ലഖ്നൗ: അപ്പാർട്ട്മെന്റിലെ ലിഫ്റ്റിനുള്ളിൽവെച്ച് ആൺകുട്ടിക്ക് വളർത്തുനായയുടെ കടിയേറ്റു. ഉത്തർപ്രദേശിലെ ഗസ്സിയാബാദിലാണ് സംഭവം. ഉടമയ്ക്കൊപ്പം ലിഫ്റ്റിൽ കയറിയ വളർത്തുനായയാണ് ലിഫ്റ്റിലുണ്ടായിരുന്ന ആൺകുട്ടിയുടെ കാലിൽ കടിച്ചത്. കുട്ടിക്ക് നായയുടെ കടിയേറ്റിട്ടും ഉടമ നോക്കിനിന്നു. നായ കുട്ടിയെ കടിക്കുന്നതിന്റെയും കടിയേറ്റ കുട്ടി വേദന കൊണ്ട് പുളയുന്നതിന്റേയും സിസിടിവി ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചു. ഒട്ടേറെപേർ ഈ ദൃശ്യങ്ങൾ ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്.

ഗസ്സിയാബാദിലെ രാജ്നഗർ എക്സ്റ്റൻഷൻ ചാംസ് കൗണ്ടി സൊസൈറ്റിയിൽ നിന്നുള്ള സിസിടിവി വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. സെപ്റ്റംബർ 5 -ന് വൈകുന്നേരം 6 മണിയോടെ നടന്ന ഞെട്ടിക്കുന്ന ഒരു സംഭവമാണ് ദൃശ്യങ്ങളിലുള്ള വീഡിയോ കാണിക്കുന്നത്. സംഭവത്തിൽ ആക്രമണത്തിന് ഇരയായ കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിൽ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ലിഫ്റ്റിൽ കുട്ടി നിൽക്കുമ്പോഴാണ് ഒരു സ്ത്രീ അവരുടെ വളർത്തു നായയും ആയി ലിഫ്റ്റിനുള്ളിൽ കയറുന്നത്. ലിഫ്റ്റിൽ കയറിയ അവർ കുട്ടിയോട് തനിക്ക് ഇറങ്ങേണ്ട നിലയുടെ നമ്പർ പറഞ്ഞു കൊടുക്കുന്നു. സ്ത്രീയുടെ കൈയിൽ നായയുടെ ബെൽറ്റ് പിടിച്ചിരുന്നതിനാൽ അവർക്ക് നമ്പർ ഞെക്കാൻ കഴിയുമായിരുന്നില്ല.

കുട്ടി അവരെ സഹായിക്കാനായി മുൻപോട്ട് നീങ്ങിയതും പട്ടി ചാടി അവനെ കടിക്കുന്നു. കടിയേറ്റ കുട്ടി വേദനകൊണ്ട് പുളയുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. പക്ഷെ എന്നിട്ടും അവൻ ആ സ്ത്രീയ്ക്ക് ലിഫ്റ്റ് നമ്പർ ഞെക്കിക്കൊടുക്കുന്നത് വീഡിയോയിൽ കാണാം. എന്നാൽ ആ സ്ത്രീ കുട്ടിയെ ഒരു വട്ടം പോലും പരിശോധിക്കുകയോ സമാധാനിപ്പിക്കുകയോ ചെയ്യുന്നില്ല. തുടർന്ന് അവർ ലിഫ്റ്റിൽ നിന്ന് ഇറങ്ങുമ്പോഴും നായ കുട്ടിയെ കടിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. അവർ ലിഫ്റ്റിൽ നിന്ന് ഇറങ്ങി കഴിഞ്ഞപ്പോൾ കുട്ടി തന്റെ മുറിവ് പരിശോധിക്കുന്നതും കാണാം.

ഗസ്സിയാബാദിലെ ചാംസ് കാസിൽ സൊസൈറ്റിയിൽ തിങ്കളാഴ്ച രാവിലെ നടന്ന സംഭവമാണിതെന്നാണ് റിപ്പോർട്ട്. കടിയേറ്റ് വേദന കൊണ്ട് പുളഞ്ഞിട്ടും കുട്ടിയെ പരിചരിക്കാനോ ആശ്വസിപ്പിക്കാനോ നായയുടെ ഉടമയായ സ്ത്രീ തയ്യാറാകാത്തത് കടുത്ത വിമർശനമാണ് ഉയർത്തുന്നത്.

സംഭവത്തിന്റെ വീഡിയോ നിരവധി പേരാണ് ട്വിറ്ററിലും മറ്റു സാമൂഹികമാധ്യമങ്ങളിലും പങ്കുവെച്ചിരിക്കുന്നത്. കുട്ടിയെ നായ കടിച്ചിട്ടും യാതൊരു കൂസലുമില്ലാതെ ഉടമയായ സ്ത്രീ നോക്കിനിൽക്കുന്നതാണ് ഏവരെയും അമ്പരപ്പിച്ചിരിക്കുന്നത്. ഇവർക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്നും പലരും ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിൽ സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്ന് ഗസ്സിയാബാദ് പൊലീസ് അറിയിച്ചു.