ന്യൂഡൽഹി: റോഡ് സുരക്ഷയെ ആസ്പദമാക്കി ബോളിവുഡ് അക്ഷയ് കുമാർ അഭിനയിച്ച പരസ്യത്തിന് എതിരെ കടുത്ത വിമർശനം. സ്ത്രീധനത്തെ പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കമാണ് പരസ്യത്തിലേതെന്ന വിമർശനമാണ് ഉയരുന്നത്. ഈ പരസ്യം കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി ട്വീറ്റ് ചെയ്തതോടെയാണ് സാമൂഹ്യമാധ്യമങ്ങളിൽ വലിയ ചർച്ചയായത്. കാറിൽ സഞ്ചരിക്കുന്നവർക്ക് എയർബാഗ് നൽകുന്ന സുരക്ഷിതത്വത്തെക്കുറിച്ചാണ് പരസ്യം സംസാരിക്കുന്നത്.

വിവാഹത്തിന് ശേഷം രണ്ട് എയർബാഗുകൾ മാത്രമുള്ള കാറിൽ മകളെ വരനൊപ്പം പറഞ്ഞയച്ചതിന് വധുവിന്റെ പിതാവിനെ പൊലീസ് ഓഫിസറുടെ വേഷം ധരിച്ചെത്തിയ അക്ഷയ് കുമാർ ശകാരിക്കുന്നതാണ് പരസ്യത്തിലുള്ളത്.

''ആറ് എയർബാഗുകളുള്ള വാഹനത്തിൽ യാത്ര ചെയ്ത് ജീവിതം സുരക്ഷിതമാക്കൂ'' എന്ന കുറിപ്പിനൊപ്പം നിതിൻ ഗഡ്കരി ഈ വിഡിയോ ട്വീറ്റ് ചെയ്തു. എന്നാൽ, വധുവിന്റെ പിതാവ് കാർ സമ്മാനമായി നൽകിയെന്നത് സ്ത്രീധനത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് വിമർശനമുയർന്നു. നിരവധി പേർ ഗഡ്കരിയുടെ ട്വീറ്റിനെ വിമർശിച്ച് രംഗത്തെത്തി.

''ഇത് സ്ത്രീധനത്തിന്റെ പരസ്യമാണോ? സ്ത്രീധനം പ്രോത്സാഹിപ്പിക്കുന്നതിന് നികുതിദായകരുടെ പണം ഉപയോഗിക്കുന്നു'' എന്ന് കർണാടക കോൺഗ്രസ് വക്താവ് ലാവണ്യ ബല്ലാൾ ആരോപിച്ചു. ''കേന്ദ്രസർക്കാർ ഔദ്യോഗികമായി സ്ത്രീധനം പ്രോത്സാഹിപ്പിക്കുന്നത് കാണുന്നത് വെറുപ്പുളവാക്കുന്നു'' തൃണമൂൽ കോൺഗ്രസ് ദേശീയ വക്താവ് സാകേത് ഗോഖലെ ട്വീറ്റ് ചെയ്തു.

''ടാറ്റാ സൺസ് മുൻ ചെയർമാൻ സൈറസ് മിസ്ത്രി മരിച്ചത് റോഡിന്റെ ഘടനയുടെ തകരാർ മൂലമാണ്. അപകട സാധ്യതയുള്ള പ്രദേശമാണ് ആ സ്ഥലം. റോഡുകൾ ശരിയാക്കുന്നതിനുപകരം 6 എയർ ബാഗുകൾ (വിലകൂടിയ കാറുകൾ) കാണിച്ച് ഉത്തരവാദിത്തത്തിൽനിന്ന് വ്യതിചലിക്കുന്നതിനുള്ള വിചിത്രമായ മാർഗം'' അദ്ദേഹം കൂട്ടിച്ചേർത്തു.

വിവാഹത്തിന് സ്ത്രീധനമായി വാഹനങ്ങൾ നൽകുന്ന മോശമായ സമ്പ്രദായം രാജ്യത്തുണ്ട്. റോഡ് സുരക്ഷയെക്കുറിച്ചുള്ള സന്ദേശം നൽകുന്ന പരസ്യത്തിൽ അതിനെ ഊട്ടിയുറപ്പിക്കുന്നത് അപലപനീയമാണെന്ന് വിമർശനം ഉയരുന്നു. രാജ്യസഭാ അംഗവും ശിവസേന നേതാവുമായ പ്രിയങ്ക ചതുർവേദിയും പരസ്യത്തെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് രംഗത്ത് വന്നിട്ടുണ്ട്.