തിരുവനന്തപുരം: എകെജി സെന്ററിൽ പടക്കം എറിഞ്ഞ കേസിൽ പ്രതിയെ ക്രൈംബ്രാഞ്ച് തിരിച്ചറിഞ്ഞെന്ന പൊലീസ് റിപ്പോർട്ടുകളിൽ ഇടതു സർക്കാരിനെ പരിഹസിച്ച് കെപിസിസി വർക്കിങ് പ്രസിഡനന്റ് ടി സിദ്ദിഖ് എംഎൽഎ. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കേരളത്തിലേക്ക് പ്രവേശിക്കാനിരിക്കെയാണ് പ്രതിയെ തിരിച്ചറിഞ്ഞതെന്നാണ് സിദ്ദിഖിന്റെ പരിഹാസം.

''മാസങ്ങൾക്ക് മുമ്പ് രാഹുൽ ഗാന്ധി വയനാട്ടിൽ വന്നപ്പോൾ എകെജി സെന്ററിനു പടക്കമെറിയുന്നു, ''ആളെ കിട്ടില്ല, സുകുമാര കുറുപ്പ് കേസിനു സമാനമെന്ന് ഇ പി ജയരാജൻ.'' ഭാരത് ജോഡോ യാത്ര തിരുവനന്തപുരത്ത് പ്രവേശിക്കുന്നു, 'ദാ- കെടക്കുന്നു പ്രതി.. ഇത്രയും പേടിയാണോയെന്നും ടി സിദ്ദിഖ് ഫേസ്‌ബുക്ക് പോസ്റ്റിൽ ചോദിക്കുന്നു.

ടി സിദ്ദിഖിന്റെ ഫേസ്‌ബുക്ക് കുറിപ്പ്

മാസങ്ങൾക്ക് മുമ്പ് രാഹുൽ ഗാന്ധി വയനാട്ടിൽ വന്നപ്പോൾ എ കെ ജി സെന്ററിനു പടക്കമെറിയുന്നു, ''ആളെ കിട്ടില്ല, സുകുമാര കുറുപ്പ് കേസിനു സമാനമെന്ന് ഇ പി ജയരാജൻ.'' ഭാരത് ജോഡോ യാത്ര തിരുവനന്തപുരത്ത് പ്രവേശിക്കുന്നു, 'ദാ- കെടക്കുന്നു പ്രതി.. ????ഇങ്ങനെയങ്ങ് പേടിച്ചാലോ..

അതേ സമയം കിട്ടിയോ കിട്ടിയോ ചോദ്യങ്ങൾക്കൊടുവിൽ, എകെജി സെന്റർ ആക്രമണം നടന്ന് രണ്ടു മാസം പിന്നിട്ടുമ്പോഴാണ്, അന്വേഷണം യൂത്ത് കോൺഗ്രസിലേക്കാണ് എത്തിനിൽക്കുന്നതെന്ന ക്രൈംബ്രാഞ്ച് സംഘത്തിന്റെ വിശദീകരണമെത്തുന്നത്. തലസ്ഥാനത്തെ ചില പ്രവർത്തകരിലേക്കാണ് അന്വേഷണം പോകുന്നതെന്ന് വ്യക്തമാക്കുമ്പോഴും, ഇവരുടെ പങ്ക് തെളിയിക്കുന്ന സുപ്രധാന തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും അന്വേഷണ സംഘം വിശദീകരിക്കുന്നു.

കോൺഗ്രസിലെ ഉന്നത നേതാക്കളുമായി അടുത്ത ബന്ധമുള്ള കഴക്കൂട്ടത്തുള്ള ഒരു യൂത്ത് കോൺഗ്രസുകാരനാണ് മുഖ്യ സൂത്രധാരനെന്നാണ് ക്രൈംബ്രാഞ്ചിന്റെ സംശയം. മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളിൽ പ്രതിഷേധമുണ്ടായപ്പോഴും ഈ യൂത്ത് കോൺഗ്രസുകാരൻ വിമാനത്തിലുണ്ടായിരുന്നു.

എന്നാൽ ഗൂഢാലോചനയിൽ തെളിവില്ലാത്തിനാൽ പ്രതിയാക്കിയിരുന്നില്ല. ഇയാളെ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് എകെജി സെന്റർ ആക്രണത്തിലെ പ്രതിയെന്ന സംശയിക്കുന്ന ഒരു ചെറുപ്പക്കാരനിലേക്ക് എത്തിയിരിക്കുന്നത്. സ്‌കൂട്ടറിലെത്തി ബോംബെറിഞ്ഞെന്ന് സംശയിക്കുന്ന മേനംകുളം സ്വദേശിയായ ചെറുപ്പക്കാരെനെ ചോദ്യം ചെയ്തുവെങ്കിലും അയാൾ എല്ലാം നിഷേധിച്ചു.

അക്രമി എത്തിയ മോഡലിലുള്ള സ്‌കൂട്ടർ ഇവരിൽ ഒരാളുടെ ബന്ധുവിനുണ്ട്. എന്നാൽ സംശയങ്ങളല്ലാതെ മൊബൈൽ സിഗ്‌നൽ ഉൾപ്പെടെ പ്രധാന തെളിവുകളൊന്നും ഇവർക്കെതിരെയില്ല. അതുകൊണ്ടുതന്നെ ഇവരെ സംശയിക്കുന്നുവെന്ന വിവരം സ്ഥിരീകരിക്കാൻ അന്വേഷണ ഉദ്യോഗസ്ഥർ തയാറായിട്ടില്ല.

സാഹചര്യ തെളിവുകളും ഫോൺ വിശദാംശങ്ങളുമെല്ലാം പരിശോധിക്കുമ്പോൾ അക്രമത്തിന് പിന്നിൽ ഈ സംഘമെന്ന നിഗമനത്തിലാണ് പൊലീസ്. പക്ഷെ പ്രതിയാക്കാനുള്ള വ്യക്തമായ തെളിവുകളൊന്നും ഇതേവരെ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ലെന്നാണ് വിവരം.