- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'എന്റെ ജീവിതത്തിൽ ഒരുപാട് പ്രാധാന്യമുള്ള ദിവസം; എല്ലാ മകരവിളക്ക് ദിനങ്ങളും ഓരോ നാഴികക്കല്ലുകളായി മാറട്ടെ'; മാളികപ്പുറത്തിന്റെ വിജയത്തിൽ നന്ദി പറയാൻ ശബരിമലയിലെത്തി ഉണ്ണി മുകുന്ദൻ
പത്തനംതിട്ട: മികച്ച കളക്ഷനുമായി തിയറ്ററുകളിൽ സൂപ്പർ ഹിറ്റായി മാളികപ്പുറം മുന്നേറുന്നതിനിടെ ശബരിമല സന്ദർശിച്ച് നടൻ ഉണ്ണി മുകുന്ദൻ. സിനിമയുടെ വിജയത്തിന് അയ്യപ്പനോട് നന്ദി പറയാനാണ് എത്തിയതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആദരവ് ഏറ്റുവാങ്ങുന്നതിനും കൂടിയാണ് താരം സന്നിധാനത്ത് എത്തിയത്.
വിഷ്ണു ശശി ശങ്കറിന്റെ സംവിധാനത്തിൽ ഉണ്ണി മുകുന്ദനും ബാലതാരങ്ങളും മറ്റ് അഭിനേതാക്കളും തകർത്താടിയ ചിത്രം പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. ഇതിനോടകം ചിത്രം 25 കോടിയും പിന്നിട്ട് ജൈത്രയാത്ര തുടരുകയാണ്. സിനിമയുടെ വിജയത്തിൽ നന്ദി അറിയിക്കാനാണ് ഉണ്ണി ശബരിമലയിൽ എത്തിയത്. ഇതിന് പിന്നാലെ നടൻ പങ്കുവച്ച പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.
ജനുവരി 14 എന്ന ദിവസത്തിന് തന്റെ ജീവിതത്തിൽ ഒരുപാട് പ്രാധാന്യം ഉണ്ടെന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞു. ആദ്യമായി ഒരു സിനിമയിൽ അഭിനയിക്കാനായി ക്യാമറയ്ക്ക് മുന്നിൽ നിന്നത് ഒരു ജനുവരി 14 ന് ആയിരുന്നു. അതുപോലെ തന്റെ അഭിനയജീവിതത്തിൽ വഴിത്തിരിവുണ്ടാക്കിയ മേപ്പടിയാൻ റിലീസ് ആയതും ജനുവരി 14 ന് ആയിരുന്നു. ഇന്ന് സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ വിജയം നേടി മാളികപ്പുറം മുന്നോട്ടുപോവുകയാണെന്നും അദ്ദേഹം പറഞ്ഞു.
സിനിമയിൽ അയ്യപ്പനായി അഭിനയിക്കാനുള്ള ഭാ?ഗ്യമുണ്ടായി. ഈ സിനിമ ഇത്രയും വലിയ വിജയമാക്കി മാറ്റിയതിന് അയ്യപ്പനോട് നന്ദി പറയാനാണ് ഞാൻ വന്നിരിക്കുന്നത്. ഇനി ഇങ്ങനെയൊരു അവസരം കിട്ടുമോയെന്ന് അറിയില്ല. ഈ ചിത്രം വലിയ വിജയമാക്കിയതിന് എന്റെ ടീമിനോടും കേരളത്തിലെ എല്ലാ കുടുംബങ്ങൾക്കും നന്ദി പറയുന്നു. കേരളത്തിന് പുറത്ത് സിനിമ ഇപ്പോൾ റീലീസ് ചെയ്തിട്ടുണ്ട്. അവർക്കും ഇഷ്ടപ്പെടുന്നുണ്ടെന്നാണ് അറിയുന്നത്. അവരോടും നന്ദി പറയുന്നു. ഉണ്ണി മുകുന്ദൻ പറഞ്ഞു.
സൈജുകുറുപ്പ്,രമേഷ് പിഷാരടി,ടി.ജി.രവി തുടങ്ങിയവർക്കൊപ്പം ബാലതാരങ്ങളായ ദേവനന്ദന,ശ്രീപദ് യാൻ എന്നിവരുടെ പ്രകടനവും പ്രേക്ഷകപ്രശംസനേടുന്നു. നവാ?ഗതനായ വിഷ്ണു ശശി ശങ്കറാണ് മാളികപ്പുറം സംവിധാനം ചെയ്തത്. അഭിലാഷ് പിള്ളയുടേതാണ് തിരക്കഥ. കാവ്യ ഫിലിം കമ്പനി, ആൻ മെ?ഗാ മീഡിയ എന്നിവയുടെ ബാനറിൽ പ്രിയ വേണു, നീറ്റ പിന്റോ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ഉണ്ണി മുകുന്ദന്റെ വാക്കുകൾ ഇങ്ങനെ
നമസ്കാരം, ഇന്ന് ജനുവരി 14. ഈ ദിവസത്തിന് എന്റെ ജീവിതത്തിൽ ഒരുപാട് പ്രാധാന്യം ഉണ്ട്. ഞാൻ ആദ്യമായി ഒരു സിനിമയിൽ അഭിനയിക്കാനായി ക്യാമറയ്ക്ക് മുന്നിൽ നിന്നത് ഒരു ജനുവരി 14 ന് ആയിരുന്നു. അതുപോലെ എന്റെ ആദ്യ നിർമ്മാണ സംരംഭം എന്ന നിലയിലും ഒരു ആക്ടർ എന്ന തരത്തിൽ എനിക്ക് ഒരു നാഴികകല്ലായും, നിരവധി അവാർഡുകളടക്കം കരസ്ഥമാക്കുന്നതിനും കാരണമായി മാറിയ നിങ്ങൾ നെഞ്ചിലേറ്റി വിജയിപ്പിച്ച മേപ്പടിയാൻ റിലീസ് ആയതും കഴിഞ്ഞ ജനുവരി 14 ന് ആയിരുന്നു. വീണ്ടും ഒരു ജനുവരി 14 മകരവിളക്ക് ദിനത്തിൽ എന്റെ കരിയറിലെ ഏറ്റവും വലിയ ബ്ലോക്ക് ബസ്റ്റർ ആയി തിയേറ്ററിൽ ഓടിക്കൊണ്ടിരിക്കുന്ന മാളികപ്പുറത്തിന്റെ വിജയത്തിന് നന്ദി പറയാനും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആദരവ് ഏറ്റുവാങ്ങാനുമായി ഞാൻ സന്നിധാനത്ത് അയ്യന്റെ അടുത്താണ് ഉള്ളത്.
മേപ്പടിയാനിൽ ഒരു അയ്യപ്പ ഭക്തിഗാനം പാടാനുള്ള സൗഭാഗ്യം തേടിയെത്തിയപ്പോൾ പിന്നീട് എന്നെ തേടിയെത്തിയത് അയ്യപ്പനായി തന്നെ അഭിനയിക്കാനുള്ള നിയോഗമായിരുന്നു. ഇനിയുള്ള എല്ലാ മകരവിളക്ക് ദിനങ്ങളും എന്റെ ജീവിതത്തിലെ ഓരോ നാഴികക്കല്ലുകളായി മാറട്ടെ എന്ന് മാത്രം ഞാൻ അയ്യപ്പസ്വാമിയോട് പ്രാർത്ഥിക്കുന്നു.
മറുനാടന് മലയാളി ബ്യൂറോ