കൊച്ചി: കണ്ണൂർ സർവകലാശാലയിലെ പ്രിയാ വർഗീസിന്റെ അസോസിയേറ്റ് പ്രൊഫസർ നിയമനം ഹൈക്കോടതി റദ്ദാക്കിയതിന് പിന്നാലെ പരിഹാസവുമായി അഡ്വ.എ.ജയശങ്കർ. 'സഖാവ് പ്രിയ വർഗീസിനു യോഗ്യത ഇല്ലെങ്കിൽ, കണ്ണൂർ യൂണിവേഴ്‌സിറ്റിയിൽ അസോസ്യേറ്റ് ഫ്രൊഫസറവാൻ വേറെ ആർക്കാണ് യോഖ്യത?' എന്നാണ് ജയശങ്കറിന്റെ ചോദ്യം. ഫേസ്‌ബുക്കിലൂടെയാണ് ജയശങ്കർ സർക്കാരിനെയും ഇടത് സംഘടനകളെയും പരിഹസിച്ച് രംഗത്ത് വന്നത്.

' തോറ്റിട്ടില്ലാ, തോറ്റിട്ടില്ലാ, തോറ്റ ചരിത്രം കേട്ടിട്ടില്ലാ. സഖാവ് പ്രിയ വർഗീസിനു യോഗ്യത ഇല്ലെങ്കിൽ, കണ്ണൂർ യൂണിവേഴ്‌സിറ്റിയിൽ അസോസ്യേറ്റ് പ്രൊഫസറവാൻ വേറെ ആർക്കാണ് യോഖ്യത? ഈ വിധിക്കെതിരെ അപ്പീൽ കൊടുക്കും. വാദിക്കാൻ നരിമാനെ കൊണ്ടുവരും. ഫീസ് കൊടുക്കാൻ ഡിവൈഎഫ്‌ഐ ബക്കറ്റ് പിരിവ് നടത്തും. നാളെ എസ്എഫ്‌ഐ കരിദിനം ആചരിക്കും, ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കോലം കത്തിക്കും. സൂചനയാണിതു സൂചന മാത്രം' - ജയശങ്കർ ഫേസ്‌ബുക്കിൽ കുറിച്ചു.

 

അതേസമയം നിയമനം ഹൈക്കോടതി റദ്ദാക്കിയതിന് പിന്നാലെ വീണ്ടും ഫേസ്‌ബുക്ക് പോസ്റ്റുമായി പ്രിയ വർഗീസ് രംഗത്തെത്തി. യഥാർത്ഥത്തിൽ നടക്കുന്നത് ജോസഫ് സ്‌കറിയയും ഒരു പ്രിയാ വർഗീസും തമ്മിൽ ഒരു അപ്പകഷ്ണത്തിന് വേണ്ടിയുള്ള പോര് മാത്രമാണെന്നാണ് പ്രിയ വർഗീസ് ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചത്. കെ കെ രാഗേഷിനെ പാർട്ടി പുറത്താക്കിയാലോ തങ്ങൾ ബന്ധം അവസാനിപ്പിച്ചാലോ തീരാവുന്ന വിവാദം മാത്രമാണ് ഇപ്പോഴത്തേതെന്നും പ്രിയ പറയുന്നു. ഇപ്പോഴത്തെ തർക്കം നിയമനമോ നിയമന ഉത്തരവോ പോലും സംഭവിച്ചിട്ടില്ലാത്ത റാങ്ക് ലിസ്റ്റിനെ ചൊല്ലിയാണെന്നും ഫേസ്‌ബുക്ക് കുറിപ്പിൽ വിമർശിക്കുന്നു.

നേരത്തേ എൻഎസ്എസ് കോർഡിനേറ്റർ ആയി കുഴിവെട്ടാൻ പോയതിനെ അദ്ധ്യാപന പരിചയമായി കണക്കാക്കാൻ കഴിയില്ലെന്ന സിംഗിൾ ബെഞ്ചിന്റെ പരാമർശനത്തിനെതിരെയും പ്രിയ വിമർശനവുമായി രംഗത്തെത്തിയിരുന്നു. നാഷണൽ സർവീസ് സ്‌കീമിനു വേണ്ടി കുഴിയല്ല, കക്കൂസ് വെട്ടിയെങ്കിലും അഭിമാനം മാത്രമാണെന്നായിരുന്നു പ്രിയ വർഗ്ഗീസ് ഫേസ്‌ബുക്കിൽ കുറിച്ചത്. പിന്നീട് ഈ പോസ്റ്റ് പ്രിയ ഫേസ്‌ബുക്കിൽ നിന്നും പിൻവലിച്ചു.