ചെന്നൈ:തമിഴ് സിനിമാ ലോകത്ത് നർമ്മപ്രാധാന്യമുള്ള റോളുകളിലൂടെ താരമായി മാറിയ നടനാണ് സന്താനം.തമിഴകത്ത് കോമഡി താരമെന്ന നിലയിൽ തന്റേതായ ഇടം കണ്ടെത്താനും ചുരുങ്ങിയ സിനിമകൾ കൊണ്ട് തന്നെ നടന് കഴിഞ്ഞിട്ടുണ്ട്.എന്നാൽ ഇപ്പോഴിതാ ഒരു കടുവയെ കളിപ്പിക്കുന്ന വീഡിയോയിലൂടെയാണ് സന്താനം വാർത്തകളിൽ ഇടം നേടുന്നത്.സന്താനം തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.ഇതിന് പിന്നാലെ ധാരാളം വിമർശനങ്ങളും സന്താനത്തിന് നേരെ ഉയരുന്നുണ്ട്.

കഴിഞ്ഞ ദിവസമാണ് സന്താനം കടുവയുടെ വാലിൽ പിടിക്കുന്ന വീഡിയോ പുറത്തുവന്നത്. സന്താനം തന്നെയാണ് ഈ വീഡിയോ തന്റെ ട്വിറ്റർ അക്കൗണ്ടിഡിലൂടെ ഷെയർ ചെയ്തത്.'ഇതിന്റെ പേരാണ് പുലിവാൽ പിടിക്കുന്നത്' എന്ന തലക്കെട്ടോടെയാണ് വീഡിയോ അദ്ദേഹം പോസ്റ്റ് ചെയ്തത്.എന്നാൽ വീഡിയോ ഷെയർ ചെയ്തതിന് പിന്നാലെ ശരിക്കും പുലിവാല് പിടിച്ചിരിക്കുകയാണ് താരം. നിരവധി പേരാണ് താരത്തെ വിമർശിച്ചുകൊണ്ട് കമന്റുകൾ ചെയ്തത്. മൃഗങ്ങളോടുള്ള ക്രൂരതയെ നടൻ പ്രോത്സാഹിപ്പിക്കുകയാണെന്നും ആരാധകർക്ക് തെറ്റായ സന്ദേശം ആണ് നടൻ നൽകുന്നതെന്നും ആളുകൾ വിമർശിച്ചു. എന്നാൽ ഇതുവരെ വീഡിയോ പിൻവലിക്കാൻ സന്താനം തയ്യാറായിട്ടില്ല.

 

അതേസമയം സന്താനം നായകനായ ചിത്രം 'സഭാപതി' അടുത്തിടെ ആണ് പ്രദർശനത്തിനെത്തിയത്. ചിത്രത്തിന്റെ ഒരു ഡിലീറ്റഡ് സീനും അടുത്തിടെ പുറത്തുവന്നിരുന്നു. സന്താനമടക്കമുള്ള തമിഴ് താരങ്ങൾ തന്നെയാണ് വീഡിയോ പങ്കുവച്ചത്. ശ്രീനിവാസ റാവുവാണ് ചിത്രം സംവിധാനം ചെയ്തത്. 'സഭാപതി' എന്ന ചിത്രവും കോമഡി പാറ്റേണിൽ തന്നെയുള്ളതാണ്. സന്താനം നായകനാകുന്ന ചിത്രം ഒട്ടേറെ രസകരമായ മുഹൂർത്തങ്ങളുള്ളതാണെന്ന് ട്രെയിലർ തന്നെ വ്യക്തമാക്കിയിരുന്നു. ഭാസ്‌കർ അറുമുഖമാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിച്ചത്. ലിയോ ജോൺ പോൾ ചിത്രത്തിന്റെ ചിത്ര സംയോജകൻ. സി രമേഷ് കുമാറാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.