- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാളെ മുതൽ ക്ലാസ് മുറികൾ വീണ്ടും ശബ്ദമുഖരിതമാകും; ആദ്യം തുടങ്ങുക ഒന്ന് മുതൽ ഏഴ് വരെ, 10, 12 ക്ലാസുകൾ; രണ്ട് വാക്‌സിൻ പൂർത്തിയാക്കാത്ത അദ്ധ്യാപകരും അനദ്ധ്യാപകരും രണ്ടാഴ്ച്ചത്തേക്ക് സ്കുളിൽ വരേണ്ടെന്ന് നിർദ്ദേശം; പുതിയ അദ്ധ്യായനവർഷത്തിൽ അറിയേണ്ടതെല്ലാം
തിരുവനന്തപുരം: കോവിഡ് മഹാമാരി തീർത്ത ഇടവേള കഴിഞ്ഞ് ഒന്നരവർ ശേഷം നാളെ സംസ്ഥാനത്ത് സ്‌കൂളുകൾ തുറക്കും.ശുചീകരണമടക്കമുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി വിദ്യാർത്ഥികളെ സ്വീകരിക്കാൻ തയ്യാറായി ഇരിക്കുകയാണ് വിദ്യാലയങ്ങൾ. കോവിഡ് വ്യാപനത്തെ തുടർന്ന് അടഞ്ഞു കിടന്ന സ്‌കൂളുകൾ പ്രവേശനോത്സവത്തോടെ തന്നെ കുട്ടികളെ സ്വീകരിക്കും.സംസ്ഥാനതല പ്രവേശനോത്സവം തിരുവനന്തപുരം കോട്ടൺഹിൽ സ്‌കൂളിൽ തിങ്കളാഴ്ച രാവിലെ 8.30ന് നടക്കും. മന്ത്രിമാരായ വി ശിവൻകുട്ടി, വീണാ ജോർജ്, ആന്റണി രാജു, ജിആർ അനിൽ എന്നിവർ പങ്കെടുക്കും.
സംസ്ഥാനം പൂർണ സജ്ജമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. മാതാപിതാക്കളുടെ സമ്മതപത്രത്തോടെ വേണം കുട്ടികളെ അയക്കാൻ. ആശങ്കയുള്ള രക്ഷാകർത്താക്കൾ സാഹചര്യം വിലയിരുത്തിയ ശേഷം പിന്നീട് കുട്ടികളെ അയച്ചാൽ മതിയെന്നും മന്ത്രി വ്യക്തമാക്കി.ഉച്ചഭക്ഷണം ലഭ്യമാക്കുന്നതിനായി ഫണ്ട് അനുവദിച്ചിട്ടുണ്ട്. രണ്ട് ഡോസ് വാക്‌സിൻ എടുക്കാത്ത അദ്ധ്യാപകരും അനധ്യാപകരും രണ്ടാഴ്ചത്തേക്ക് സ്‌കൂളിൽ വരുന്നത് ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു. അദ്ധ്യാപകരില്ലാത്തയിടങ്ങളിൽ താത്കാലിക അദ്ധ്യാപകരെ നിയമിക്കാൻ അനുമതി നൽകി. ലോവർ പ്രൈമറി സ്‌കൂളുകളിൽ പ്രഥമാധ്യാപകരെ കോടതി ഉത്തരവുപ്രകാരം നിയമിക്കുമെന്നും മന്ത്രി പറഞ്ഞു.
കൃത്യമായ മുന്നൊരുക്കങ്ങളുമായാണ് സ്‌കൂൾ തുറക്കുന്നതെന്നാണ് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കുന്നത്. 2400 തെർമൽ സ്‌കാനറുകൾ സ്‌കൂളുകളിലേക്ക് വിതരണം ചെയ്തു. ആദ്യ രണ്ടാഴ്ച ഹാജർ രേഖപ്പെടുത്തില്ല. ഉച്ചവരെയാകും ക്ലാസുകൾ.ആത്മവിശ്വാസം കൂട്ടുന്നതിനായുള്ള പഠനം മാത്രമാകും ആദ്യ ആഴ്ചകളിൽ. ഇനിയും വാക്‌സിനെടുക്കാത്ത 2282 അദ്ധ്യാപകരോട് തത്കാലത്തേക്ക് സ്‌കൂളിലേക്ക് വരരുത് എന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.
രണ്ട് ഡോസ് വാക്‌സിനെടുക്കാത്ത രക്ഷിതാക്കളുടെ കുട്ടികളെ സ്‌കൂളിലേക്ക് അയക്കരുതെന്ന നിർദ്ദേശം നൽകിയിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. 8, 9 ക്ലാസുകൾ ഒഴികെ മുഴുവൻ ക്ലാസുകളും ഒന്നിന് തന്നെ തുടങ്ങും. 15 മുതൽ 8, 9 ക്ലാസുകളും പ്ലസ് വണും കൂടി തുടങ്ങും.
ഒരു ക്ലാസിനെ രണ്ടായി വിഭജിച്ച് കുട്ടികൾ ഒരുമിച്ചെത്തുന്നത് ഒഴിവാക്കിയാകും ക്ലാസുകൾ നടത്തുക. ബാച്ചുകൾ സ്‌കൂളുകൾക്ക് തിരിക്കാം. ഒരോ ബാച്ചിനും തുടർച്ചയായ മൂന്ന് ദിവസം ക്ലാസ്. അടുത്ത ബാച്ചിന് അടുത്ത മൂന്ന് ദിവസം ക്ലാസ്. ഓരോ ഗ്രൂപ്പിനെയും ബയോബബിളായി കണക്കാക്കിയാകും പഠനം.
രാവിലെ 9 മുതൽ 10 വരെയുള്ള സമയത്തിനിടയ്ക്ക് ക്ലാസുകൾ തുടങ്ങണം. കുട്ടികളെ കൊണ്ട് വരുന്ന രക്ഷിതാക്കൾ സ്‌കൂളിൽ പ്രവേശിക്കരുത്. ഉച്ചഭക്ഷണം കോവിഡ് പ്രോട്ടോക്കാൾ പാലിച്ചായിരിക്കണം. ഇതൊക്കെയാണ് പൊതു നിർദ്ദേശങ്ങൾ. ആദ്യരണ്ടാഴ്ചക്ക് ശേഷം ക്ലാസിലെത്തേണ്ട കുട്ടികളുടെ എണ്ണം, ഷിഫ്റ്റ് എന്നിവയിലടക്കമുള്ള മാറ്റമുണ്ടാകും.
പൂർണ്ണ പിന്തുണയുമായി ആരോഗ്യ വകുപ്പ്
പ്രതീക്ഷയോടെ വിദ്യാർത്ഥികൾ സ്‌കൂളുകളിലേക്ക് പോകുമ്പോൾ കരുതലോടെ ആരോഗ്യ വകുപ്പും ഒപ്പമുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് വ്യക്തമാക്കി. വിദ്യാർത്ഥികൾക്കോ അദ്ധ്യാപകർക്കോ രക്ഷിതാക്കൾക്കോ ഉണ്ടാകുന്ന ശാരീരിക മാനസിക പ്രശ്നങ്ങൾ പരിഹരിക്കാൻ ആരോഗ്യ വകുപ്പ് സജ്ജമാണ്. കുട്ടികളുടെ ശാരീരികാരോഗ്യം പോലെ തന്നെ മാനസികാരോഗ്യവും അദ്ധ്യാപകരും രക്ഷിതാക്കളും ഉറപ്പ് വരുത്തേണ്ടതാണ്. എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ തൊട്ടടുത്തുള്ള ആരോഗ്യ പ്രവർത്തകരേയോ ദിശ 104, 1056, 0471 2552056, 2551056 എന്നീ നമ്പരുകളിലോ, ഇ സഞ്ജീവനിയുമായോ ബന്ധപ്പെടാവുന്നതാണ്.
അദ്ധ്യാപകർ കോവിഡ് പ്രതിരോധത്തിന്റെ ബാലപാഠങ്ങൾ വിദ്യാർത്ഥികളെ ഇടയ്ക്കിടയ്ക്ക് പറഞ്ഞ് ഓർമ്മപ്പെടുത്തണം. വിദ്യാർത്ഥികളിലൂടെ അത്രയും കുടുംബത്തിലേക്ക് അവബോധം എത്തിക്കാനാകും. ഇടവേളയ്ക്ക് ശേഷം സ്‌കൂളിലെത്തുന്ന എല്ലാ വിദ്യാർത്ഥികൾക്കും മന്ത്രി ആശംസ അറിയിച്ചു.
ഒന്നാം ക്ലാസിലെ ചെറിയ കുട്ടികൾ മുതൽ ഉള്ളതിനാൽ വിദ്യാഭ്യാസ വകുപ്പും ആരോഗ്യ വകുപ്പും മറ്റ് പല വകുപ്പുകളുമായി നിരന്തരം ചർച്ച ചെയ്താണ് മാർഗ രേഖ തയ്യാറാക്കിയത്. രക്ഷകർത്താക്കളുടേയും അദ്ധ്യാപകരുടേയും മികച്ച കൂട്ടായ്മയിലൂടെ സ്‌കൂളുകൾ നന്നായി കൊണ്ടുപോകാനാകും. മാർഗ നിർദ്ദേശമനുസരിച്ച് ഓരോ സ്‌കൂളും പ്രവർത്തിച്ചാൽ കോവിഡിനെതിരെ ശക്തമായ പ്രതിരോധം ഒരുക്കാനാകും. മാത്രമല്ല മറ്റ് പല രോഗങ്ങളിൽ നിന്നു കുട്ടികളെ സംരക്ഷിക്കാനുമാകും.
മാസ്‌കും ശുചിത്വവും തന്നെ പ്രധാനം..അറിയേണ്ടതെല്ലാം
* ബയോബബിൾ അടിസ്ഥാനത്തിൽ മാത്രം ക്ലാസുകൾ.
* ഓരോ ബബിളിലുള്ളവർ അതത് ദിവസം മാത്രമേ സ്‌കൂളിൽ എത്താവൂ.
* പനി, ചുമ, ശ്വാസതടസം, ജലദോഷം തുടങ്ങിയ രോഗ ലക്ഷണങ്ങൾ ഉള്ളതോ കോവിഡ് സമ്പർക്ക പട്ടികയിലുള്ളതോ ആയ ആരും ഒരു കാരണവശാലും സ്‌കൂളിൽ പോകരുത്.
* മാസ്‌ക് ധരിച്ച് മാത്രം വീട്ടിൽ നിന്നിറങ്ങുക. ഡബിൾ മാസ്‌ക് അല്ലെങ്കിൽ എൻ 95 മാസ്‌ക് ഉപയോഗിക്കുക.
* വായും മൂക്കും മൂടത്തക്കവിധം മാസ്‌ക് ധരിക്കുക.
* യാത്രകളിലും സ്‌കൂളിലും മാസ്‌ക് താഴ്‌ത്തി സംസാരിക്കരുത്.
* ആഹാരം കഴിച്ച ശേഷം പുതിയ മാസ്‌ക് ഉപയോഗിക്കുന്നതാണ് നല്ലത്.
* കൈകൾ വൃത്തിയാക്കാതെ കണ്ണ്, മൂക്ക്, വായ് എന്നിവ സ്പർശിക്കരുത്.
* അടച്ചിട്ട സ്ഥലങ്ങൾ പെട്ടെന്ന് രോഗ വ്യാപനത്തിന് കാരണമാകുമെന്നതിനാൽ ക്ലാസ് മുറിയിലെ ജനാലകളും വാതിലുകളും തുറന്നിടേണ്ടതാണ്.
* ഇടവേളകൾ ഒരേ സമയത്താക്കാതെ കൂട്ടം ചേരലുകൾ ഒഴിവാക്കണം.
* പഠനോപകരണങ്ങൾ, ഭക്ഷണം, കുടിവെള്ളം എന്നിവ യാതൊരു കാരണവശാലും പങ്കുവയ്ക്കുവാൻ പാടുള്ളതല്ല.
* ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കരുത്. പകരം രണ്ട് മീറ്റർ അകലം പാലിച്ച് കുറച്ച് വിദ്യാർത്ഥികൾ വീതം കഴിക്കണം. ഭക്ഷണം കഴിക്കുന്ന സമയത്ത് സംസാരിക്കാൻ പാടില്ല.
* കൈകഴുകുന്ന സ്ഥലത്തും കൂട്ടം കൂടാൻ പാടില്ല. ഇവിടേയും രോഗവ്യാപനത്തിന് സാധ്യതയുണ്ട്.
* ടോയ്ലറ്റുകളിൽ പോയതിന് ശേഷം കൈകൾ സോപ്പും വെള്ളവും അല്ലെങ്കിൽ സാനിറ്റൈസർ ഉപയോഗിച്ച് വൃത്തിയാക്കുക.
* പ്രാക്ടിക്കൽ ക്ലാസുകൾ ചെറിയ ഗ്രൂപ്പുകളായി നടത്തേണ്ടതാണ്.
* ഒന്നിലധികം പേർ ഉപയോഗിക്കാൻ സാധ്യതയുള്ള ഉപകരണങ്ങൾ ഓരോ കുട്ടിയുടെ ഉപയോഗത്തിന് ശേഷവും അണു വിമുക്തമാക്കേണ്ടതാണ്.
* രോഗലക്ഷണ പരിശോധനാ രജിസ്റ്റർ സ്‌കൂളുകളിൽ സൂക്ഷിക്കണം.
* രോഗ ലക്ഷണങ്ങളുള്ള ജീവനക്കാരുടെയും കുട്ടികളുടെയും പേരുകൾ രജിസ്റ്ററിൽ രേഖപ്പെടുത്തുകയും പതിവായി നിരീക്ഷിക്കുകയും വേണം.
* ഓരോ സ്‌കൂളിലും പ്രദേശത്തുള്ള ഡോക്ടറുടെ സേവനം ഉറപ്പാക്കണം.
* വിദ്യാർത്ഥികൾക്കോ ജീവനക്കാർക്കോ രോഗ ലക്ഷണങ്ങൾ കണ്ടാൽ സമീപത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ ബന്ധപ്പെടുക.
* അടിയന്തര സാഹചര്യത്തിൽ വൈദ്യ സഹായത്തിന് ബന്ധപ്പെടേണ്ട ടെലിഫോൺ നമ്പരുകൾ ഓഫീസിൽ പ്രദർശിപ്പിക്കുക.
* കുട്ടികളും ജീവനക്കാരും അല്ലാത്തവർ സ്ഥാപനം സന്ദർശിക്കുന്നത് നിരുത്സാഹപ്പെടുത്തണം.
* വീട്ടിലെത്തിയ ഉടൻ കുളിച്ച് വൃത്തിയായതിന് ശേഷം മാത്രം മറ്റുള്ളവരുമായി ഇടപഴകുക.
* മാസ്‌കും വസ്ത്രങ്ങളും അലക്ഷ്യമായിടാതെ സോപ്പുപയോഗിച്ച് കഴുകി വൃത്തിയാക്കണം
മറുനാടന് മലയാളി ബ്യൂറോ