ഷാർജ: സ്‌കൂൾ ഫീസിനു പുറമേ ട്രിപ്പിനും പാർട്ടികൾക്കുമായി  മാതാപിതാക്കളിൽ നിന്ന് ചാർജ് ഈടാക്കരുതെന്ന് മിനിസ്ട്രി ഓഫ് എഡ്യൂക്കേഷൻ നിർദ്ദേശം പുറപ്പെടുവിച്ചു. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിർദ്ദേശം ലംഘിക്കുന്ന പബ്ലിക് സ്‌കൂളുകൾക്കെതിരേയും സ്വകാര്യ സ്‌കൂളുകൾക്കെതിരേയും മാതാപിതാക്കൾക്ക് പരാതി സമർപ്പിക്കാമെന്ന് മന്ത്രാലയം വ്യക്തമാക്കി.

സ്‌കൂൾ അധ്യയന വർഷം അവസാനം പാർട്ടികൾക്കും മറ്റുമായി ഓരോ വിദ്യാർത്ഥിയിൽ നിന്നും 100 ദിർഹം മുതൽ 200 ദിർഹം വരെ സ്‌കൂളുകൾ ചാർജ് ഈടാക്കുന്നുവെന്ന മാദ്ധ്യമ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസ മന്ത്രാലയം ഈ നിർദ്ദേശം പുറപ്പെടുവിച്ചത്. സ്‌കൂൾ പാർട്ടികൾ, ബിരുദ ദാന ചടങ്ങ്, ട്രിപ്പുകൾ എന്നിവയുടെ പേരിൽ വിദ്യാർത്ഥികളിൽ നിന്ന് ഏതെങ്കിലും തരത്തിലുള്ള പിരിവു നടത്തരുതെന്നാണ് മന്ത്രാലയം നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.

മന്ത്രാലയത്തിന്റെ നിർദ്ദേശം ലംഘിച്ച് പണപ്പിരിവു നടത്തുന്ന സ്‌കൂളുകൾക്കെതിരേ മാതാപിതാക്കൾക്ക് പരാതി സമർപ്പിക്കാമെന്നും നിർദേശത്തിൽ പറയുന്നു. ഇതുസംബന്ധിച്ച ഉത്തരവ് എമിറേറ്റിലെ എല്ലാ വിദ്യാഭ്യാസ സോണിലും പെട്ട സ്‌കൂളുകൾക്ക് അയച്ചിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.

ബിരുദ ദാന ചടങ്ങുകളും മറ്റും മിതമായ തോതിൽ നടത്തണമെന്നാണ് മന്ത്രാലയം സ്‌കൂളുകൾക്ക് നിർദ്ദേശം നൽകിയിരുന്നത്. എന്നാൽ ചില സ്‌കൂളുകൾ വിദ്യാർത്ഥികളിൽ നിന്നും പണപ്പിരിവു നടത്തി പഞ്ചനക്ഷത്ര ഹോട്ടലുകളിലും മറ്റും ഇത്തരം ചടങ്ങുകൾ സംഘടിപ്പിക്കുന്നത് മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇത്തരം നടപടികൾക്കെതിരേ കർശന നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.