കൊച്ചി: ഓരോതവണ പ്യൂർ വെജിറ്റേറിയൻ ഹോട്ടലിലെ മസാല ദോശ കഴിക്കുമ്പോഴും ഭരണഘടന പിന്തള്ളപ്പെട്ടുപോവുകയാണെന്ന ഡോ.കെ.അരുൺ കുമാറിന്റെ പരാമർശം ചർച്ചയായിരിക്കുകയാണ്. ഭക്ഷണത്തിലും അയിത്തം കൽപിച്ചുകൊണ്ടാണ് നാം ജീവിക്കുന്നത് എന്നതാണ് ഏറെ രസകരമായ കാര്യമെന്നും അരുൺകുമാർ പറയുന്നു. 24 ന്യൂസ് മുൻ അവതാരകനും കേരള സർവകലാശാല പൊളിറ്റിക്കൽ സയൻസ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറുമാണ് ഡോ. കെ. അരുൺകുമാർ. കൊല്ലം ശാസ്താംകോട്ടയിൽ നടന്ന വിദ്യാഭ്യാസ സെമിനാറിലാണ് പുതിയ പരാമർശം. അരുണിനെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകനായ അഡ്വ.എ.ജയശങ്കർ ഫേസ്‌ബുക്കിൽ കുറിപ്പിട്ടു.

കുറിപ്പ് ഇങ്ങനെ:

പോറ്റി ഹോട്ടലിൽ നിന്ന് ഒരു മസാല ദോശ തിന്നുമ്പോൾ ഭരണഘടനാ മൂല്യങ്ങൾ ഒരടി പുറകോട്ടു പോകുന്നു; ഫിൽറ്റർ കോഫി ഫാസിസത്തെ ഉൽപ്പാദിപ്പിക്കുന്നു. മിലിട്ടറി ഹോട്ടലിൽ നിന്ന് ബീഫ് ബിരിയാണി തിന്നുമ്പോൾ ഭരണഘടന ഉയിർത്തെഴുന്നേൽക്കുന്നു. ബിവറേജസ് ഔട്‌ലെറ്റിൽ ക്യൂ നിന്നു കുപ്പി വാങ്ങുമ്പോൾ മതേതര- ജനാധിപത്യ- നവോത്ഥാന മൂല്യങ്ങൾ പൂത്തു തളിർക്കുന്നു. കാര്യവട്ടത്തെ കേരള സർവകലാശാല ക്യാമ്പസിൽ നിന്ന് അധികം ദൂരെയല്ല പേരൂർക്കട മാനസിക രോഗാശുപത്രി

അരുൺ കുമാറിന്റെ പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങൾ:

'നമ്പൂതിരിയുടെ സദ്യവേണം, ആദിവാസിയുടെ സദ്യവേണ്ട, പോറ്റി ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിക്കണം, പ്യൂർ വെജ് തന്നെ തിരഞ്ഞെടുക്കണം, ഭക്ഷണത്തിലും അയിത്തം കൽപിച്ചുകൊണ്ടാണ് നാം ജീവിക്കുന്നത് എന്നതാണ് ഏറെ രസകരമായ കാര്യം. മാട്രിമോണിയൽ സൈറ്റിൽ മാത്രമല്ല, നല്ല പ്യൂർ വെജിറ്റേറിയൻ ഹോട്ടലിലും നല്ല ഒന്നാന്തരം ജാതീയതയും വംശീയതയും പറയുന്ന ബോധ്യം നമുക്ക് രൂപപ്പെട്ടത്, നമ്മളിൽ നിലനിൽക്കുന്ന ഫ്യൂഡൽ ജന്മി സ്വഭാവത്തിന്റെ ഭരണഘടനാ വിരുദ്ധമായ മാനസിക നിലയുള്ളതുകൊണ്ടാണ്. അവിടെയാണ് ഭരണഘടനയെ നാം തോൽപ്പിക്കുന്നത്. ഓരോ തവണ മസാലദോശ കഴിക്കാൻ പ്യൂർ വെജിറ്റേറിയൻ ഹോട്ടലിലേക്ക് കയറുമ്പോഴും ഒരർത്ഥത്തിൽ ഭരണഘടന പിന്തള്ളപ്പെട്ടുകൊണ്ടിരിക്കുന്നു''.