തിരുവനന്തപുരം: ബോക്‌സോഫീസിൽ ഹിറ്റായ 2018 സിനിമക്കെതിരെ കടുത്ത വിമർശനവുമായി രംഗത്തു വരികയാണ് സിപിഎം നേതാക്കളും അണികളും. മുഖ്യമന്ത്രിയെയും മറ്റുള്ളവരെയും പ്രകീർത്തിച്ചില്ല സിനിമയെന്നാണ് ഇവരുടെ വിമർശനം. ഇതിനിടെ ജൂഡിനെതിരെ വിമർശനവുമായി എ എ റഹീം എംപിയും രംഗത്തുവന്നു. സിനിമയുടെ സാങ്കേതിക വിദ്യയോ കലക്ഷനോ അല്ല മറിച്ച് യഥാർഥ മനുഷ്യരാണ് ചരിത്രത്തിൽ നായകന്മാരെന്ന് റഹീം പറഞ്ഞു.

കലാകാരനെന്നെ നിലയിൽ ജൂഡിന്റെ സർഗ്ഗാത്മകതയെ അഭിനന്ദിച്ചാലും 2018ലേത് അദ്ദേഹത്തിന്റെ രാഷ്ട്രീയ ആഭിമുഖ്യത്തിന്റെ പ്രകടനമാണെന്നും അതിന് യാഥാർത്ഥ്യ ബോധവുമായി ബന്ധമില്ലെന്നും റഹീം പറഞ്ഞു. 2018ന്റെ സംവിധായകനാണോ സ്റ്റാർ ആന്റണി പെപ്പെയാണോ സ്റ്റാർ എന്ന് ചോദിച്ചാൽ ആന്റണി പെപ്പെയാണ് സ്റ്റാർ എന്നാണ് ആളുകൾ പറയുന്നത്. സിനിമയുടെ സാങ്കേതിക വിദ്യയോ കലക്ഷനോ അല്ല ചരിത്രത്തിൽ നായകന്മാരെ സൃഷ്ടിക്കുന്നത്. മറിച്ച് യഥാർഥ മനുഷ്യരെയാണ്. അതുകൊണ്ടാണ് 2018ന്റെ ബോക്‌സ് ഓഫീസ് ഹിറ്റിന് നടുവിലും ആന്റണി പെപ്പെ എന്ന ഒറ്റയാൻ നായകനായി മാറുന്നതെന്നും കേരളത്തിന്റെ ജനാധിപത്യവും സംസ്‌കാരവുമാണ് അതിന് കാരണമെന്നും എ.എ റഹീം കൂട്ടിച്ചേർത്തു.

എ.എ റഹീം പറഞ്ഞത് ഇങ്ങനെ: 2018 സിനിമ കണ്ടില്ലെന്നും വിവാദങ്ങൾ മാത്രമാണ് ശ്രദ്ധയിൽപ്പെട്ടത്. 2018നെ സിനിമയായിട്ടാണ് കാണുന്നത്. തിരക്കഥാകൃത്തിനും സംവിധായകനും അവരുടേതായ രീതികളും കഥപറച്ചിലും സിനിമയ്ക്ക് വേണ്ടി അവലംബിക്കാം. സ്വാഭാവികമായും കഥപറച്ചിലിൽ രാഷ്ട്രീയം പ്രതിഫലിക്കും. കലാകാരനെന്നെ നിലയിൽ ജൂഡിന്റെ സർഗ്ഗാത്മകതയെ അഭിനന്ദിക്കുന്നു. അതിനെ ചോദ്യം ചെയ്യാനായില്ല. 2018ലേത് ജൂഡിന്റെ രാഷ്ട്രീയ ആഭിമുഖ്യത്തിന്റെ പ്രകടനമാണ്. അത് യാഥാർത്ഥ്യ ബോധവുമായി ചേർന്നതല്ല.

2018ന്റെ സംവിധായകനാണോ സ്റ്റാർ ആന്റണി പെപ്പെയാണോ സ്റ്റാർ എന്ന് ചോദിച്ചാൽ ആന്റണി പെപ്പെയാണ് സ്റ്റാർ എന്നാണ് ആളുകൾ പറയുന്നത്. സിനിമയുടെ സാങ്കേതിക വിദ്യയോ കലക്ഷനോ അല്ല ചരിത്രത്തിൽ നായകന്മാരെ സൃഷ്ടിക്കുന്നത്. മറിച്ച് യഥാർഥ മനുഷ്യരെയാണ്.അതുകൊണ്ടാണ് 2018ന്റെ ബോക്‌സ് ഓഫീസ് ഹിറ്റിന് നടുവിലും ആന്റണി പെപ്പെ എന്ന ഒറ്റയാൻ നായകനായി മാറുന്നത്.അതാണ് കേരളം, അതിന്റെ ജനാധിപത്യവും സംസ്‌കാരവും.

ജൂഡ് ആന്റണി സംവിധാനം ചെയ്ത 2018 സിനിമ ഉള്ളടക്കത്തിലെ അപൂർണത ചൂണ്ടിക്കാട്ടി ഇടതുപക്ഷ പ്രവർത്തകരിൽ നിന്നും വലിയ വിമർശനം നേരിട്ടിരുന്നു. സിനിമയിൽ മുഖ്യമന്ത്രിയെ അശക്തനായിട്ടാണ് കാണിക്കുന്നത്. ഡാം തുറന്നതാണ് പ്രളയത്തിന് കാരണമെന്നും സിനിമ പറഞ്ഞുവെക്കുന്നു. ഇതിനെല്ലാം പുറമേ സിനിമയിൽ രഞ്ജി പണിക്കരെയാണ് മുഖ്യമന്ത്രിയാക്കാൻ ആദ്യം ആലോചിച്ചിരുന്നതെന്നും എന്നാൽ അതൊരു ശക്തമായ കഥാപാത്രമായി മാറുമെന്നുമുള്ള ജൂഡിന്റെ പരാമർശവും ഇടതുകേന്ദ്രങ്ങളെ പ്രകോപിതരാക്കി. ഇതിന് പിന്നാലെയാണ് ജൂഡിന്റെ പെപ്പെക്കെതിരായ വിമർശനവും വിവാദവും ഉടലെടുക്കുന്നത്.