- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'എന്താണ് യുവജന കമ്മീഷന്റെ യഥാർത്ഥ ജോലി? പരിഹരിച്ച യുവജന പ്രശ്‌നങ്ങൾ ഏതൊക്കെ? കമ്മീഷന്റെ കസേര കൈക്കലാക്കാൻ വേണ്ട യോഗ്യതകൾ എന്തെല്ലാം?'; വിവാദങ്ങൾക്കിടെ പത്ത് ചോദ്യങ്ങളുമായി ജോയ് മാത്യു
തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മിഷൻ ചെയർപഴ്‌സൻ ചിന്ത ജെറോമിന്റെ ഒരു വർഷത്തെ ശമ്പളം മുൻകാല പ്രാബല്യത്തോടെ വർധിപ്പിച്ചു നൽകാൻ ധനവകുപ്പ് അനുമതി നൽകിയതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ യുവജന കമ്മീഷനുമായി ബന്ധപ്പെട്ട് അടുത്ത പി,എസ്.സി പരീക്ഷയ്ക്ക് ചോദിക്കാനിടയുള്ള പത്ത് ചോദ്യങ്ങൾ പങ്കുവെച്ചിരിക്കുകയാണ് നടനും തിരക്കഥാകൃത്തുമായ ജോയ് മാത്യു.
യുവജന കമ്മീഷൻ ചെയർപഴ്‌സന്റെ ശമ്പളം 50000 രൂപയിൽ നിന്നും ഒരു ലക്ഷം രൂപയാക്കിയാണ് വർദ്ധിപ്പിച്ചിട്ടുള്ളത്.2016ൽ ചുമതല ഏറ്റെടുക്കുമ്പോൾ ശമ്പളം 50,000 രൂപയായിരുന്നു. ഇത് 2018 ൽ ഒരു ലക്ഷമാക്കി.2017 ലെ ശമ്പളത്തിനാണ് സർക്കാർ മുൻകാല പ്രാബല്യം അനുവദിച്ചിരിക്കുന്നത്.
സർക്കാർ നടപടിയെ വിമർശിച്ച് പ്രതിപക്ഷ പാർട്ടികളടക്കം രംഗത്ത് വന്നതോടെ ശബള വിവാദവുമായി ബന്ധപ്പെട്ട ചർച്ചകൾ സമൂഹമാധ്യമങ്ങളിൽ ഉയർന്നിരുന്നു. ഇതിനിടെയാണ് വിഷയത്തിൽ സർക്കാരിനെ പരിഹസിച്ച് ജോയ് മാത്യ വീണ്ടും രംഗത്ത് വന്നത്. ''ഗ്രേസ് മാർക്കിന് വേണ്ടിയും ഗ്രേഡുകൾക്ക് വേണ്ടിയും ധന-സമയ-ഊർജങ്ങൾ നഷ്ടപ്പെടുത്തുന്ന കുട്ടികൾ യുവജന കമ്മിഷൻ പദവി ലക്ഷ്യം വയ്ക്കൂ'' എന്ന് അദ്ദേഹം നേരത്തെ ഫേസ്‌ബുക്കിൽ കുറിച്ചിരുന്നു.
പരീക്ഷ സഹായി എന്ന തലക്കെട്ടോടെയാണ് ചോദ്യങ്ങൾ ഉൾപ്പെട്ട കുറിപ്പ് പങ്കുവച്ചത്.
1.കേരളത്തിലെ യുവജന കമ്മീഷൻ ആരംഭിച്ച വർഷം ?
2.യു.കമ്മീഷന്റെ ഉദ്ദേശ ലക്ഷ്യങ്ങൾ എന്തൊക്കെ ?
3.യു.കമ്മീഷന്റെ ആദ്യത്തെ കസേരക്കാരൻ /കാരി (ചെയർ പേഴ്സൺ )ആരാണ് ?
4.ഇപ്പോഴത്തെ കസേരക്കാരൻ /കാരി ആരാണ് ?
5.യു കമ്മീഷന്റെ കസേരക്കാരൻ /കാരിയുടെ ശമ്പളം എത്ര ?
6. യു കമ്മീഷന്റെ കസേരക്കാരൻ /കാരിക്ക് ചട്ടപ്പടി എത്ര ശമ്പളത്തിന് അർഹതയുണ്ട് ?
7.യു .കമ്മീഷൻ കസേരക്കാരന് /കാരിക്ക് ലഭിക്കുന്ന മറ്റു ആനുകൂല്യങ്ങൾ എന്തൊക്കെയാണ് ?
8.എന്താണ് യു.കമ്മീഷന്റെ യഥാർത്ഥ ജോലി ?
9. യു.കമ്മീഷൻ ഇടപെട്ട് പരിഹരിച്ച യുവജന പ്രശ്‌നങ്ങൾ ഏതൊക്കെ?
10.യു .കമ്മീഷന്റെ കസേര കൈക്കലാക്കാൻ വേണ്ട യോഗ്യതകൾ എന്തെല്ലാം ?
എന്നിവയാണ് ജോയ് മാത്യു പങ്കുവെച്ച ചോദ്യങ്ങൾ. ശാസ്ത്രീയമായി ജോലി ചെയ്ത് പിരിഞ്ഞ ഡോക്ടർമാർക്കും ഉത്തരമെഴുതി അയക്കാം -ശരിയുത്തരം അയക്കുന്നവർക്ക് പി എസ് സി പരീക്ഷാസഹായി കൈപ്പുസ്തകം സമ്മാനമായി നൽകുമെന്നും ജോയ് മാത്യു കുറിച്ചു. യുവജന കമ്മീഷൻ അധ്യക്ഷയ്ക്ക് ഒരു വർഷത്തെ മുൻകാല പ്രാബല്യത്തോടെ ശബളം വർദ്ധിപ്പിച്ച സർക്കാർ നടപടിയെ പരിഹസിച്ച് ജോയ് മാത്യു നേരത്തെ രംഗത്തെത്തിയിരുന്നു.
'ഗ്രേസ് മാർക്കിന് വേണ്ടിയും ഗ്രേഡ് കൾക്ക് വേണ്ടിയും ധന-സമയ-ഊർജങ്ങൾ നഷ്ടപ്പെടുത്തുന്ന കുട്ടികൾ യുവജനകമ്മീഷൻ പദവി ലക്ഷ്യം വെക്കണമെന്നും, ഇതിലൂടെ ശോഭനമായ ഭാവി സ്വന്തമാക്കണെന്നും ജോയ് മാത്യു ഫേസ്‌ബുക്കിൽ കുറിച്ചു. പ്രാണരക്ഷാർഥം വിദേശത്തേക്ക് മണ്ടുന്ന കുട്ടികളും ഇത് ഓർമയിൽ വെക്കുന്നത് നല്ലതാണെന്നും ജോയ് മാത്യു കുറിപ്പിൽ പറയുന്നു.
അതേസമയം, ശമ്പള വർധനവ് ആവശ്യപ്പെട്ട് സർക്കാരിന് കത്ത് നൽകിയിട്ടില്ലെന്ന് യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോം പറഞ്ഞു.37 ലക്ഷം രൂപ ശമ്പള കുടിശിക ലഭിക്കുമെന്നാണ് മറ്റൊരു പ്രചാരണം. ഇത് അടിസ്ഥാനരഹിതമാണ്. ഇത്രയും വലിയ തുക കയ്യിൽ വന്നാൽ തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാകും നൽകുകയെന്ന് ചിന്ത പറഞ്ഞു.2018 മുതൽ ഒരു ലക്ഷം രൂപ ശമ്പളം വാങ്ങി വരുന്നു. അതിന് മുൻപുള്ള കാലഘട്ടത്തിൽ അഡ്വാൻസ് തുകയായി 50000 രൂപ ലഭിച്ചിരുന്നു. ഇത് ക്രമപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. യുവജന കമീഷന് അംഗീകരിച്ചുവന്ന തുകയല്ലാതെ നാളിതുവരെ ഒരു രൂപ കൈപ്പറ്റിയിട്ടില്ലെന്ന് ചിന്ത പറഞ്ഞു. കുടിശിക ആവശ്യപ്പെട്ട് കോടതിയിൽ പോയെന്നത് തെറ്റായ വാർത്തയാണെന്നും ചിന്ത വ്യക്തമാക്കി.
ന്യൂസ് ഡെസ്ക്