കാലനില്ലാത്ത കാലം കവിസങ്കൽപ്പമാണ്. എന്നാൽ, മരണത്തെ തോൽപിക്കുന്ന തലത്തിലേക്ക് ശാസ്ത്രം വളർന്നേക്കുമെന്നാണ് ഓരോ ദിവസത്തെയും വൈദ്യശാസ്ത്ര നേട്ടങ്ങൾ സൂചിപ്പിക്കുന്നത്. ഇപ്പോഴിതാ പൂർണമായും കൃത്രിമമായി സൃഷ്ടിച്ച കൈ ജീവനുള്ള ശരീരത്തിൽ വച്ചുപിടിപ്പിച്ച് വിജയം കണ്ടിരിക്കുകയാണ് ഗവേഷകർ.

പരീക്ഷണശാലയിൽ വികസിപ്പിച്ചെടുത്ത കൃത്രിമക്കൈ ഒരു എലിയിലാണ് വച്ചുപിടിപ്പിച്ചത്. പെട്ടെന്നുതന്നെ ശരീരത്തോട് ഇണങ്ങുകയും രക്തയോട്ടം സുഗമമാവുകയും ചെയ്ത കൃത്രിമക്കൈ എലി ഉപയോഗിക്കാനും തുടങ്ങി. അമേരിക്കയിലെ മസാച്ചുസറ്റ്‌സ് ജനറൽ ഹോസ്പിറ്റലിലാണ് ഈ പരീക്ഷണം വിജയം കണ്ടത്.

കഥകളിൽ മാത്രം കേട്ടിരുന്ന അത്ഭുതങ്ങളിലൊന്നാണിതെന്ന് വെർമണ്ട് യൂണിവേഴ്‌സിറ്റിയിലെ ഓർഗൻ റീജനറേഷൻ വിദഗ്ധൻ ഡോ. ഡാനിയേൽ വെയ്‌സ് പറഞ്ഞു. ഭാവിയിൽ മനുഷ്യരുടെ കൈകാലുകളും ഇതുപോലെ കൃത്രിമമായി നിർമ്മിക്കാനാകുമെന്നാണ് ഗവേഷണത്തിന് നേതൃത്വം നൽകിയ ഡോ. ഹരാൾഡ് ഓട്ട് പറഞ്ഞത്.

യുദ്ധങ്ങളിലും മറ്റ് അപകടങ്ങളിലും പെട്ട് കൈകാലുകൾ നഷ്ടപ്പെട്ട ലക്ഷക്കണക്കിനാളുകൾക്ക് പ്രതീക്ഷ നൽകുന്നതാണ് ഈ ഗവേഷണ വിജയം. നിലവിൽ കൈകാലുകൾ മാറ്റിവെയ്ക്കാറുണ്ടെങ്കിലും അവയുടെ പ്രവർത്തനം പരിമിതമായിരിക്കും. വളരെ സങ്കീർണമായ ശസ്ത്രക്രിയയും പ്രതിരോധ മരുന്നുകളും ആവശ്യമാണെന്നത് പലരെയും ഇതിൽനിന്ന് പിന്തിരിപ്പിക്കുകയും ചെയ്യും.

ഇത്തരം പ്രശ്‌നങ്ങൾ ഒഴിവാക്കുന്നതാണ് കൃത്രിമ അവയവങ്ങൾ. പൂർണമായും ലബോറട്ടറിയിൽ വികസിപ്പിച്ചെടുക്കുന്ന അവയവങ്ങൾ ആവശ്യക്കാരന്റെ കോശങ്ങൾ ഉപയോഗിച്ച് ശാരീരിക നിലയ്ക്ക് അനുസരിച്ച് നിർമ്മിക്കാം എന്ന ഗുണവുമുണ്ട്. അവയവം ശരീരം തിരസ്‌കരിക്കുന്നതുപോലുള്ള പ്രശ്‌നങ്ങൾ ഇവിടെ നേരിടേണ്ടിവരില്ലെന്നും ഗവേഷകർ പറയുന്നു.