗംഗാധരൻ നൽകി. തുടർന്നു നടന്ന ക്വിസ് പരിപാടിയിൽ വിജയികളായ കുട്ടികൾക്കുള്ള സമ്മാനവും വേദിയിൽ വെച്ച് വിതരണം ചെയ്തു.

നിലാവ് മുഖ്യ രക്ഷാധികാരി, സത്താർ കുന്നിൽ, നിലാവ് പ്രസിഡന്റ ഹബീബുള്ള മുറ്റിച്ചൂർ, ജന. സെക്രട്ടറി ഹമീദ് മധൂർ, പ്രോഗ്രാം കൺവീനർ ശരീഫ് താമരശ്ശേരി, ഹുസാം കുട്ടി, ഹനീഫ, റഹീം അരിക്കാടി, ഫിറോസ് സി, അസീസ് ഇടമുട്ടം, സുജരിയ മീത്തൽ, ആബിദ സത്താർ, ശബീബ റഫീഖ്, അബ്ദുള്ള കടവത്ത് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.