മുംബൈ: രാമായണത്തെ ആസ്പദമാക്കി ഓം റാവത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ആദിപുരുഷ്'.ബിഗ് ബജറ്റ് ചിത്രമായി അണിയറയിൽ ഒരുങ്ങുന്ന ചിത്രത്തിൽ നായകനായെത്തുന്നത് ബാഹുബലിയിലൂടെ പ്രേക്ഷകരുടെ പ്രശംസ പിടിച്ചുപറ്റിയ പ്രഭാസാണ്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ടീസർ യൂ ട്യൂബിലൂടെ പുറത്തുവന്നത്. എന്നാൽ ടീസർ പുറത്തുവന്നതിന് പിന്നാലെ ചിത്രത്തിനെതിരെ വ്യാപകമായ നെഗറ്റീവ് ട്രോളുകളാണ് വരുന്നത്.

കൊച്ചു ടിവിക്ക് വേണ്ടിയാണോ സിനിമ ഒരുക്കിയതെന്നാണ് പലരും ചോദിച്ചത്. ചിത്രത്തിന്റെ വിഎഫ്എക്സിനെ പരിഹസിച്ചും വിമർശിച്ചും നിരവധി പേരാണ് സോഷ്യൽ മീഡിയയിലൂടെ എത്തിയത്. ഇതേ തുടർന്നാണ് ട്രോളുകളിൽ പ്രതികരണവുമായി സംവിധായകൻ ഓം റാവത്ത് തന്നെ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.

ടീസറിനെതിരെ ഉയരുന്ന ട്രോളുകളിൽ അത്ഭുതം തോന്നുന്നില്ലെന്നും ചിത്രം ബിഗ് സ്‌ക്രീനിനായി ഒരുക്കിയതാണെന്നും സംവിധായകൻ പറഞ്ഞു. ചിത്രം തീയറ്റരിലേക്ക് എത്തുമ്പോൾ പ്രേക്ഷകർക്ക് ഇഷ്ടമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'ഞാൻ നിരാശനായിരുന്നു, അതിൽ അതിശയിക്കാനില്ല, കാരണം ഈ സിനിമ ബിഗ് സ്‌ക്രീനിനായി ഒരുക്കിയതാണ്. എനിക്കൊരു ചോയ്‌സ് നൽകിയിരുന്നെങ്കിൽ ഞാൻ ടീസർ ഒരിക്കലും യൂട്യൂബിൽ ഇടില്ലായിരുന്നു. പക്ഷേ അത് കാലഘട്ടത്തിന്റെ ആവശ്യമാണ്. വലിയ തോതിൽ പ്രേക്ഷകരിലേക്ക് എത്തണമെങ്കിൽ ടീസറും മറ്റ് പ്രമോഷൻ വീഡിയോകളും പുറത്തിറക്കിയേ മതിയാകൂ.

ടി-സീരീസിന്റേത് ലോകത്തിലെ ഏറ്റവും വലിയ യൂട്യൂബ് ചാനലാണ്. എല്ലാ തരം പ്രേക്ഷകരെയും ഈ സിനിമയ്ക്ക് ആവശ്യമാണ്. ഈ പ്രതികരണങ്ങളിൽ എനിക്ക് അതിശയം ഒന്നും തോന്നിയില്ല. ചെറിയ സ്‌ക്രീനിനായി നിർമ്മിച്ചതല്ല സിനിമ, ബിഗ് സ്‌ക്രീനിനായി നിർമ്മിച്ചതാണ് ഓം റാവത്ത് പറഞ്ഞു. മൊബൈൽ ഫോണിൽ കാണുമ്പോൾ പൂർണതയിൽ എത്തുകയില്ല. ത്രീഡിയിൽ കാണുമ്പോൾ ചിത്രത്തിന്റെ മൂല്യം മനസ്സിലാകുമെന്നും അദ്ദേഹം പറഞ്ഞു.

രണ്ട് ദിവസങ്ങൾക്ക് മുമ്പാണ് ആദിപുരുഷിന്റെ ടീസർ റിലീസ് ചെയ്തത്. വൻ ആഘോഷത്തോടെ പുറത്തിറക്കിയ ടീസർ പക്ഷേ പ്രേക്ഷകർക്ക് നിരാശയാണ് സമ്മാനിച്ചത്. പിന്നാലെ സമൂഹമാധ്യമങ്ങളിൽ ട്രോളുകളും നിറയുകയായിരുന്നു.ചിത്രം അടുത്ത വർഷം ജനുവരി 12ന് തിയറ്ററുകളിൽ എത്തും. സീതയായി കൃതി സനോണും രാവണനായി സെയ്ഫ് അലി ഖാനും വേഷമിടുന്നുണ്ട്. ശ്രീരാമനായാണ് പ്രഭാസ് എത്തുന്നത്.

ടി സിരീസ്, റെട്രോഫൈൽസ് എന്നീ ബാനറുകളിൽ ഭൂഷൺ കുമാർ, കൃഷൻ കുമാർ, ഓം റാവത്ത്, പ്രസാദ് സുതാർ, രാജേഷ് നായർ എന്നിവർ ചേർന്നാണ് നിർമ്മാണം. സണ്ണി സിങ്, ദേവ്ദത്ത നാഗെ, വൽസൽ ഷേത്ത്, സോണൽ ചൗഹാൻ, തൃപ്തി തൊറാഡ്മൽ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നത്.