ന്യൂഡൽഹി: ശാസ്ത്രം ചന്ദ്രനും ചൊവ്വയുമൊക്കെ കടന്നു സൂര്യനിലേക്കു കുതിക്കാൻ കാത്തുനിൽക്കുമ്പോഴും നമ്മുടെ രാജ്യത്തെ ഒരു എംപി ഇതൊന്നും അറിഞ്ഞ മട്ടില്ല. 'ജ്യോതിഷത്തിന് മുമ്പിൽ ശാസ്ത്രം വെറും അശുവാണെ'ന്നാണ് ബിജെപി എംപി രമേശ് പൊഖ്‌രിയൽ പറയുന്നത്.

ജ്യോതിഷത്തിനു മുകളിൽ ഒന്നുമില്ലെന്ന തരത്തിലുള്ള ബിജെപി എംപിയുടെ പ്രസ്താവന പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധത്തിന് വഴിവച്ചു. ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി കൂടിയായ രമേശ് പൊഖ്‌രിയൽ ലോക്‌സഭയിൽ ഇന്നലെ നടന്ന ചർച്ചയിലാണ് വിവാദ പരാമർശം നടത്തിയത്.

ശാസ്ത്രത്തെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പ്രസ്താവനയുമായി ബിജെപി എംപി രംഗത്തെത്തിയതോടെ പ്രതിപക്ഷ എംപിമാരും പ്രതിഷേധവുമായി രംഗത്തെത്തി. ആസൂത്രണവും ആർക്കിടെക്ചറുമായി ബന്ധപ്പെട്ടു സ്‌കൂളുകൾക്ക് കൂടുതൽ അധികാരം നൽകുന്ന ബില്ലിന്റെ ചർച്ചയ്ക്കിടയിലാണ് രമേശ് പൊഖ്‌രിയൽ വിവാദ പരാമർശം നടത്തിയത്. ജ്യോതിഷത്തെ വാനോളം പുകഴ്‌ത്തുന്ന പ്രസ്താവനകളുമായി രംഗത്തെത്തിയപ്പോൾ പ്രതിപക്ഷവും പ്രതിഷേധമുയർത്തി. എന്നാൽ തന്റെ പ്രസ്താവനയെ കൂടുതൽ ന്യായീകരിക്കുകയാണ് പൊഖ്‌രിയൽ ചെയ്തത്.

'ഇപ്പോഴാണ് നമ്മൾ ആണവ പരിശോധനകളെപ്പറ്റി സംസാരിക്കുന്നത്. കണാദ മഹർഷി ലക്ഷക്കണക്കിനു വർഷം മുമ്പ് ഇത്തരത്തിൽ ആണവ പരീക്ഷണങ്ങൾ നടത്തിയിരുന്നു. പൗരാണിക ജ്യോതിഷികളുടെ മുമ്പിൽ മറ്റ് ശാസ്ത്രങ്ങൾ വെറും അശുവാണ്. ലോകത്തിൽ ഒന്നാംസ്ഥാനത്ത് നിക്കുന്ന ശാസ്ത്രമാണ് ജ്യോതിഷം'- പൊഖ്‌രിയൽ പറഞ്ഞു.

രാജ്യത്തു ശാസ്ത്ര വിരുദ്ധ വികാരം ഉണ്ടാക്കുകയാണ് ബിജെപി എംപിയെന്ന് ഇടത്-കോൺഗ്രസ്-തൃണമൂൽ എംപിമാർ വിമർശിച്ചു.