ദുബായ്: യുഎഇയിൽ സ്വകാര്യ സ്‌കൂളുകളുടെ വിനോദയാത്രകൾക്ക് കർശന നിയന്ത്രണം വരുന്നു. രക്ഷിതാക്കളുടെ അപേക്ഷ മാനിച്ചാണ് സ്‌കൂളിൽ നിന്നുള്ള വിനോദയാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നത്. കുട്ടികളുടെ സുരക്ഷ കണക്കിലെടുത്ത് പർവ്വതങ്ങൾ, ബീച്ചുകൾ, വെള്ളച്ചാട്ടം, വാട്ടർ പാർക്ക് എന്നിവിടങ്ങളിലേക്കുള്ള സ്വകാര്യ സ്‌കൂളുകളുടെ വിനോദയാത്രയാണ് യുഎഇ വിദ്യാഭ്യാസ മന്ത്രാലയം നിരോധിച്ചിട്ടുള്ളത്.

ഷാർജയിലെ സ്വകാര്യ സ്‌കൂളുകൾക്ക് ഇത് സംബന്ധിച്ച് മന്ത്രാലയം സർക്കുലറും നൽകിയിട്ടുണ്ട്. ഷാർജ എഡ്യൂക്കേഷൻ സോണിന് കീഴിലുള്ള സ്‌കൂളുകൾക്കാണ് സർക്കുലർ വിതരണം ചെയ്തിട്ടുള്ളത്. യുഎഇയിലെ സ്‌കൂളുകൾ കുട്ടികളെ വിനോദയാത്രയ്ക്ക് കൊണ്ടുപോകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും വ്യക്തമായി വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ സർക്കുലറിൽ അക്കമിട്ട് പറയുന്നു.

വിനോദയാത്ര സംഘടിപ്പിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്തെക്കുറിച്ച് രക്ഷിതാക്കളെ മുൻകൂട്ടി അറിയിച്ച് അംഗീകാരം ലഭിക്കുന്ന സ്ഥലത്തേയ്ക്ക് മാത്രമേ യാത്ര പോകാൻ പാടുള്ളൂവെന്നും മന്ത്രാലയം സർക്കുലറിൽ വ്യക്തമാക്കുന്നു. പാഠ്യവിഷയവുമായി ബന്ധപ്പെട്ട സ്ഥലങ്ങളാണ്
സന്ദർശിക്കുന്നതെന്നും ഉറപ്പുവരുത്തണം.

കുട്ടികളെ വഹിച്ച് യാത്ര ചെയ്യുന്ന സ്‌കൂൾ ബസുകൾ പെട്രോൾ ബങ്കുകൾ, കമേഴ്സ്യൽ ഔട്ട്ലെ റ്റുകൾ, റസ്റ്റോറന്റുകൾ എന്നിവിടങ്ങളിൽ നിർത്തരുതെന്നും നിർദ്ദേശമുണ്ട്. വിനോദ യാത്രക്കിടെ കഴിക്കുന്നതിനാവശ്യമായ ഭക്ഷണം ഒപ്പം കരുതാൻ കുട്ടികൾക്ക് നിർദ്ദേശം നൽകി യിരിക്കണമെന്നും സർക്കുലർ നിർദ്ദേശിക്കുന്നു.

ഞായർ, വ്യാഴം ദിവസങ്ങളിൽ പെൺകുട്ടികൾക്കും തിങ്കൾ, ബുധൻ ദിവസങ്ങളിൽ ആൺകുട്ടികൾക്കും യാത്ര ഒരുക്കണം. 30 കുട്ടികൾക്ക് മേൽനോട്ടം വഹിക്കാൻ രണ്ട് അദ്ധ്യാപകർ അനുഗമിക്കണം. പാഠ്യപദ്ധതിയും പഠന വിഷയവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലേക്കോ സ്ഥാപനങ്ങളിലേക്കോ വേണം യാത്ര പോകാൻ. വർഷത്തിൽ മൂന്നു ദിവസത്തിൽ കൂടുതൽ ഇതിനായി വിനിയോഗിക്കരുത്.