സൂറിച്ച്: മതിയായ യോഗ്യതയുള്ള പ്രൊഫഷണലുകളുടെ അഭാവം മൂലം യോഗ്യതയില്ലാത്തവരെ നിയമിക്കാൻ മിക്ക സ്‌കൂളുകളും നിർബന്ധിതരാകുന്നുവെന്ന് സർവേ. രാജ്യത്ത് ജർമൻ സംസാരിക്കുന്ന മേഖലകളിലെ 17 ശതമാനം സ്‌കൂളുകളിൽ മാത്രമാണ് മതിയായ യോഗ്യതകൾ ഉള്ള ടീച്ചർമാരെ നിയമിക്കാൻ സാധിച്ചിട്ടുള്ളതെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്.

ഇതിനെക്കാൾ മോശം അവസ്ഥയാണ് ഫ്രെഞ്ച്, ഇറ്റാലിയൻ മേഖലകളിൽ. ഇവിടങ്ങളിൽ ഒമ്പതു ശതമാനം സ്‌കൂളുകളിൽ മാത്രമാണ് വേണ്ടത്ര യോഗ്യതയുള്ള ടീച്ചർമാരെ കണ്ടെത്താൻ സാധിച്ചിട്ടുള്ളത്. ക്വാളിഫൈഡ് ടീച്ചർമാരുടെ അഭാവം ഏറ്റവും കൂടുതൽ പ്രകടമാകുന്നത് പ്രൈമറി സ്‌കൂളുകളിലാണ്. ജർമൻ ഭാഷാ മേഖലകൡ വരും വർഷത്തേക്ക് മൂന്നു മുതൽ ആറു വരെയുള്ള ക്ലാസികളിലേക്ക് സ്‌പെഷ്യലിസ്റ്റ് ടീച്ചർമാരെ കണ്ടെത്താൻ 47 ശതമാനം ഹെഡ് ടീച്ചർമാരും ബുദ്ധിമുട്ടുന്നുണ്ട്.

ടീച്ചർമാരുടെ അഭാവം ഏറ്റവും കൂടുതൽ ഫ്രഞ്ച്, നീഡിൽ വർക്ക് സബ്ജറ്റുകൾക്കാണ് ഉണ്ടാകുന്നത്. ടീച്ചർമാരുടെ അഭാവം മൂലം സ്‌കൂളുകൾ ഉള്ള സ്റ്റാഫുകളെ വച്ചു തന്നെ അഡ്ജസ്റ്റ് ചെയ്യാറുണ്ടെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. ഫ്രഞ്ച് പഠിപ്പിക്കുന്ന ടീച്ചർമാർ ജർമൻ പഠിപ്പിക്കാനും മറ്റും തയാറാകുന്നതാണ് മിക്ക സ്‌കൂളുകളിലും കണ്ടുവരുന്നത്.

അതേസമയം മതിയായ യോഗ്യതയില്ലാത്തവർ ഇത്തരത്തിൽ അന്യവിഷയങ്ങൾ പഠിപ്പിച്ചാൽ അത് പഠനനിലവാരത്തെ ബാധിക്കുമെന്നും വിലയിരുത്തുന്നുണ്ട്. ടീച്ചർമാരുടെ അഭാവം മൂലം ഈ പ്രവണത കൂടി വരുന്നുണ്ടെന്നും ഏതുവിധേനയും യോഗ്യതയുള്ളവരെ നിയമിക്കാൻ ഹെഡ് ടീച്ചർമാർ ശ്രമിക്കണമെന്നും സ്വിസ് ഹെഡ് ടീച്ചേഴ്‌സ് അസോസിയേഷൻ ചെയർമാൻ ബെർനാർഡ് ഗെർട്ട്‌സ് വ്യക്തമാക്കി.