ലണ്ടൻ: കാണാതായ രണ്ടു സ്‌കൂൾ വിദ്യാർത്ഥിനികളെ ട്രെയിനിൽ അടച്ചിട്ട നിലയിൽ കണ്ടെത്തി. 12 കാരിയായ ആമി ഗ്രീനാൻ എന്ന വിദ്യാർത്ഥിനിയും സുഹൃത്തുമാണ് ഗ്ലാസ്ഗോ സന്ദർശനത്തിനു ശേഷം ബല്ലോക്കിലേക്ക് മടങ്ങും വഴി ട്രെയിനിലിരുന്ന് ഉറങ്ങിപ്പോയതിനാൽ അതിനകത്ത് അടച്ചുപൂട്ടപ്പെട്ടത്.രാത്രി മുഴുവൻ ട്രെയിനിനകത്ത് കരഞ്ഞു നിലവിളിച്ചിരുന്ന അവരെ ശനിയാഴ്‌ച്ച രാത്രി അതിനടുത്തുകൂടി പോയ ഒരാൾ കണ്ടതിനെ തുടർന്ന് റെയിൽവേ ജീവനക്കാരെ അറിയിക്കുകയായിരുന്നു. ഇയാൾ കണ്ടെത്തുന്നതിനു മുൻപായി, ജനൽ ചില്ല് തകർത്ത് രക്ഷപ്പെടാനുള്ള ശ്രമത്തിലായിരുന്നു വിദ്യാർത്ഥിനികൾ എന്ന് ആമിയുടെ അമ്മ ബോണി ലൂയിസ് ഗ്രീനാൻ പറഞ്ഞു.

രാവിലെ സ്‌കൂളിൽ പോയ ആമി തിരിച്ചെത്താതായതോടെ തനിക്ക് ഭ്രാന്തുപിടിക്കുന്ന അവസ്ഥ എത്തി എന്നാണ് ബോണി പറയുന്നത്. വൈകിട്ട് 7 മണിയോടെ ആമിയുടെ ഫോണിലേക്ക് വിളിച്ചപ്പോൾ ഫോൺ പ്രവർത്തനരഹിതമായിരുന്നു. അവളുടെ കൂട്ടുകാരിയുടെ ഫോണും പ്രവർത്തനരഹിതമായിരുന്നു. പിന്നീട് ഈ കൂട്ടുകാരിയുടെ വീട്ടുകാരുമായി ബന്ധപ്പെടുകയും അവളുടെ അമ്മയോടൊപ്പം താനും പോയി പൊലീസിൽ പരാതിപ്പെടുകയായിരുന്നു എന്നുമാണ് ബോണി ലൂയിസ് ഗ്രീനാൻ പറഞ്ഞത്.

ഈ അന്വേഷണത്തിനിടയിൽ അവരുടെ ഒരു സുഹൃത്താണ് പകൽ മുഴുവൻ അവർ ഗ്ലാസ്ഗോയിൽ ഉണ്ടായിരുന്നതായും പിന്നീട് ബല്ലോക്കിലേക്കുള്ള ട്രെയിനിൽ കണ്ടതായും വിവരം നൽകിയത്. തുടർന്ന് ബല്ലോക്കിലും തെരച്ചിൽ നടത്തിയെങ്കിലും അവരെ കണ്ടെത്താനായില്ല. പിന്നീട് വെളുപ്പിന് പൊലീസ് ഉദ്യോഗസ്ഥരാണ് വിളിച്ചുപറഞ്ഞത് പെൺകുട്ടികളെ കണ്ടെത്തിയെന്ന്. അവർ ട്രെയിനിൽ ഇരുന്ന് ഉറങ്ങിപ്പോയതായും, ജീവനക്കാർ അവരെ ശ്രദ്ധിക്കാതെ ട്രെയിൻ പൂട്ടിപ്പോയതായും പൊലീസ് അറിയിച്ചു.

അവർ രാത്രി കുറേ നിലവിളിച്ചെങ്കിലും ആരും കേൾക്കാനുണ്ടായില്ല. പിന്നെ രാവിലെ ആകുന്നതുവരെ കാത്തിരിക്കാൻ തീരുമാനിക്കുകയായിരുന്നു. രാവിലെ, ട്രെയിനിന്റെ ജനൽ ചില്ല് പൊട്ടിച്ച് രക്ഷപ്പെടാൻ തുടങ്ങുമ്പോഴാണ് ട്രെയിനിനടുത്ത് പ്ലാറ്റ്ഫോമിലൂടെ നടക്കുന്ന ഒരു പെൺകുട്ടിയെ കണ്ടത്. ആ കുട്ടിയുടെ ശ്രദ്ധയിൽ പെട്ട ഉടൻ തന്നെ അവൾ ജീവനക്കാരെ വിവരമറിയിക്കുകയായിരുന്നു.

ജീവനക്കാർ എത്തുമ്പോൾ കുട്ടികൾ രണ്ടുപേരും പേടിച്ചരണ്ട അവസ്ഥയിലായിരുന്നു. ആമിയുടെ ശരീരമാകെ തണുത്ത് വിറച്ചിരുന്നു. മാത്രമല്ല, രണ്ടുപേരും ഏറെ ക്ഷീണിതരുമായിരുന്നു. ആരോ പോയി അവർക്ക് ഭക്ഷണവും പാനീയവും എത്തിച്ചു നൽകിയതായും ബോണി പറഞ്ഞു. മോശപ്പെട്ടതെന്തൊക്കെ സംഭവിക്കാമോ അത് സംഭവിച്ചു എന്നാണ് അവർ ഇതേക്കുറിച്ച് പറഞ്ഞത്. ഏതായാലും ഈ സംഭവത്തെ കുറിച്ച് റെയിൽവേ വകുപ്പ് ഒരു അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.