സൂറിച്ച്: ഫോർമുല വൺ ഇതിഹാസ നായകൻ മൈക്കിൾ ഷൂമാക്കറുടെ ചികിത്സാ രേഖകൾ മോഷ്ടിച്ചുവെന്ന കുറ്റത്തിന് ജയിലിലായ ആൾ സുറിച്ചിലെ ജയിലിൽ തൂങ്ങി മരിച്ച നിലയിൽ. ഫ്രാൻസിലെ ഒരു ആശുപത്രിയിൽ നിന്ന് സ്വിറ്റ്‌സർലണ്ടിലെ ആശുപത്രിയിലേക്ക് ജൂണിൽ ഷൂമാക്കറെ മാറ്റുമ്പോൾ ചികിത്സാ രേഖകൾ നഷ്ടമായെന്ന കേസിലാണ് സ്വിസ് ഹെലികോപ്റ്റർ കമ്പനിയായ  റെഗായിലെ ഒരു ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തത്.

ഫ്രാൻസിലെ ആൽഫ്‌സ് പർവത നിരകളിൽ സ്‌കീയിങ് നടത്തവേ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് കോമയിൽ കഴിയുന്ന ഷൂമാക്കറെ തുടർ വിദഗ്ധ ചികിത്സയ്ക്കായാണ് സ്വിറ്റ്‌സർലണ്ടിലേക്ക് മാറ്റിയത്. എയർ റെസ്‌ക്യൂ കമ്പനിയായ റെഗാ വഴിയായിരുന്നു ചാമ്പ്യനെ സ്വിറ്റ്‌സർലണ്ടിൽ എത്തിച്ചത്. എന്നാൽ ഏതാനും ആഴ്ചകൾക്കു ശേഷം ഷൂമാക്കറുടെ ചികിത്സാ രേഖകൾ വില്പനയ്ക്ക് എന്ന് ഇന്റർനെറ്റിൽ പരസ്യങ്ങൾ വന്നു തുടങ്ങിയതോടെയാണ് ചികിത്സാരേഖകൾ മോഷണം പോയവിവരം അധികൃതരുടെ ശ്രദ്ധയിൽപ്പെടുന്നത്.

ചികിത്സാരേഖകളുടെ മോഷണത്തിനു പിന്നിൽ റെഗായാണെന്ന് നേരത്തെ തന്നെ പ്രോസിക്യൂട്ടർമാർ ആരോപിച്ചിരുന്നു. തുടർന്ന് സംശയത്തിന്റെ ബലത്തിൽ ഒരു ജീവനക്കാരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. കഴിഞ്ഞാഴ്ച അറസ്റ്റിലായ ഈ ജീവനക്കാരൻ പക്ഷേ മോഷണക്കുറ്റം നിഷേധിക്കുകയായിരുന്നു. എന്നാൽ ജയിലിൽ കഴിഞ്ഞിരുന്ന ഇയാളെ കോടതിയിൽ ഹാജരാക്കുന്നതിന് ഓഫീസർമാർ എത്തിയപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുന്നത്.

മരണത്തിനു പിന്നിൽ മറ്റാരും ഉൾപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം.
അതേസമയം ഇയാൾ മാനസികമായ യാതൊരു പ്രശ്‌നങ്ങളും കാട്ടിയിരുന്നില്ലെന്ന് പൊലീസ് പറയുന്നു.