സൂറിച്ച്: അപകടത്തിൽപ്പെട്ട് മസ്തിഷ്‌കാഘാതമുണ്ടായി കിടപ്പിലായ മുൻ ഫോർമുല വൺ ചാമ്പ്യൻ മൈക്കൽ ഷൂമാക്കറിന്റെ നില മെച്ചപ്പെട്ട് വരികയാണെന്നും എന്നാൽ പൂർണമായും രക്ഷപ്പെടാൻ വർഷങ്ങളെടുക്കുമെന്നും റിപ്പോർട്ട്. അദ്ദേഹത്തെ ചികിത്സിക്കുന്ന ഫ്രാൻസിലെ ഡോക്ടറായ ജീൻ ഫ്രാൻകോയിസ് പായെൻ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഷൂമാക്കറെ രാപ്പകൽ പരിചരിക്കാൻ അദ്ദേഹത്തിന്റെ ഭാര്യ പ്രകടിപ്പിക്കുന്ന ആത്മാർത്ഥതയെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു.

ഷുമാക്കറിന്റെ നിലയിൽ ചില പുരോഗതികളുണ്ടായത് തന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും എന്നാൽ തിരിച്ചുവരാൻ  അദ്ദേഹത്തിന് നാം സമയം കൊടുക്കണമെന്നുമാണ് ഡോക്ടർ ആർടിഎൽ റേഡിയോയോട് വെളിപ്പെടുത്തിയിരിക്കുന്നത്. അപകടത്തെത്തുടർന്ന് ഗ്രീനോബിൾ ഹോസ്പിറ്റലിൽ  ഷൂമാക്കറെ ചികിത്സിച്ചത് ഈ ഡോക്ടറാണ്. ഷൂമാക്കറിന്റെ തിരിച്ച് വരവിന് ഏതാണ്ട് മൂന്നു വർഷമെങ്കിലും വേണ്ടി വരുമെന്നാണ് ഡോക്ടറുടെ പക്ഷം. അതുവരെ ക്ഷമയോടെ കാത്തിരിക്കണം. 

ആറ് മാസം കോമ അവസ്ഥയിൽ  കിടന്ന ഷൂമാക്കർ ഇപ്പോൾ സ്വിറ്റ്‌സർലണ്ടിലെ ഗ്ലാൻഡിലുള്ള വീട്ടിലാണുള്ളത്. യഥാസമയം പരിചരിച്ച് ഭാര്യ അടുത്തുള്ളതിനാലാണ് ഷൂമാക്കറിന്റെ നില മെച്ചപ്പെട്ടതെന്നും അതിനവരെ പ്രശംസിക്കുന്നുവെന്നും ഡോക്ടർ പറയുന്നു.  ഷൂമാക്കറിന്റെ ആരോഗ്യനില മെച്ചപ്പെട്ടതിൽ കോറിന ഷൂമാക്കറിന് നിർണായകമായ പങ്കാണുള്ളതെന്നും ഡോക്ടർ തുറന്ന് സമ്മതിക്കുന്നു.