- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഈ കട്ടൗട്ടുകളുടെ വാർത്ത ഒളിമ്പിക്സ് വെബ്സൈറ്റിൽ വരെയുണ്ട്; അത് കേരളത്തിന് അഭിമാനമല്ലേ; ആ സന്തോഷം ഇല്ലാതാക്കരുത്; അത് സ്ഥാപിച്ച ആരാധകർക്ക് നന്ദി'; പുള്ളാവൂർ പുഴയിലെ മെസി, നെയ്മർ കട്ടൗട്ടിന് കട്ട സപ്പോർട്ടുമായി നടി രഞ്ജിനി
കോഴിക്കോട്: ഖത്തർ ലോകകപ്പിനെ വരവേൽക്കാൻ ഫുട്‌ബോൾ ആരാധകർ ഒരുങ്ങവെ ചാത്തമംഗലം പുള്ളാവൂർ പുഴയിൽ സ്ഥാപിച്ച മെസിയുടെയും നെയ്മറിന്റെയും കട്ടൗട്ടുകൾ നീക്കം ചെയ്യണമെന്ന നിർദ്ദേശത്തെ വിമർശിച്ച് നടി രഞ്ജിനി. ഈ കട്ടൗട്ടുകളുടെ വാർത്ത ഒളിമ്പിക്സ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അത് കേരളത്തിന് അഭിമാനമല്ലേയെന്ന് രഞ്ജിനി ചോദിക്കുന്നു. ഈ സന്തോഷം ഇല്ലാതാക്കരുതെന്നും നടി അധികൃതരോട് അഭ്യർത്ഥിക്കുന്നു. കോഴിക്കോട് ജില്ലാ കലക്ടറോടും മേയറോടുമാണ് നടി ഫേസ്‌ബുക്കിലൂടെ അഭ്യർത്ഥന നടത്തിയത്.
'പുള്ളാവൂർ പുഴയിൽ സ്ഥാപിച്ച ഫുട്‌ബോൾ സൂപ്പർതാരങ്ങളായ മെസ്സിയുടെയും നെയ്മറിന്റെയും കട്ടൗട്ടുകൾ എടുത്തു മാറ്റരുതെന്ന് കോഴിക്കോട് ജില്ലാ കളക്ടറിനോടും മേയറോടും അഭ്യർത്ഥിക്കുകയാണ്. ലോകം മുഴുവൻ വരാനിരിക്കുന്ന ലോകകപ്പിന്റെ ആഹ്ലാദത്തിലാണ്. ഈ കട്ടൗട്ടുകൾ കേരളത്തെ ഭൂപടത്തിൽ ഉൾപ്പെടുത്തിയ ലോക വാർത്ത സൃഷ്ടിച്ചു... അത് സ്ഥാപിച്ച ആരാധകർക്ക് നന്ദി. എല്ലാ നാല് വർഷവും അരങ്ങേറുന്ന ഈ ലോകോത്തര ഇവന്റ് ഞങ്ങൾ ആഘോഷിക്കട്ടെ. കട്ടൗട്ടുകൾ എടുത്തുമാറ്റി ആ സന്തോഷം ഇല്ലാതാക്കരുതെന്ന് പുള്ളാവൂർ പഞ്ചായത്തിലെ ഉദ്യോഗസ്ഥരോട് ഞാൻ അഭ്യർത്ഥിക്കുകയാണ്. ഈ വാർത്ത ഒളിമ്പിക്സ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.... ഇത് കേരളത്തിന് അഭിമാനമല്ലേ?', എന്നാണ് രഞ്ജിനി ഫേസ്‌ബുക്കിൽ കുറിച്ചത്.
ചാത്തമംഗലം പഞ്ചായത്ത് സെക്രട്ടറിയാണ് അർജന്റീനയുടേയും ബ്രസീലിന്റേയും ആരാധകരോട് കട്ടൗട്ടുകൾ എടുത്തുമാറ്റാൻ നിർദ്ദേശം നൽകിയിരിക്കുന്നത്. ഭീമൻ കട്ടൗട്ടുകൾ പുഴയുടെ സ്വാഭാവിക ഒഴുക്കിനെ തടയുമെന്നാരോപിച്ച് നൽകിയ പരാതിയിലാണ് പഞ്ചായത്തിന്റെ ഇടപെടൽ. അഭിഭാഷകൻ ശ്രീജിത്ത് പെരുമനയാണ് ഫുട്ബോൾ ആരാധകർക്കെതിരെ പരാതി നൽകിയത്. പുഴ മലിനപ്പെടുമെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ശ്രീജിത്ത് പെരുമന പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകിയത്.
ഇതിന് പിന്നാലെയാണ് മെസ്സിയേയും നെയ്മറേയും കരയ്ക്ക് കയറ്റാനുള്ള പഞ്ചായത്ത് സെക്രട്ടറി ഓലിക്കൽ ഗഫൂറിന്റെ ഉത്തരവ്.പുള്ളാവൂർ പുഴയിൽ സ്ഥാപിച്ച 30 അടി പൊക്കമുള്ള മെസ്സിയുടെ കട്ടൗട്ട് അന്താരാഷ്ട്ര കായിക മാധ്യമങ്ങളിലടക്കം വാർത്തയായിരുന്നു. കേരളത്തിലെ ഫുട്ബോൾ പ്രേമത്തിന്റെ തീവ്രത ചൂണ്ടിക്കാണിക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി. അർജന്റീന ആരാധകർ പുഴയുടെ നടുവിലെ തുരുത്തിൽ കട്ടൗട്ട് വെച്ചതിന് പിന്നാലെ ബ്രസീൽ ആരാധകരെത്തി അതിലും വലുപ്പമുള്ള കട്ടൗട്ട് പുഴക്കരയിൽ വെച്ചു. 40 അടി വലുപ്പമുള്ള നെയ്മർ ഫൽക്സ് വന്നതോടെ പുള്ളാവൂരിലെ ഫുട്ബോൾ ഫാൻ ഫൈറ്റിന് കൗതുകമേറി. മന്ത്രിമാർ അടക്കമുള്ള പ്രമുഖർ ചിത്രങ്ങൾ ഷെയർ ചെയ്ത് പ്രതികരിച്ചിരുന്നു.
സൂപ്പർ താരം മെസിയുടെ കൂറ്റൻ കട്ടൗട്ടുകൾ അന്താരാഷ്ട്ര മാധ്യമങ്ങൾ വരെ റിപ്പോർട്ട് ചെയ്തു. ഇതിന് പിന്നാലെ ഇതേ സ്ഥലത്ത് അതിനേക്കാൾ തലപ്പൊക്കത്തിൽ ബ്രസീൽ ആരാധകർ നെയ്മറുടെ കട്ടൗട്ട് സ്ഥാപിച്ചു. മെസിയുടെ കട്ടൗട്ട് 30 അടിയാണെങ്കിൽ നെയ്മറുടേതിന് 40 അടിയാണ് ഉയരം. അതേസമയം, കട്ടൗട്ട് നീക്കം ചെയ്യണമെന്ന നിർദ്ദേശത്തിൽ ഏറെ നിരാശരാണ് ആരാധകർ.
ന്യൂസ് ഡെസ്ക്