ദുബായ്: റംസാൻ വ്രതക്കാലത്ത് സ്‌കൂൾ പ്രവൃത്തി സമയം സംബന്ധിച്ച് ഇനിയും പ്രഖ്യാപനമൊന്നുമായിട്ടില്ലെന്നും കെഎച്ച്ഡിഎ ഇതു സംബന്ധിച്ച് ഈ മാസം തന്നെ തീരുമാനം അറിയിക്കുമെന്നും അധികൃതർ വ്യക്തമാക്കി. ദുബായിലെ സ്വകാര്യ സ്‌കൂളുകൾ കെഎച്ച്ഡിഎയുടെ പ്രഖ്യാപനത്തിന് ശേഷം മാത്രമേ സ്‌കൂൾ സമയം സംബന്ധിച്ച് തീരുമാനം എടുക്കാവൂ എന്നും പ്രത്യേകം അറിയിപ്പുണ്ട്.

അതേസമയം റംസാൻ കാലത്തെ സ്‌കൂൾ പ്രവൃത്തി സമയം സംബന്ധിച്ച് ചില സ്വകാര്യ സ്‌കൂളുകൾ വിദ്യാർത്ഥികളുടെ മാതാപിതാക്കൾക്ക് നോട്ടീസ് നൽകിയിട്ടുണ്ടെന്നും എന്നാൽ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ലെന്നും എഡ്യൂക്കേഷൻ റെഗുലേറ്ററി ബോർഡ് വ്യക്തമാക്കി. വ്രതം നോക്കുന്ന വിദ്യാർത്ഥികളുടെ അവസ്ഥ കണക്കിലെടുത്ത് ഇതുസംബന്ധിച്ച് മാതാപിതാക്കളും സ്‌കൂൾ അധികൃതരുമായി കെഎച്ച്ഡിഎ ചർച്ചകൾ നടത്തിവരികയാണെന്നും ഉടൻ തന്നെ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തുമെന്നുമാണ് കെഎച്ച്ഡിഎ അധികൃതർ പറഞ്ഞിട്ടുള്ളത്.

അൽ ബാർഷയിലും മറ്റുമുള്ള ചില സ്വകാര്യ സ്‌കൂളുകൾ റംസാൻ കാലത്തെ സ്‌കൂൾ പ്രവൃത്തി സമയം സംബന്ധിച്ച് നോട്ടീസ് പുറപ്പെടുവിച്ചിട്ടുള്ളതാണ് അധികൃതരെ ചൊടിപ്പിച്ചിരിക്കുന്നത്. ചില സ്‌കൂളുകൾ രാവിലെ 8.30ന് ആരംഭിച്ച് 1.30ന് അവസാനിക്കുന്ന തരത്തിലാണ് സമയം ക്രമീകരിച്ചരിക്കുന്നത്. മറ്റു ചില സ്‌കൂളുകൾ പ്രവർത്തി സമയം കുറച്ചിട്ടുമുണ്ട്.