മുംബൈ: ബോളിവുഡ് താരം ആമിർ ഖാനെതിരെ ഗുരുതര ആരോപണവുമായി സഹോദരനും നടനുമായ ഫൈസൽ ഖാൻ. തന്നെ മാനസിക രോഗിയാക്കി ചിത്രീകരിച്ചു വീട്ടു തടങ്കലിൽ ആക്കിയെന്നാണ് ഫൈസൽ ആരോപിച്ചത്. തന്റെ മേലുള്ള അധികാരം നേടിയെടുക്കാൻ ആമിർ ശ്രമിച്ചു. അവസാനം ഭ്രാന്തില്ലെന്നു തെളിയിക്കാൻ കോടതിയിൽ പോകേണ്ടതായി വന്നെന്നും ഫൈസൽ പറഞ്ഞു.

'ജീവിതത്തിൽ ഞാൻ കടുത്ത പ്രതിസന്ധികളിലൂടെ കടന്നുപോയ കാലമുണ്ടായിരുന്നു. ഒരു ദിവസം ആമിർ വിളിച്ചിട്ടു പറഞ്ഞു എനിക്ക് ഭ്രാന്തായതിനാൽ സ്വന്തം കാര്യം നോക്കാൻ ആകില്ലെന്നും അതിനാൽ എന്റെ സിഗ്‌നേറ്ററി റൈറ്റ്സ് (വ്യക്തിഗത അവകാശം) അദ്ദേഹത്തിനു നൽകണമെന്ന്. അതിനാൽ ഒരു ജഡ്ജിനു മുന്നിൽ തനിക്ക് സ്വന്തം കാര്യങ്ങൾ നോക്കാനുള്ള കഴിവില്ലാത്തവനാണെന്നു പറയണമെന്നും ആവശ്യപ്പെട്ടു. അങ്ങനെയാണ് വീട്ടിൽ നിന്ന് ഇറങ്ങാൻ ഞാൻ തീരുമാനിച്ചത്.- ഫൈസൽ പറഞ്ഞു.

എന്നെ ഭ്രാന്തനായി ചിത്രീകരിച്ചതിനാൽ കുടുംബത്തോട് ഞാൻ അകലം പാലിച്ചു. അവർ എന്നെ വീട്ടു തടങ്കലിലാക്കി. മരുന്നു തരാൻ തുടങ്ങി. എന്റെ ഫോൺ എടുത്തുമാറ്റി. ആമിർ സാഹിബ് എന്നെ നോക്കാനായി കാവൽക്കാരെ നിർത്തി. ലോകത്തിൽ നിന്ന് പൂർണമായി ഞാൻ മുറിച്ചുമാറ്റപ്പെട്ടു. കുറച്ചു ദിവസങ്ങൾക്കുശേഷം ഞാൻ പ്രതിഷേധിച്ചു.

ഞാൻ വീടു ഉപേക്ഷിച്ചു. പൊലീസുകാരനായ സുഹൃത്തിന്റെ അടുത്തേക്കാണ് പോയത്. സർക്കാർ ആശുപത്രിയിൽ പരിശോധനയ്ക്ക് വിധേയനായി. അവസാനം ഞാൻ ജയിച്ചു. മാനസികവെല്ലുവിളി നേരിടുന്നയാളല്ലെന്ന് കോടതി വിധിപറഞ്ഞു. പിതാവാണ് പിന്തുണയുമായി ഒപ്പമുണ്ടായിരുന്നത്. എന്റെ സംരക്ഷണം ആവശ്യപ്പെട്ടാണ് ആമിർ കോടതിയെ സമീപിച്ചത്. പ്രായപൂർത്തിയായ എന്നെ നോക്കാൻ എനിക്കറിയാമെന്ന് കോടതിയോട് പറഞ്ഞു. കോടതി ഈ വാദം അംഗീകരിച്ചു.- ഫൈസൽ കൂട്ടിച്ചേർത്തു.

കോടതിയിൽ ആമിർ തന്റെ കസ്റ്റഡി ആവശ്യപ്പെട്ടു. ആ സമയത്ത് തന്റെ അച്ഛനാണ് തന്നെ പിന്തുണച്ചത്. തനിക്ക് 18 വയസിനു മുകളിൽ പ്രായമുണ്ടായിരുന്നെന്നും തന്നെ നോക്കാൻ തനിക്കാവുമായിരുന്നെന്നും ഫൈസൽ പറഞ്ഞു.