തൃശൂർ: അമ്പത്തെട്ടാമത് കേരള സ്‌കൂൾകലോത്സവത്തിന്റെ പ്രകീർത്തിക്കപ്പെട്ട സവിശേഷതയായ തപ്പാൽ വകുപ്പിന്റെ സ്റ്റാമ്പ് ഇറക്കൽ പദ്ധതിയും പാളി. ഇന്ത്യൻ തപ്പാൽ വകുപ്പ് ഈ കലോത്സവത്തിന്റെ ഓർമ്മക്കായ് തപ്പാൽ സ്റ്റാമ്പ് ഇറക്കുന്നു എന്ന സംഘാടകരുടെ ഗീർവാണവും ചീറ്റിപ്പോയി. കലോത്സവത്തിന്റെയും 'എ' ഗ്രേഡ് കിട്ടുന്ന എല്ലാ പ്രതിഭകളുടെയും അവർ പ്രതിനിധാനം ചെയ്യുന്ന കലയുമായി ബന്ധപ്പെട്ട അവരുടെ ദൃശ്യാവിഷ്‌കാരവും തപ്പാൽ സ്റ്റാമ്പായി ഇറങ്ങുമെന്നായിരുന്നു കലോത്സവത്തിന്റെ മന്ത്രിമാരും സംഘാടകരും പത്രസമ്മേളനത്തിൽ പറഞ്ഞത്.

എല്ലാവരുടെയും കണ്ണു തള്ളിച്ച പ്രസ്താവനയായിരുന്നു ഇത്. ഒരു തപാൽ സ്റ്റാമ്പ് ഇറക്കുക എന്നത് പണ്ട് വലിയ കാര്യമായിരുന്നു. അതിന്നായി ഒരു പാർലിമെന്റ് കമ്മറ്റി കൂടിയതിനുശേഷം കേന്ദ്ര സർക്കാരിന്റെ അനുമതിയോടെ മാത്രമേ ഒരു സ്റ്റാമ്പ് ഇറക്കാനാവൂ. എന്നാൽ ഇന്ന് സ്ഥിതി അതല്ല. ഇന്ത്യൻ തപ്പാൽ സ്റ്റാമ്പ് ആർക്കുവേണമെങ്കിലും സ്വന്തം പടം വച്ച് പ്രിന്റ് ചെയ്യാവുന്ന സാഹചര്യത്തിലേക്ക് എത്തിയിരിക്കുന്നു. കേവലം മുന്നൂറു രൂപ കൊടുത്താൽ ആർക്കുവേണമെങ്കിലും ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ സ്ഥലം പിടിക്കാം. 2011 മുതൽ ഈ നിയമം പ്രാബല്യത്തിലുണ്ട്. കൂടുതൽ കാശുകൊടുത്താൽ ഏതു കുത്തക കമ്പനികൾക്കും ഇന്ത്യൻ തപാൽ സ്റ്റാമ്പ് ഇറക്കാവുന്നതാണ്.

കേരള സ്‌കൂൾ കലോത്സവത്തിന്റെ കാര്യത്തിൽ സംഘാടകർ ഇതൊരു ചരിത്ര സംഭവമായിട്ടായിരുന്നു പത്രസമ്മേളനം വഴി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചത്. അതിന്നായി ഇന്ത്യൻ തപാൽ വകുപ്പിന്റെ ഒരു സ്റ്റാളും കലോത്സവനഗരിയിൽ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ കലോത്സവം കഴിഞ്ഞ് രണ്ടുനാൾ കഴിഞ്ഞിട്ടും കലോത്സവത്തിൽ പങ്കെടുത്ത ഒരു വിദ്യാർത്ഥിയും സ്റ്റാമ്പിന്നായി ഈ സ്റ്റാളിൽ വന്നിട്ടില്ല. വന്നവരിൽ ഭൂരിപക്ഷവും പൊതുജനങ്ങളാണ്. ആകെ വന്നത് മൂന്നു വിദ്യാർത്ഥികൾ, അതും കുടുംബസമേതമുള്ള സ്റ്റാമ്പ് ഇറക്കാൻ. ഇതുവരെ 200 പേർ സ്റ്റാമ്പിനായി തപ്പാൽ വകുപ്പിന്റെ ഈ സ്റ്റാളിൽ വന്നതായി അറിയുന്നു. എണ്ണായിരം വിദ്യാർത്ഥികളുടെ കച്ചവടം പ്രതീക്ഷിച്ചാണ് വകുപ്പ് കലോത്സവനഗരിയിൽ സ്റ്റാൾ നിർമ്മിച്ചത്.

മന്ത്രിയും പൊലീസ് ഉദ്യോഗസ്ഥരും ഇതിന്നായി പ്രോൽസാഹിപ്പിച്ചെങ്കിലും കാര്യമായി ഒന്നും സംഭവിച്ചില്ല. എന്തായാലും കലോത്സവവേദികളിൽ ഇടവിട്ടിടവിട്ട് സ്റ്റാമ്പ് കച്ചവടത്തിന്നായി വേണ്ടത്ര പരിശ്രമങ്ങളും അനൗൺസ്‌മെന്റുകളും നടത്തുന്നുണ്ട്.