ദോഹ: ഒരാഴ്ച നീണ്ട ഈദ് അവധിക്കു ശേഷം നാളെ സ്‌കൂളുകൾ തുറന്ന് പ്രവർത്തനമാരംഭിക്കും. സ്‌കൂളുകൾ പ്രവർത്തനം തുടങ്ങുന്നതോടെ ദോഹ വീണ്ടും ഗതാഗതക്കുരുക്കിൽ അമരുന്ന സാഹചര്യമാണുള്ളത്. ഒരാഴ്ച സ്‌കൂളുകൾക്ക് അവധിയായിരുന്നതിനാൽ തിരക്ക് ഒട്ടൊന്നു ശമിച്ചതിന്റെ ആശ്വാസത്തിലായിരുന്നു വാഹനഉടമകൾ.

നാളെ എല്ലാ ഇൻഡിപെൻഡന്റ് സ്‌കൂളുകളും ഒട്ടു മിക്ക സ്വകാര്യ സ്‌കൂളുകളും പ്രവർത്തനം ആരംഭിക്കും. ഇൻഡിപെൻഡന്റ് സ്‌കൂളുകളിൽ ഏകദേശം 102,000 വിദ്യാർത്ഥികളും 15,000 അദ്ധ്യാപകരുമാണുള്ളത്. ചില സ്വകാര്യ സ്‌കൂളുകൾ ഇന്നു തന്നെ തുറന്നിട്ടുണ്ട്. ആഘോഷങ്ങൾക്ക് അവധി നൽകി സ്‌കൂളുകൾ വീണ്ടും സജീവമാകാൻ തുടങ്ങുന്നതോടെ സ്‌കൂൾ ബസുകളും കുട്ടികളെ സ്‌കൂളിലേക്ക് കൊണ്ടുപോകുന്ന സ്വകാര്യവാഹനങ്ങളും കൊണ്ട് റോഡുകൾ നിറയും. ഇത് വൻ ഗതാഗത കുരുക്കിന് മിക്കപ്പോഴും വഴി വയ്ക്കാറുണ്ട്.

മാതാപിതാക്കളെ സ്‌കൂൾ തുറന്ന് പ്രവർത്തിക്കുന്ന ദിവസം ഓർമ്മപ്പെടുത്താനായി ഇവർക്ക് സ്‌കൂൾ അധികൃതർ സന്ദേശം അയച്ചിട്ടുണ്ട്. വിദ്യാർത്ഥികൾക്കുള്ള അച്ചടക്ക നിർദ്ദേശങ്ങളും ഉൾപ്പെടുത്തിയാണ് മെസ്സേജുകൾ അയച്ചിരിക്കുന്നത്. ക്ലാസ്സുകൾ നഷ്ടപ്പെടുമ്പോൾ ഉണ്ടാകുന്ന പ്രശ്‌നങ്ങളും ഇതിൽ വ്യക്തമാക്കിയിട്ടുണ്ട്.