ഹൈദരാബാദ്: തെലുങ്ക് സൂപ്പർ താരം മഹേഷ് ബാബുവിന്റെ സഹോദരനും നടനുമായ നരേഷും നടി പവിത്ര ലോകേഷും വിവാഹിതരാകുന്നു. വീഡിയോ സന്ദേശത്തിലൂടേയാണ് ഇരുവരും സന്തോഷവാർത്ത പങ്കുവെച്ചത്. 2023-ൽ വിവാഹിതരാകുമെന്ന് വ്യക്തമാക്കിയ നരേഷും പവിത്രയും പരസ്പരം സ്നേഹചുംബനം നൽകുന്നതും വീഡിയോയിൽ കാണാം.

'പുതുവർഷത്തിൽ പുത്തൻ തുടക്കം, എല്ലാവരുടെയും അനുഗ്രഹം വേണം' എന്ന് പറഞ്ഞ് ഒരു വീഡിയോ സാമൂഹ്യ മാധ്യമത്തിൽ പങ്കുവെച്ചിരിക്കുകയാണ് നരേഷ്. കേക്ക് മുറിച്ച് പരസ്പരം കൈമാറുന്നതും ഒടുവിൽ ഇരുവരും ചുംബിക്കുന്നതുമാണ് വീഡിയോയിലുള്ളത്. വിവാഹം ഉടനെ നടക്കും എന്നും വീഡിയോയിൽ എഴുതി കാണിക്കുന്നു. നരേഷും പവിത്ര ലോകേഷും കുറച്ചു കാലമായി ലിവ് - ഇൻ റിലേഷൻഷിപ്പിലായിരുന്നു.

62-കാരനായ നരേഷിന്റെ നാലാം വിവാഹമാണിത്. 43-കാരിയായ പവിത്രയുടെ രണ്ടാം വിവാഹവും. ഇരുവരും ദീർഘനാളായി പ്രണയത്തിലായിരുന്നു. നേരത്തെ ഇരുവരുടേയും പ്രണയത്തെ ചൊല്ലി വിവാദങ്ങളുണ്ടായിരുന്നു. മൈസൂരുവിലെ ഒരു ഹോട്ടലിൽ വെച്ച് നരേഷിന്റെ ഭാര്യ രമ്യാ രഘുപതി ഇരുവരേയും ചെരിപ്പൂരി തല്ലാൻ ശ്രമിച്ചിരുന്നു.

പൊലീസ് ഇടപെട്ടാണ് രമ്യയെ പിന്തിരിപ്പിച്ചത്. ഇതിനിടയിൽ നരേഷും പവിത്രയും വിവാഹിതരായി എന്ന തരത്തിൽ റിപ്പോർട്ടുകളും പുറത്തുവന്നു. എന്നാൽ ഇതെല്ലാം നിഷേധിച്ച് നരേഷ് രംഗത്തെത്തി. താൻ വിവാഹമോചന നോട്ടീസ് അയച്ചതിന് രമ്യ പ്രതികാരം ചെയ്യുകയാണെന്നും നരേഷ് ആരോപിച്ചിരുന്നു.

ഡാൻസ് മാസ്റ്റർ ശ്രീനുവായിരുന്നു നരേഷിന്റെ ആദ്യ ഭാര്യ, നവീൻ വിജയകൃഷ്ണ എന്ന ഒരു മകനുമുണ്ട് ശ്രീനുവായുള്ള ബന്ധത്തിൽ. രേഖ സുപ്രിയയാണ് രണ്ടാം ഭാര്യ. തേജ എന്ന മകനും ഇവർക്കുണ്ട്. രണ്ടാം ഭാര്യയുമായുള്ള ബന്ധം വേർപെടുത്തിയ ശേഷം രമ്യ രഘുപതിയെ വിവാഹം കഴിച്ചു. ഈ ബന്ധത്തിലും ഒരു മകനുണ്ട്.

നടി വിജയ് നിർമലയുടെയും കെ എസ് മൂർത്തിയുടെയും മകനായ നരേഷ് ബാലതാരമായിട്ടാണ് വെള്ളിത്തിരയിലെത്തിയത്. ബിജെപി നേതാവുമായ നരേഷ് ഇരുന്നൂറോളം സിനിമകളിൽ വേഷമിട്ടിട്ടുണ്ട്. ടെലിവിഷനിലും സജീവ സാന്നിദ്ധ്യമാണ് നരേഷ്.

കന്നഡ നടൻ മൈസൂർ ലോകേഷിന്റെ മകളാണ് പവിത്ര. കന്നഡ നടൻ ആദി ലോകേഷ് പവിത്രയുടെ സഹോദരനാണ്. കന്നഡയിലും തെലുങ്കിലുമായി ഒട്ടേറെ മികച്ച സിനിമകളിൽ വേഷമിട്ട നടിയാണ് പവിത്ര ലോകേഷ്. സോഫ്റ്റ്‌വെയർ എഞ്ചിനീയറായ ആദ്യ ഭർത്താവിൽ നിന്ന് പവിത്ര ലോകേഷ് വിവാഹ മോചനം നേടിയിരുന്നു. തുടർന്ന് നടൻ സുചേന്ദ്ര പ്രസാദുമായി പ്രണയത്തിലാകുകയും വേർപിരിയുകയും ചെയ്തു. ഈ ബന്ധം അവസാനിപ്പിച്ചതിനു ശേഷമാണ് പവിത്ര ലോകേഷ് നരേഷുമായി ലിവ് ഇൻ റിലേഷനിലാകുന്നതും അത് വിവാഹത്തിലേക്ക് എത്തുന്നതും.